ETV Bharat / state

അച്ചടക്ക ലംഘനം; കെപിസിസി സസ്‌പെന്‍ഡ് ചെയ്‌ത ബാബു ജോര്‍ജ് പാര്‍ട്ടി വിട്ടു

author img

By

Published : Apr 19, 2023, 3:47 PM IST

Updated : Apr 19, 2023, 9:05 PM IST

പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്‍റ് ബാബു ജോര്‍ജ് പാര്‍ട്ടി വിട്ടു. നേതാക്കളില്‍ ചിലര്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണെന്ന ആരോപണവുമായി അദ്ദേഹം രംഗത്ത്

pta babugeorge  അച്ചടക്ക ലംഘനം  ബാബു ജോര്‍ജ് പാര്‍ട്ടി വിട്ടു  Babu George left the Congress party  Babu George  പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്‍റ്  ആന്‍റോ ആന്‍റണി എംപി  congress  kerala news updates  latest news in kerala
ബാബു ജോര്‍ജ് പാര്‍ട്ടി വിട്ടു

ബാബു ജോര്‍ജ് മാധ്യമങ്ങളെ കാണുന്നു

പത്തനംതിട്ട: കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്‌ത പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്‍റ് ബാബു ജോര്‍ജ് പാര്‍ട്ടി വിട്ടു. വാര്‍ത്ത സമ്മേളനത്തിലാണ് പാര്‍ട്ടി വിട്ട കാര്യം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ചില നേതാക്കള്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണെന്നും ബാബു ആരോപിച്ചു. തുടര്‍ച്ചയായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച നേതാക്കളുടെ താത്‌പര്യത്തിന് അനുസരിച്ച്‌ പാര്‍ട്ടിയെ കൊണ്ടു പോവുകയാണെന്ന് മാത്രമല്ല ചെറുപ്പക്കാരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നില്ലെന്നതാണ് വാസ്‌തവമെന്നും അദ്ദേഹം പറഞ്ഞു. വേറിട്ട അഭിപ്രായമുള്ളവരെ ഭയപ്പെടുത്തി നിശബ്‌ദരാക്കാന്‍ നോക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി.

ആന്‍റോ ആന്‍റണി എംപിക്കെതിരെയും ആരോപണം: കഴിഞ്ഞ 15 വര്‍ഷമായി പത്തനംതിട്ട മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആന്‍റോ ആന്‍റണി എംപി സ്വന്തം മണ്ഡലത്തിനായി ഒന്നും ചെയ്‌തില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും മത്സരിക്കാനൊരുങ്ങുന്ന എംപി കോണ്‍ഗ്രസ് പാര്‍ട്ടിയെ നശിപ്പിക്കുകയെയുള്ളൂവെന്നും സ്വന്തം കാര്യലാഭത്തിനാണ് ആന്‍റോ ആന്‍റണി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം മത്സരരംഗത്ത് നിന്ന് മാറി നില്‍ക്കണമെന്നും ബാബു ജോര്‍ജ് പറഞ്ഞു.

കോണ്‍ഗ്രസ് പുനഃസംഘടനയെ കുറിച്ചും പ്രതികരണം: കോൺഗ്രസ്‌ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ചേരി പോര് രൂക്ഷമായിരുന്നുവെന്നും ബാബു ജോര്‍ജ് പറഞ്ഞു. ഇതേ തുടര്‍ന്ന് സംസ്ഥാന നേതൃത്വം വിഷയത്തില്‍ ഇടപെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് യോഗത്തിനിടെ വാതില്‍ ചവിട്ടി തുറക്കാനുള്ള ശ്രമവും സസ്‌പെന്‍ഷനും: ഇക്കഴിഞ്ഞ ഫെബ്രുവരി 10നാണ് ബാബു ജോര്‍ജിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്‌തതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. ഫെബ്രുവരി ആറിന് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ നടന്ന പാര്‍ട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തിനിടെ വാതില്‍ ചവിട്ടി തുറക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി ബാബു ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്‌തത്.

ബാബു ജോര്‍ജ് വാതില്‍ ചവിട്ടി തുറക്കാന്‍ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നെങ്കിലും പിന്നീടാണ് നടപടിയെടുത്തത്. കോണ്‍ഗ്രസ് ഐ വിഭാഗം ഗ്രൂപ്പ് കൂടി തന്നെ നശിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടർന്നാണ് കതക് ചവിട്ടി തുറക്കാന്‍ ശ്രമിച്ചതെന്നാണ് ബാബു ജോര്‍ജിന്‍റെ വാദം. കതകില്‍ ചവിട്ടിയ കുറ്റമല്ലാതെ മറ്റൊരു തെറ്റും താന്‍ ചെയ്‌തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സസ്പെൻഷൻ കാലയളവിലും ഡിസിസി നേതൃത്വത്തിനെതിരെ പരസ്യ പ്രസ്‌താവനകളുമായി ബാബു ജോർജ് രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് വിട്ടതായി അറിയിച്ചത്.

വിക്‌ടർ ടി തോമസിന്‍റെ രാജി: കഴിഞ്ഞ ദിവസം യുഡിഎഫ് ജില്ല ചെയര്‍മാനും ജില്ലയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവുമായിരുന്ന വിക്‌ടർ ടി തോമസ് സ്ഥാനം രാജി വച്ചിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോൾ ജില്ലയിൽ യുഡിഎഫും കോൺഗ്രസും കനത്ത തിരിച്ചടികളാണ് നേരിടുന്നത്. പിജെ ജോസഫിന്‍റെ കീഴിലുള്ള കേരള കോണ്‍ഗ്രസ് പ്രവര്‍ത്തന രഹിതമായ സംഘടനയായി മാറിയെന്നും പത്തനംതിട്ടയില്‍ യുഡിഎഫ് സംവിധാനം നിര്‍ജീവമായെന്നും ചൂണ്ടിക്കാട്ടിയാണ് വിക്‌ടർ ടി തോമസ് പാര്‍ട്ടി രാജിവച്ചത്.

ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളോട് എതിര്‍പ്പുകളോ അസഹിഷ്‌ണുതയോ ഇല്ലെന്നും ഏത് പാര്‍ട്ടിയിലേക്ക് ചേക്കേറണമെന്നത് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ നിലവില്‍ വിക്‌ടർ ടി തോമസ് ബിജെപിയിലേക്ക് ചേക്കേറുമെന്നുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.

Last Updated : Apr 19, 2023, 9:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.