ETV Bharat / state

ചാലക്കയം മുതൽ പാണ്ടിത്താവളം വരെ 76 സിസിടിവി ക്യാമറകൾ; പഴുതടച്ച സുരക്ഷയും നിരീക്ഷണവുമായി പൊലീസ്

author img

By ETV Bharat Kerala Team

Published : Dec 22, 2023, 10:26 PM IST

76 CCTV cameras installed in Sabarimala route: ശബരിമല ദർശനത്തിനെത്തുന്നവർക്ക് സുരക്ഷയൊരുക്കുന്നതിന്‍റെ ഭാഗമായി 76 സി സി ടി വി ക്യാമറകൾ സ്ഥാപിച്ചു. ചാലക്കയം മുതൽ പാണ്ടിത്താവളം വരെയാണ് ക്യാമറകൾ സ്ഥാപിച്ചത്.

CCTV cameras installed in Sabarimala route  CCTV installed from Chalakkayam to Pandithavalam  പത്തനംതിട്ട ജില്ലാ വാർത്തകൾ  ശബരിമല യാത്രികർക്ക് സുരക്ഷയൊരുക്കി  ശബരിമല വാർത്തകൾ  ശബരിമല ഏറ്റവും പുതിയ വാർത്തകൾ
76 CCTV cameras were installed in Sabarimala route

പത്തനംതിട്ട : ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് സുഗമമായ ദർശനം ഒരുക്കുന്നതിനൊപ്പം സുരക്ഷയ്ക്കും കൃത്യമായ ക്രമീകരണങ്ങളുമായി പൊലീസ്. സുരക്ഷയുടെ ഭാഗമായി ചാലക്കയം മുതൽ പാണ്ടിത്താവളം വരെ 76 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് (76 CCTV cameras installed in Sabarimala route). ഈ ദൃശ്യങ്ങൾ സന്നിധാനത്തെ പൊലീസ് കൺട്രോൾ റൂമിൽ ലഭിക്കും.

ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനായി എസ് ഐ ഉൾപ്പെടെ നാലു പൊലീസ് ഉദ്യോഗസ്ഥരെ ചുമതല ഏൽപ്പിച്ചിട്ടുണ്ട്. ക്യാമറ ദൃശ്യങ്ങൾ എഡിജിപി ഓഫിസ്, എസ്‌ പി ഓഫിസ്, കലക്‌ടറേറ്റ്, പമ്പ പൊലീസ് കൺട്രോൾ റൂം എന്നിവിടങ്ങളിലും തത്സമയം നിരീക്ഷിക്കാനാകും. സന്നിധാനത്തേക്ക് എത്തുന്നവരുടെ ബാഗുകൾ ഉൾപ്പെടെ പരിശോധിക്കാൻ മൂന്നു സ്‌കാനറുകൾ, തെർമൽ ഇമേജിങ് ക്യാമറ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പമ്പ മുതൽ സന്നിധാനം വരെ വിവിധ കേന്ദ്രങ്ങളിലായി 22 മെറ്റൽ ഡിറ്റക്‌ടറുകളും സ്ഥാപിച്ചിട്ടുണ്ട്.

വിവിധ ഇടങ്ങളിലായി 34 അംഗ ബോംബ് സ്‌ക്വാഡിനെയും വിന്യസിച്ചിട്ടുണ്ട്. ശബരിമലയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ള പൊലീസുകാർക്കു പുറമേ കേന്ദ്രസേനയും രംഗത്തുണ്ട്. അധികസുരക്ഷയ്ക്കായി 127 അംഗ സി ആർ പി എഫ്, 60 അംഗ എൻ ഡി ആർ എഫ്, 13 അംഗ കമാൻഡോ തുടങ്ങിയ കേന്ദ്ര സേനകളെയാണ് നിയോഗിച്ചിട്ടുള്ളത്.

10 ഡി വൈ എസ് പിമാരുടെ നേതൃത്വത്തിൽ 10 ഡിവിഷനുകൾ തിരിച്ചാണ് ശബരിമലയിൽ പൊലീസിന്‍റെ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. 35 ഇൻസ്‌പെക്‌ടർമാർ, 105 എസ്‌ ഐ/എ എസ് ഐമാർ എന്നിവരെയും 10 ഡിവിഷനുകളിൽ നിയോഗിച്ചിട്ടുണ്ട്.

ഭക്തർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കും: ശബരിമലയിൽ ദർശനത്തിനെത്തുന്നവർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഉന്നതതല യോഗം ചേർന്നിരുന്നു. അഡിഷണൽ ഡിസ്ട്രിക്‌ട് മജിസ്‌ട്രേറ്റ് സൂരജ് ഷാജിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. യോഗത്തിൽ ഭക്തർക്ക് ആവശ്യമായ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനമായി.

ക്യൂവിൽ നിൽക്കുന്നവർക്ക് വെള്ളവും ലഘു ഭക്ഷണവും എത്തിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ചെയ്യുക, ഭക്തർ വിശ്രയ്ക്കുന്ന സ്ഥലം കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുക, അവശ്യ സാധനങ്ങൾക്ക് അധിക വില ഈടാക്കുന്നത് നിയന്ത്രിക്കാൻ പരിശോധന കർശനമാക്കുക എന്നീ കാര്യങ്ങളാണ് യോഗത്തിൽ ചർച്ച ആയത്.

മണ്ഡലകാല പൂജയോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും യോഗത്തിൽ വിഷയമായിട്ടുണ്ട്. ഡ്യൂട്ടി മജിസ്ട്രേറ്റ് എൻ കെ കൃപ, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസർ വി കൃഷ്‌ണകുമാർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

ഭക്തർക്കായി സൗജന്യ വൈഫൈ സേവനം ഒരുക്കിയിട്ടുണ്ട്. ദേവസ്വം ബോർഡ് ബി എസ് എൻ എല്ലുമായി സഹകരിച്ചാണ് ശബരിമല സന്നിധാനത്തും പരിസരങ്ങളിലുമായി പന്ത്രണ്ട് കേന്ദ്രങ്ങളിൽ സൗജന്യ വൈഫൈ സേവനം ഒരുക്കിയത്. ഒരു സെക്കന്‍റിൽ 100 Mb ആണ് വൈഫൈ നെറ്റ് വർക്കിന്‍റെ വേഗത. ആദ്യ അരമണിക്കൂർ ഭക്തർക്ക് വൈഫൈ സൗജന്യമായി ഉപയോഗിക്കാം. തുടർന്നുള്ള സമയങ്ങളിൽ ഒരു ജിബിയ്‌ക്ക് ഒൻപത് രൂപ നിരക്കിൽ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കും

Also read: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു; 5 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.