ETV Bharat / state

ദത്തെടുത്ത ഊരിലെത്തി, സ്‌നേഹം പങ്കിട്ട് ആദ്യ 'നൃത്തവും' ചെയ്‌ത് മടങ്ങി മന്ത്രി എംബി രാജേഷ്

author img

By

Published : Oct 8, 2022, 8:45 AM IST

അട്ടപ്പാടി ഇടവാണി ഊര് സന്ദര്‍ശനത്തിനിടെയാണ് മന്ത്രി ഊര് നിവാസികളോടൊപ്പം നൃത്തത്തില്‍ പങ്കാളിയായത്

Etv Bharat
Etv Bharat

പാലക്കാട്: അട്ടപ്പാടി ഇടവാണി ഊര് നിവാസികളോടൊപ്പം നൃത്തം ചെയ്‌ത് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. ഊരിലെ മുതിർന്ന അംഗങ്ങളായ മാരി, മതി, അഗളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അംബിക ലക്ഷ്‌മണൻ എന്നിവർ അവതരിപ്പിച്ച ആദിവാസി നൃത്തത്തിലാണ് മന്ത്രി പങ്കാളിയായത്. നൃത്തം ആസ്വദിച്ച മന്ത്രി താൻ ആദ്യമായാണ് ജീവിതത്തിൽ നൃത്തം ചെയ്യുന്നതെന്നും പറഞ്ഞു.

എം.പി ആയിരിക്കെ താൻ ദത്തെടുത്ത പ്രദേശമാണ് ഇടവാണി ഊര്. അതിനെ തുടർന്നായിരുന്നു ഊരിലേക്ക് ആദ്യമായി റോഡ്, വൈദ്യുതി, വെള്ളം എന്നിവ എത്തിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രദേശവാസികള്‍ നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കാനായതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ മന്ത്രി ഊര് നിവാസികൾ നൽകിയ നിവേദനം സ്വീകരിക്കുകയും ആവശ്യങ്ങൾ പരിഗണിക്കും എന്ന ഉറപ്പ് നൽകുകയും ചെയ്‌തു.

ഇടവാണി ഊര് നിവാസികളുടെ പ്രധാന ആവശ്യമായ എല്ലാവർക്കും വീട് എന്നത് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ യാഥാര്‍ഥ്യമാക്കും. മേഖലയിലെ കുട്ടികള്‍ക്ക് പഠനത്തിനും തൊഴില്‍ പരിശീലനത്തിനും ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും വനാവകാശ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ നിയമാനുസൃതമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

അട്ടപ്പാടിയിലെ മൂല ഗംഗ ഊരിലേക്ക് ആദ്യമായി വൈദ്യുതി എത്തിച്ചതും ശിശുമരണം സംഭവിച്ചപ്പോൾ പ്രത്യേക പാക്കേജ് അനുവദിച്ചതും തൊഴിലുറപ്പ് പദ്ധതിയിൽ അട്ടപ്പാടിക്ക് മാത്രം 200 തൊഴിൽ ദിനങ്ങൾ ആക്കിയതും ഉൾപ്പടെ വലിയ പരിഗണനയാണ് അട്ടപ്പാടിക്ക് നൽകുന്നത്. അട്ടപ്പാടിയെ ലഹരിവിമുക്തമാക്കാന്‍ ചെറുപ്പക്കാരിലെ കല, കായിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അട്ടപ്പാടി ഇടവാണി ഊര് സന്ദര്‍ശിച്ച മന്ത്രി ഊര് നിവാസികൾ ഒരുക്കിയ ഭക്ഷണവും കഴിച്ചാണ് മന്ത്രി മടങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.