ETV Bharat / state

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ പ്രതിഷേധം; മുതലമടയിൽ ചൊവ്വാഴ്‌ച ഹർത്താൽ

author img

By

Published : Apr 7, 2023, 8:55 PM IST

അരിക്കൊമ്പൻ  Arikkomban  Arikkomban muthalamada protest  പാലക്കാട് മുതലമടയിൽ ഹർത്താൽ  പാലക്കാട് ഹർത്താൽ  മുതലമടയിൽ ചൊവ്വാഴ്‌ച ഹർത്താൽ  എംഎൽഎ കെ ബാബു  അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നു  ഹൈക്കോടതി  മുതലമടയിൽ ഹർത്താൽ  ഹർത്താർ  hartal at muthalamada
മുതലമടയിൽ ചൊവ്വാഴ്‌ച ഹർത്താൽ

രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. ചിന്നക്കനാലിൽ ഭീഷണിയായി തുടരുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്തെ മുതുവാരച്ചാലിലേക്ക് മാറ്റാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

മുതലമടയിൽ ചൊവ്വാഴ്‌ച ഹർത്താൽ

പാലക്കാട്: ചിന്നക്കനാലിൽ ഭീഷണിയായി തുടരുന്ന അരിക്കൊമ്പനെന്ന കാട്ടാനയെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ച് മുതലമടയിൽ ചൊവ്വാഴ്‌ച ഹർത്താൽ. മുതലമടയിൽ എംഎൽഎ കെ ബാബുവിന്‍റെ നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് ചൊവ്വാഴ്‌ച ഹർത്താൽ നടത്താൻ തീരുമാനിച്ചത്. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. അരിക്കൊമ്പനെ മാറ്റുന്നതിനെതിരെ മുതലമട പഞ്ചായത്ത് കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിലൂടെ ആറ് പഞ്ചായത്തുകളെ ബാധിക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. പ്രതിഷേധ സമരങ്ങൾക്കായി ജനകീയസമിതി രൂപീകരിക്കാനും സർവകക്ഷി യോഗത്തിൽ ധാരണയായി. അതേസമയം അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റണമെന്ന് സർക്കാരിന് നിർബന്ധമില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടിയും പ്രതികരിച്ചു.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ച് സിപിഎം പറമ്പിക്കുളം കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫിസിലേക്ക് വ്യാഴാഴ്ച്ച പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. വിവിധ ഊരുകളിലെ ആദിവാസികളും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. എംഎൽഎ കെ ബാബുവാണ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്‌തത്.

റേഡിയോ കോളർ ഘടിപ്പിക്കും: ഇടുക്കി ചിന്നക്കനാലിൽ ഭീഷണിയായി തുടരുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്തെ മുതുവാരച്ചാലിലേക്ക് മാറ്റാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ചിന്നക്കനാൽ സന്ദർശിച്ച അഞ്ചംഗ വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച് ബുധനാഴ്‌ചയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്.

അരിക്കൊമ്പനെ മയക്ക് വെടിവച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് പറമ്പിക്കുളത്തെ വനത്തിൽ വിടാനാണ് ഹൈക്കോടതി ഉത്തരവ്. ഇതിനായി അസമിൽ നിന്ന് വൈൽഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ കൈവശമുള്ള ജിപിഎസ് സംവിധാനമുള്ള റേഡിയോ കോളർ വിമാന മാർഗം എത്തിക്കാനുള്ള നടപടികൾ വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

പറമ്പിക്കുളത്ത് മൊബൈലിന് റേഞ്ചില്ലാത്തതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാൻ ജിപിഎസ് സംവിധാനമുള്ള റേഡിയോ കോളർ ഘടിപ്പിക്കാനാണ് വനം വകുപ്പിന്‍റെ തീരുമാനം. ഈ സംവിധാനമുള്ള റേഡിയോ കോളർ വനം വകുപ്പിന്‍റെ കൈവശമില്ലാത്തതിനാലാണ് അരിക്കൊമ്പനെ പിടികൂടാൻ താമസം നേരിടുന്നത്.

ALSO READ: റേഡിയോ കോളര്‍ എത്താന്‍ വൈകും, ഒപ്പം പറമ്പിക്കുളത്തെ ജനരോഷവും; അരിക്കൊമ്പന്‍ ദൗത്യത്തില്‍ ആശങ്കയിലായി പ്രദേശവാസികള്‍

ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്ന ഒരു മൃഗത്തെ മാത്രം പിടികൂടുന്നത് പരിഹാരമല്ല എന്ന് വ്യക്‌തമാക്കിക്കൊണ്ടാണ് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടത്. ജനങ്ങളെ കൂടി വിശ്വാസത്തിലെടുത്തുള്ള നടപടികളാണ് വേണ്ടതെന്ന് ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാരും പി ഗോപിനാഥും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

വേണ്ടത് ദീർഘകാല പരിഹാരം: കോടതി നിയോഗിച്ച വിദഗ്‌ധ സമിതിയാണ് അരിക്കൊമ്പനാവശ്യമായ ആവാസ വ്യവസ്ഥ പറമ്പിക്കുളത്തുണ്ടെന്നും അവിടേക്ക് മാറ്റാമെന്നും റിപ്പോർട്ട് നൽകിയത്. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷത്തിന് ദീർഘകാല പരിഹാരമാണ് വേണ്ടത്. ഇതിനായി ജില്ല തലത്തിൽ ജാഗ്രത സമിതികൾ രൂപീകരിക്കണമെന്നും ഇവ കടലാസിലൊതുങ്ങരുതെന്നും കോടതി വ്യക്‌തമാക്കി.

കോടതി വിധിക്ക് പിന്നാലെ അരിക്കൊമ്പനെ പിടികൂടി പറമ്പികുളത്തേക്ക് മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രനും വ്യക്‌തമാക്കി. ഡോക്‌ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുളള മെഡിക്കല്‍ സംഘവും കുങ്കിയാനകളും വനം വകുപ്പിന്‍റെ പ്രത്യേക വിഭാഗവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും അതിനാൽ ദൗത്യം ആരംഭിക്കാൻ താമസമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.