ETV Bharat / state

സദാചാര ആക്രമണത്തെ തുടർന്ന് അധ്യാപകൻ ആത്മഹത്യ ചെയ്ത സംഭവം ; രണ്ട് പേർ അറസ്റ്റിൽ

author img

By

Published : Aug 15, 2021, 9:40 PM IST

വേങ്ങര വലിയോറ ആശാരിപ്പടിയിലെ സുരേഷ് ചാലിയത്തിനെ കഴിഞ്ഞ ദിവസമാണ് വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

moral policing  Teacher commits suicide  suicide  arrested  സദാചാര ആക്രമണം  ആത്മഹത്യ  അധ്യാപകൻ ആത്മഹത്യ ചെയ്തു  ഗുണ്ടാ ആക്രമണം
സദാചാര ആക്രമണത്തെ തുടർന്ന് അധ്യാപകൻ ആത്മഹത്യ ചെയ്ത സംഭവം; രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം : സദാചാര ഗുണ്ടാ ആക്രമണത്തില്‍ മനംനൊന്ത് മലപ്പുറം വേങ്ങരയില്‍ അധ്യാപകന്‍ ആത്മഹത്യ ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.

സുരേഷ് ചാലിയം മൊബൈല്‍ ഫോണില്‍ ചാറ്റ് ചെയ്‌തെന്ന് പറയുന്ന യുവതിയുടെ ബന്ധുക്കളാണ് പിടിയിലായത്. പുത്തനങ്ങാടി സ്വദേശികളായ നിസാമുദ്ദീൻ, മുജീബ് റഹ്മാൻ എന്നിവരെയാണ് വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരെ കൂടാതെ കണ്ടാലറിയാവുന്ന അഞ്ചോളം പേര്‍ കൂടി കേസില്‍ പ്രതികളാണ്. അക്രമിച്ചവർ എല്ലാം സമീപവാസികളാണ്. അധ്യാപകനെ മർദ്ദിച്ചതിന് അയൽവാസികളായ ചില ദൃക്‌സാക്ഷികളുമുണ്ട്.

വേങ്ങര വലിയോറ ആശാരിപ്പടിയിലെ സുരേഷ് ചാലിയത്തിനെ കഴിഞ്ഞ ദിവസമാണ് വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം വിദ്യാർഥിയുടെ മാതാവുമായി വാട്ട്സ് ആപ്പില്‍ ചാറ്റ് ചെയ്‌തെന്ന് ആരോപിച്ച് രണ്ട് വാഹനങ്ങളിലെത്തിയ സംഘം വീട്ടില്‍ കയറി സുരേഷിനെ ആക്രമിച്ചിരുന്നു.

Read More: സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം ; അധ്യാപകന്‍ ജീവനൊടുക്കി

അമ്മയുടെയും മക്കളുടെയും മുന്നില്‍ വച്ച് മര്‍ദിച്ച ശേഷം വലിച്ചിഴച്ചുകൊണ്ടുപോയതിന്‍റെ മനോവിഷമത്തിലാണ് സുരേഷിന്‍റെ ആത്മഹത്യയെന്നാണ് ബന്ധുക്കളുടെ ആരോപണം.

നിസാമുദ്ദീൻ, മുജീബ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലാണ് വീട്ടുകാരുടെ മുന്നിൽ നിന്ന് സുരേഷിനെ ചോദ്യം ചെയ്തതും മർദിച്ചതും വലിച്ചിഴച്ച് കൊണ്ടുപോയതുമെന്നാണ് പൊലീസ് പറയുന്നത്.

ചാറ്റിങ് നടത്തിയ മൊബൈൽ ഫോണിലെ വിശദാംശങ്ങൾ എസ്എച്ച്ഒ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

വേങ്ങര കുറുക ഗവ. ഹൈസ്‌കൂളിലെ എൽ പി വിഭാഗം അധ്യാപകനായിരുന്ന സുരേഷ് ചിത്രകാരനും സിനിമ-ആര്‍ട്ട് ഡയറക്‌ടറുമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.