ETV Bharat / state

ആദിവാസി ബാലനെ ഉള്‍പ്പെടുത്തി മാവോയിസ്റ്റ് അനുകൂല വീഡിയോ; മിത്ര ജ്യോതി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അറസ്റ്റില്‍

author img

By

Published : Nov 4, 2022, 12:32 PM IST

നിലമ്പൂര്‍ മേഖലയിലെ ആദിവാസി കോളനികളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സംഘടനയാണ് മിത്ര ജ്യോതി ഡെവലപ്‌മെന്‍റ് ഫൗണ്ടേഷന്‍

മിത്ര ജ്യോതി ഫൗണ്ടേഷൻ ചെയര്‍മാന്‍ അറസ്റ്റില്‍  mytra jyothi foundation charirman arrested  മാവോയിസ്റ്റ് അനുകൂല വീഡിയോ  മിത്ര ജ്യോതി ഫൗണ്ടേഷന്‍  മലപ്പുറം വാര്‍ത്തകള്‍  ട്രൈബല്‍ കോളനി  മോവോയിസ്റ്റ് വാര്‍ത്തകള്‍  നിലമ്പൂര്‍ ആദിവാസി കോളനി
അറസ്റ്റിലായ മിത്ര ജ്യോതി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അജ്‌മല്‍ കെ.ടി

മലപ്പുറം: നിലമ്പൂരില്‍ ആദിവാസി ബാലനെ ഉള്‍പ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ മാവോയിസ്റ്റ് അനൂകൂല വീഡിയോ ചിത്രീകരിച്ച മിത്ര ജ്യോതി ട്രൈബൽ ഡെവലപ്മെന്‍റ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അജ്‌മല്‍ കെ.ടി അറസ്റ്റില്‍. 'മാവോയിസ്റ്റ് ആവണം' 'മാവോയിസ്റ്റ് ആയാല്‍ നിരവധി ഗുണങ്ങളുണ്ട്.' എന്നിട്ട് നിന്‍റെ വീട്ടുക്കാരെയും കോളനിക്കാരെയും അതില്‍ ചേര്‍ക്കണം' എന്ന് ബാലന്‍ പറയുന്നതിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

നിലമ്പൂര്‍ മേഖലയിലെ ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സംഘടനയാണ് മിത്ര ജ്യോതി ട്രൈബല്‍ ഡെവലപ്‌മെന്‍റ് ഫൗണ്ടേഷന്‍. 2015ലാണ് കേരള സൊസൈറ്റിസ് രജിസ്ട്രേഷന്‍ ആക്‌ട് പ്രകാരം അജ്‌മല്‍ ചെയര്‍മാനായുള്ള സംഘടന രൂപീകരിച്ചത്. ആദിവാസി കുട്ടികളെ കുറിച്ചും അവരുടെ ജീവിതത്തെ കുറിച്ചുമുള്ള കാര്യങ്ങള്‍ വീഡിയോയാക്കി സോഷ്യല്‍ മീഡിയയിലൂടെ ഇയാള്‍ എപ്പോഴും പങ്ക് വെച്ചിരുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട 'നാട് അറിയാത്ത കാട് അറിയുന്ന ജീവിതങ്ങൾ' എന്ന ഡോക്യുമെന്‍ററിയിലൂടെയാണ് തനിക്ക് മാവോയിസ്‌റ്റ് ആവണമെന്ന ബാലന്‍റെ വീഡിയോ പ്രചരിച്ചത്. ആദിവാസി മേഖലയില്‍ അനുമതിയില്ലാതെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

നിലമ്പൂര്‍ ചന്തക്കുന്നിലെ വെളിയംതോടില്‍ വാടക കെട്ടിടത്തിലാണ് മിത്രജ്യോതി ട്രൈബല്‍ ഡെവലപ്‌മെന്‍റ് ഫൗണ്ടേഷന്‍റെ ഓഫിസുള്ളത്. സംഘടനയുടെ പേരിലുള്ള ഓമ്‌നി വാന്‍ പൊലീസ് പിടിച്ചെടുത്തു. അറസ്റ്റ് ചെയ്‌ത അജ്‌മല്‍ കോലോത്ത് പാലക്കാട് ജയിലിലാണുള്ളത്.

ഇയാള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആള്‍മാറാട്ട കേസ് ഉള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. വിഷയത്തില്‍ സംഘടനയെ കുറിച്ചും ആദിവാസി മേഖലകളിലെ സംഘത്തിന്‍റെ പ്രവര്‍ത്തനത്തെ കുറിച്ചും ജില്ല പൊലീസ് മേധാവി ശ്രീ.സുജിത്ത് ദാസിന്‍റെ നേതൃത്വത്തിൽ അന്വേഷണം ഊര്‍ജിതമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.