കോഴിക്കോട്: പതിറ്റാണ്ടുകളായി പുരുഷന്മാര്‍ മാത്രം കച്ചവടം ചെയ്‌തിരുന്ന പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ ഇനി സ്‌ത്രീ തൊഴിലാളികളും. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ ഏഴ് കുടുംബശ്രീയിലെ സിഡിഎസ് (Community Development Society) അംഗങ്ങളാണ് ഇന്നലെ (ഒക്‌ടോബര്‍ 16) മുതല്‍ മീന്‍ വില്‍പന ആരംഭിച്ചത്. ആധുനിക സൗകര്യത്തോടെയുള്ള മത്സ്യ മാര്‍ക്കറ്റിലാണ് വില്‍പന.
സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടിയിരുന്ന പഴയ മാര്‍ക്കറ്റ് അടുത്തിടെ നവീകരിച്ചിരുന്നു. ശേഷം, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷാണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. പൊതുമാര്‍ക്കറ്റില്‍ ജില്ലയില്‍ ആദ്യമായിട്ടാണ് വനിതകള്‍ മത്സ്യ കച്ചവടത്തിലേക്ക് തിരിയുന്നത്. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് സിഡിഎസിന്‍റെ ആഭിമുഖ്യത്തിലാണ് കച്ചവടം. പഞ്ചായത്ത് പ്രസിഡന്‍റ് വികെ പ്രമോദ് ആദ്യവില്‍പന ഏറ്റുവാങ്ങി.
പഞ്ചായത്ത് അംഗങ്ങളായ വിനോദ് തിരുവോത്ത്, പി ജോന, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എം ജിജി, എം നൂറ, എഎം ഷീബ, കെഎന്‍ രാഗി എന്നിവര്‍ പങ്കെടുത്തു. മത്സ്യ വില്‍പനക്കായി മുന്നിട്ടിറങ്ങിയ സിഡിഎസ് അംഗങ്ങള്‍ക്ക് അകമഴിഞ്ഞ പ്രോത്സാഹനമാണ് മാര്‍ക്കറ്റിലെ പുരുഷന്മാരായ മറ്റ് കച്ചവടക്കാര്‍ നല്‍കുന്നത്. ഇവര്‍ക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും ചെയ്‌തുകൊടുക്കുമെന്നും ഇവര്‍ പറയുന്നു.