കോഴിക്കോട്: മലയാളിയുടെ എല്ലാ ആഘോഷങ്ങളേയും കൊവിഡ് കാലം കവർന്നെടുത്തു. പോയ വർഷം നഷ്ടമായ വിഷുക്കാലം ഓർമയില്‍ പോലുമില്ല. വീണ്ടുമൊരു വിഷു കൂടി വരുമ്പോൾ കണിയൊരുക്കി സമൃദ്ധിയുടെ മറ്റൊരു വർഷത്തിനായുള്ള കാത്തിരിപ്പിന് ഒരുങ്ങുകയാണ് മലയാളി.
വിഷുക്കാലം കണിവെള്ളരി കർഷകർക്കും പ്രതീക്ഷയുടെ സമയമാണ്. വിഷുവിന് മുന്‍പുള്ള രണ്ടോ മൂന്നോ ദിവസത്തെ കച്ചവടം മുന്നില്‍ കണ്ടാണ് കണിവെള്ളരി കൃഷിയിറക്കുന്നത്. കോഴിക്കോട് ജില്ലയില്‍ പെരുവയല്‍, ചെത്തുകടവ്, കുന്ദമംഗലം, ചാത്തമംഗലം, കുറ്റിക്കാട്ടൂര്‍, മുണ്ടുപാലം, മാവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലായി ഏക്കറുകണക്കിന് വയലുകളിലാണ് വൻതോതില്‍ കണിവെള്ളരി കൃഷിയുള്ളത്.
കഴിഞ്ഞ 40 വർഷമായി ഒരേക്കര്‍ സ്ഥലം പാട്ടത്തിന് വാങ്ങി ഇവിടെ കൃഷി ചെയ്യുന്ന പെരുവയല്‍ മനക്കല്‍ പുതിയ വീട്ടില്‍ ജയപ്രകാശൻ ഇത്തവണ പ്രതീക്ഷയിലാണ്. മൂന്ന് മാസത്തെ കഠിനാധ്വാനമാണ് കണിവെള്ളരി കൃഷിയുടെ വിജയമെന്ന് മികച്ച ജൈവ പച്ചക്കറി കൃഷി കര്‍ഷകനുളള അക്ഷയ ശ്രീ പുരസ്കാരം നേടിയ ജയപ്രകാശൻ പറയുന്നു. കഴിഞ്ഞ വര്‍ഷം വിളവെടുത്ത വെള്ളരിയില്‍ നിന്നും നല്ലയിനത്തിൽപ്പെട്ട മാറ്റി വെക്കുന്ന വിത്തുകളാണ് അടുത്ത വര്‍ഷം നടുന്നത്.
കഴിഞ്ഞ വർഷം ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് കൃഷി നഷ്ടത്തിലാക്കിയെന്ന് ജയപ്രകാശൻ പറയുന്നു. ഇടക്കെത്തുന്ന വേനല്‍മഴ മറ്റ് പച്ചക്കറി കൃഷികൾക്ക് ആശ്വാസമാണെങ്കിലും വെള്ളരിക്കൃഷിക്ക് ദോഷകരമാണ്. മഴയേറ്റാല്‍ മൂത്ത വെള്ളരി പൊട്ടിപ്പോകും. സർക്കാർ സഹായവും സംഭരണവും ഇല്ലാത്തതിനാല്‍ വൻകിട കച്ചവടക്കാർക്ക് ചെറിയ വിലയ്ക്ക് വില്‍ക്കേണ്ട അവസ്ഥയാണുള്ളതെന്നും കർഷകർ പറയുന്നു.