ETV Bharat / state

'വരാഹരൂപം കോപ്പിയടിയല്ല, ബാക്കി കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെ'; ഋഷഭ് ഷെട്ടി

author img

By

Published : Feb 13, 2023, 2:23 PM IST

സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രം കാന്താരയിലെ വരാഹരൂപം കോപ്പിയടി അല്ലെന്ന് സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി. കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം

Rishab Shetty on Varaharoopam song copyright case  Rishab Shetty  Varaharoopam song copyright case  Kantara movie  Kantara movie Varaharoopam song  Kantara movie controversy  വരാഹരൂപം കോപ്പിയടിയല്ല  ഋഷഭ് ഷെട്ടി  സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രം കാന്താര  കാന്താരയിലെ വരാഹരൂപം  കോഴിക്കോട് ടൗണ്‍ പൊലീസ്  വരാഹരൂപം കോപ്പിയടി വിവാദം  വരാഹരൂപവും നവരസയും  പകര്‍പ്പാവകാശ ലംഘനം  തൈക്കുടം ബ്രിഡ്‌ജ്
ഋഷഭ് ഷെട്ടി പ്രതികരിക്കുന്നു

ഋഷഭ് ഷെട്ടി പ്രതികരിക്കുന്നു

കോഴിക്കോട്: കാന്താരയിലെ വരാഹരൂപം കോപ്പിയടിയല്ലെന്ന് ഋഷഭ് ഷെട്ടി. 'കാന്താരയിലെ വരാഹരൂപം കോപ്പിയടിച്ചതല്ല, പാട്ട് ഒറിജിനലാണ്. ഇവിടെ നടന്നത് സ്വാഭാവിക നടപടി. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ചിത്രത്തിന് ലഭിച്ച പിന്തുണയ്‌ക്ക് നന്ദി. ബാക്കി കാര്യങ്ങൾ കോടതിക്ക് മുന്നിലാണ്', കാന്താര സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി പ്രതികരിച്ചു. രാഷ്ട്രീയ പ്രവേശന വാർത്ത വ്യാജമാണെന്നും ഋഷഭ് ഷെട്ടി വ്യക്തമാക്കി.

കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാന്താര എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ വരാഹരൂപം എന്ന ഗാനത്തിന്‍റെ പകര്‍പ്പവകാശ കേസില്‍ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ സംവിധായകന്‍ ഋഷഭ് ഷെട്ടി, നിര്‍മാതാവ് വിജയ് കിരഗണ്ഡൂര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെയും ഇരുവരും ഹാജരായെങ്കിലും മൊഴി രേഖപ്പെടുത്തിയിരുന്നില്ല. മൊഴി രേഖപ്പെടുത്താനാണ് ഇന്ന് ഹാജരാകാന്‍ നിര്‍ദേശിച്ചത്.

പകര്‍പ്പവകാശം സംബന്ധിച്ച മുഴുവന്‍ രേഖകളും ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കണമെന്ന് ഇരു ഭാഗത്തിനും നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. പകര്‍പ്പവകാശ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോഴിക്കോട് ടൗണ്‍ പൊലീസിന്‍റെ തീരുമാനം.

വരാഹരൂപവും നവരസയും: കാന്താരയിലെ വരാഹരൂപം എന്ന ഗാനം മ്യൂസിക് ബാന്‍ഡ് ആയ തൈക്കുടം ബ്രിഡ്‌ജിന്‍റെ നവരസയുടെ പകര്‍പ്പാണെന്ന് ആരോപിച്ചാണ് കേസ് ഫയല്‍ ചെയ്‌തത്. തൈക്കുടം ബ്രിഡ്‌ജും നവരസയുടെ ഉടമസ്ഥാവകാശമുള്ള മാതൃഭൂമിയും കാന്താര സിനിമയുടെ സംവിധായകനും നിര്‍മാതാവിനും എതിരെ കോഴിക്കോട് ടൗണ്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് പരിഗണിച്ച ഹൈക്കോടതി വരാഹരൂപത്തിന് വിലക്കേര്‍പ്പെടുത്തി.

ഹൈക്കോടതിയുടെ വിലക്കും സുപ്രീം കോടതിയുടെ സ്റ്റേയും: ചിത്രത്തില്‍ വരാഹരൂപം എന്ന ഗാനം ഉപയോഗിക്കരുത് എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. തുടര്‍ന്ന് ഋഷഭ് ഷെട്ടിക്കും വിജയ്‌ കിരഗണ്ഡൂരിനും ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ വരാഹരൂപത്തിന് വിലക്കേര്‍പ്പെടുത്തിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്‌തു. പകര്‍പ്പവകാശ ലംഘന കേസില്‍ ജാമ്യം അനുവദിക്കാന്‍ വിലക്ക് പോലുള്ള ഇത്തരം നിര്‍ദേശങ്ങള്‍ ആവശ്യമില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് അനിവാര്യമാണെങ്കില്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം 50,000 രൂപ, രണ്ട് ആള്‍ജാമ്യക്കാര്‍ എന്ന ജാമ്യ വ്യവസ്ഥയില്‍ സംവിധായകന്‍ ഋഷഭ് ഷെട്ടിക്കും നിര്‍മാതാവ് വിജയ്‌ കിരഗണ്ഡൂരിനും ജാമ്യം അനുവദിക്കാം എന്നാണ് കോടതി നിര്‍ദേശം. കേസില്‍ വിധി വരുന്നതുവരെ കോടതിയുടെ അനുമതി ഇല്ലാതെ രാജ്യം വിട്ടു പോകാന്‍ പാടില്ലെന്നും ഹൈക്കോടതി പുറപ്പെടുവിച്ച ജാമ്യ വ്യവസ്ഥയില്‍ ഉണ്ട്. പൃഥ്വിരാജ് സുകുമാരന്‍റെ നിര്‍മാണ കമ്പനിക്കാണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം. പൃഥ്വിരാജിന്‍റെ കമ്പനി അടക്കം ഒമ്പത് എതിര്‍ കക്ഷികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കോപ്പിയടി അല്ലെന്ന് അണിയറ പ്രവര്‍ത്തകര്‍: പകര്‍പ്പവകാശ ലംഘന വിവാദം ആരംഭിച്ചതു മുതല്‍ വരാഹരൂപം കോപ്പിയടി അല്ല എന്ന് അവകാശപ്പെട്ട് കാന്താരയുടെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തു വന്നിരുന്നു. ഋഷഭ് ഷെട്ടിക്ക് പിന്നാലെ സംഗീത സംവിധായകന്‍ അജനീഷും പ്രതികരണവുമായി എത്തി. നവരസയും വരാഹരൂപവും ഒരേ രാഗത്തിലുള്ളതായതിനാല്‍ പകര്‍പ്പാണെന്ന് തോന്നുന്നതാണ് എന്നായിരുന്നു അജനീഷിന്‍റെ പ്രതികരണം. നവരസ മുമ്പ് കേട്ടിട്ടുണ്ടെന്നും ഗാനം തന്നെ വളരെ സ്വാധീനിച്ചു എന്നും അജനീഷ് പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.