ETV Bharat / state

ലക്ഷങ്ങള്‍ വാങ്ങി വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത് വ്യാജ സർട്ടിഫിക്കറ്റ്; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ പൊലീസ് റെയ്‌ഡ്‌

author img

By ETV Bharat Kerala Team

Published : Nov 6, 2023, 12:56 PM IST

Police raid in private educational institution: സുപ്രീം കോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി പ്രവാചക വൈദ്യം എന്ന പേരിൽ സർട്ടിഫിക്കറ്റുകൾ നൽകി വഞ്ചിച്ചതായ പരാതി.

വ്യാജ സർട്ടിഫിക്കറ്റ്  fake certificate  institution with fake certificate  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ പൊലീസ് റെയ്‌ഡ്‌  Police raid on private educational institution  തട്ടിപ്പ്‌  Fraud  മാട്രിമോണിയയുടെ പേരിൽ തട്ടിപ്പ്‌  Fraud in the name of matrimony  Police raid
Private educational institution with fake certificate

കോഴിക്കോട് : കുന്ദമംഗലത്ത് ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ പൊലീസ് റെയ്‌ഡ്‌ (Police raid on private educational institution). സുപ്രീം കോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി പ്രവാചക വൈദ്യം എന്ന പേരിൽ സർട്ടിഫിക്കറ്റുകൾ (Fake certificate) നൽകി വഞ്ചിച്ചതായ പരാതിയിലാണ് റെയ്‌ഡ്‌. 21 ഓളം പേരാണ് പരാതി നൽകിയത്. ലക്ഷക്കണക്കിന് രൂപയാണ് വിദ്യാർഥികളിൽ നിന്നും സർട്ടിഫിക്കറ്റിന് വേണ്ടി വാങ്ങിയത് എന്നാണ് പൊലീസ് നൽകുന്ന സൂചന.

കുന്ദമംഗലം-വയനാട് റോഡിലെ ഇന്‍റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് പ്രോഫെറ്റിക്ക് മെഡിസിൻ കാലിക്കറ്റ് എന്നാണ് സ്ഥാപനത്തിന്‍റെ പേര്. കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഈ സ്ഥാപനം കുന്ദമംഗലത്ത് പ്രവർത്തിച്ച് വരുന്നു. ഇവിടെ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലിക്കും മറ്റും അപേക്ഷ നൽകിയപ്പോഴാണ് അംഗീകാരമില്ലാത്ത സർട്ടിഫിക്കറ്റുകളാണ് ലഭിച്ചതെന്ന് മനസിലായത്.

കാരന്തൂർ സ്വദേശിയായ ഡോ. ഷാഫി അബ്‌ദുല്ല സുഹൂരി എന്നയാളാണ് ഈ സ്ഥാപനം നടത്തുന്നത് എന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. ഇയാളെ പൊലീസിന് കണ്ടെത്താനായിട്ടില്ല. പൊലീസ് നടത്തിയ റെയ്‌ഡിൽ നിരവധി സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് റെയ്‌ഡ്‌ ആരംഭിച്ചത്. പിടിച്ചെടുത്ത രേഖകളും മറ്റു വിവരങ്ങളും പരിശോധിച്ച് അംഗീകാരമില്ലാതെ പ്രവർത്തിച്ച സ്ഥാപനത്തിനെതിരെ നടപടി ഉണ്ടാകുമെന്ന് പൊലീസ് ഇൻസ്പെക്‌ടര്‍ എസ് ശ്രീകുമാർ അറിയിച്ചു.

റെയ്‌ഡിന് കുന്ദമംഗലം പൊലീസ് ഇൻസ്പെക്‌ടർ എസ് ശ്രീകുമാർ, എസ് ഐമാരായ ടി അഭിലാഷ്, അബ്‌ദുറഹിമാൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രമോദ്, സിവിൽ പൊലീസ് ഓഫിസർ വിപിൻ തുടങ്ങിയവർ നേതൃത്വം നൽകി.

മാട്രിമോണിയയുടെ പേരിൽ തട്ടിപ്പ്‌ : മാട്രിമോണിയയുടെ പേരിൽ തട്ടിപ്പുനടത്തിയ യുവാവ് പൊലീസ് പിടിയിലായി. മൂവാറ്റുപുഴ മുളാവൂർ പറഞ്ഞാഴത്ത് ഉമേഷ് മോഹൻ (22) നെയാണ് കോഴിക്കോട് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കുന്ദമംഗലത്ത് ഈഴവ മാട്രിമോണിയ എന്ന പേരിൽ സ്ഥാപനം നടത്തുകയായിരുന്നു ഇയാൾ. മറ്റ് പ്രമുഖ മാട്രിമോണികളിൽ നിന്നും യുവതികളുടെ ഫോട്ടോകൾ ശേഖരിച്ച് വിവാഹ താത്‌പര്യവുമായി വരുന്നവരെ കാണിച്ച് പണം കൈപറ്റിയാണ് കബളിപ്പിച്ചത്.

3000 മുതൽ 3500 രൂപവരെയാണ് പലരിൽ നിന്നും അഡ്വാൻസായി വാങ്ങിയത്. പിന്നീട് പല ആവശ്യങ്ങൾ കാണിച്ച് വീണ്ടും പണം വാങ്ങിയെടുക്കും. പണം ലഭിച്ചു കഴിഞ്ഞാൽ അവരുടെ ഫോൺ വിളികൾ എടുക്കാതെയും ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുകയുമാണ് ചെയ്യുന്നത്. മധ്യവയസ്‌കരാണ് ഇയാളുടെ കെണിയിൽ ഏറെയും പെട്ടത്. യുവതികളുടെ ഫോട്ടോ കാണിച്ച് യാതൊരു ഡിമാന്‍റും ഇല്ലാത്തവരും ബന്ധുക്കൾ ഇല്ലാത്തവരും ആണെന്ന് വിശ്വസിപ്പിച്ച് മധ്യവയസ്‌കരിൽ നിന്നും പണം കൈപ്പറ്റും.

ഇയാളുടെ കെണിയിൽ പെട്ടുപോയ പലരും മാനഹാനി ഭയന്ന് പരാതി നൽകാൻ തയാറായിരുന്നില്ല. കുന്ദമംഗലത്ത് മാത്രം 22 ഓളം പേരാണ് ഇപ്പോൾ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്. പൊലീസ് കുന്ദമംഗലത്തെ ഇയാളുടെ സ്ഥാപനത്തിൽ എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ചും ഇതിനു സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഓരോ ഇടങ്ങളിലെ ഭൂരിപക്ഷം സമുദായങ്ങളെ നോക്കിയാണ് മാട്രിമോണി നടത്തിയത്.

പലയിടങ്ങളിലും പല പേരുകളിലാണ് പരിചയപ്പെടുത്തിയത്. മൂവാറ്റുപുഴ പൊലീസും മാട്രിമോണി തട്ടിപ്പിൽ ഇയാളെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
അതിനുശേഷമാണ് ഇപ്പോൾ കുന്ദമംഗലത്തും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയത്. പ്രതിയെ പിടികൂടുന്നതിന് എസ് ഐമാരായ
വി കെ സുരേഷ്, അഷ്റഫ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ. ഷാജു, പി.ജി പ്രദീപ്, ജംഷീർ, സിപിഒ പ്രസീദ് തുടങ്ങിയവർ നേതൃത്വം നൽകി.

ALSO READ: സൗജന്യ 'ബ്ലൂ ടിക്' വെരിഫിക്കേഷൻ; പ്രചരിക്കുന്ന സന്ദേശം തട്ടിപ്പ്, മുന്നറിയിപ്പുമായി പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.