കോഴിക്കോട്: തലശേരിയില്‍ കാറില്‍ ചാരിനിന്ന ആറുവയസുകാരൻ മര്‍ദനത്തിന് ഇരയായ സംഭവത്തില്‍ പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. തലശേരി സംഭവം ആർക്കും അംഗീകരിക്കാൻ കഴിയാത്തതാണ്. വിഷയത്തില്‍ പൊലീസിൻ്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്‌ചയുണ്ടായെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
ALSO READ| കാറില്‍ ചാരിനിന്ന കുട്ടിക്ക് നേരെ അതിക്രമം; പ്രതി 14 ദിവസം റിമാൻഡില്‍
ആഭ്യന്തര വകുപ്പിനെ വീഴ്‌ച വകുപ്പെന്ന് വിളിക്കേണ്ട അവസ്ഥയാണ്. പ്രതിയെ ആദ്യം പൊലീസ് സ്റ്റേഷനില്‍ നിന്നും വിട്ടയക്കുകയാണ് ഉണ്ടായത്. പൊലീസിന്‍റെ സമീപനത്തെ വെള്ളപൂശുന്ന, ന്യായീകരിക്കുന്ന ഒരു സര്‍ക്കാരാണ് സംസ്ഥാനത്തേത്. സ്ഥലം എംഎൽഎ കൂടിയായ സ്‌പീക്കര്‍ എഎന്‍ ഷംസീർ ലാഘവത്തോടെയാണ് പ്രതികരിക്കുന്നത്. പൊലീസിനെ വെളള പൂശാൻ സിപിഎം ശ്രമിക്കുന്നുവെന്നും പികെ ഫിറോസ് ആരോപിച്ചു.
അതേസമയം, ആറുവയസുകാരനെ മര്‍ദിച്ച കേസിലെ പ്രതി പൊന്ന്യം സ്വദേശി മുഹമ്മദ് ഷിഹാദിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. പ്രതി നടത്തിയത് നരഹത്യാശ്രമം ആണെന്നാണ് റിമാൻഡ് റിപ്പോർട്ട്. മുഹമ്മദ് ഷിഹാദ് കുട്ടിയുടെ തലയ്ക്ക് ഇടിക്കുകയും ചവിട്ടുകയും ചെയ്തെന്നും റിപ്പോർട്ടിലുണ്ട്.
തലശേരി ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്‌തത്. സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷനും ഇടപെട്ടു. ഇന്ന് വൈകിട്ട് കുട്ടിയെ സ്‌പീക്കർ എഎൻ ഷംസീർ സന്ദർശിച്ചു. കണ്ണൂര്‍ തലശേരിയില്‍ ഇന്നലെ (നവംബര്‍ മൂന്ന്) വൈകുന്നേരമാണ് സംഭവം.