കോഴിക്കോട്: പേരാമ്പ്ര ബിജെപി മണ്ഡലം കമ്മിറ്റി യോഗത്തിനിടെയുണ്ടായ ഫണ്ട് വിവാദത്തിലും തമ്മില്‍ തല്ലിലും വിശദീകരണവുമായി പാര്‍ട്ടി ജില്ല നേതൃത്വം. ജില്ല നേതാക്കൾ പങ്കെടുത്ത ഔദ്യോഗിക യോഗമാണ് നടന്നത്. അതില്‍ കയ്യാങ്കളി ഉണ്ടായിട്ടില്ലെന്നും ചിലര്‍ വന്നപ്പോള്‍ അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി തിരിച്ചയക്കുകയാണ് ഉണ്ടായതെന്നും ബിജെപി കോഴിക്കോട് ജില്ല പ്രസിഡന്‍റ് അഡ്വ. വികെ സജീവൻ പറഞ്ഞു
കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി തിരിച്ചയക്കുന്നതിന്‍റെ ദൃശ്യമാണ് പ്രചരിക്കുന്നത്. ഇത് ഇക്കഴിഞ്ഞ ഒക്‌ടോബര്‍ എട്ടിന് നടന്ന കര്‍ഷക സംഗമമായിരുന്നു. പാർട്ടി ഫണ്ട് എന്ന നിലയില്‍ 25,000 രൂപ സ്വീകരിച്ചിട്ടുണ്ട്. അതിന് രശീതി ഉണ്ട്. ആരോപണം ഉന്നയിച്ചത് പാർട്ടി പ്രവർത്തകൻ തന്നെയാണ്. നേരിട്ടുവിളിപ്പിച്ച് ഇരുകൂട്ടരുടെയും വിശദീകരണം കേൾക്കും. അല്ലാതെയുള്ള ആരോപണങ്ങൾ അന്വേഷിക്കും. ആരോപണങ്ങൾ പാർട്ടി അന്വേഷിക്കും. കമ്മിറ്റിയ്‌ക്ക് പരാതി കിട്ടിയിട്ടില്ലെന്നും വികെ സജീവൻ പറഞ്ഞു.
ALSO READ| പേരാമ്പ്ര ബിജെപി ഫണ്ട് വിവാദവും തമ്മിൽ തല്ലും പരിശോധിക്കും; കെ സുരേന്ദ്രൻ
തന്‍റെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പ് നിര്‍മാണത്തിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാനെന്ന പേരിലാണ് ബിജെപി നേതാക്കള്‍ പണം വാങ്ങിയതെന്നാണ് ഇതേ പാര്‍ട്ടി പ്രവര്‍ത്തകനായ പ്രജീഷിന്‍റെ ആരോപണം. ഇതേച്ചൊല്ലി തര്‍ക്കവും കയ്യാങ്കളിയും ഉണ്ടാവുന്നതിന്‍റെയും നേതാക്കള്‍ പ്രജീഷിന്‍റെ പക്കല്‍ നിന്ന് പണം വാങ്ങുന്നതിന്‍റെയും ദൃശ്യം പുറത്തുവന്നിരുന്നു.