ETV Bharat / state

യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വർണക്കടത്ത് സംഘം: റെയ്‌ഡിനിടെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് പ്രതിയുടെ ആത്മഹത്യ ഭീഷണി

author img

By

Published : Jul 30, 2022, 8:16 AM IST

Updated : Jul 30, 2022, 9:34 AM IST

സൂപ്പിക്കട സ്വദേശി സമീറാണ് ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടും കയ്യിൽ കത്തികൊണ്ട് മുറിവേൽപ്പിച്ചും ആത്മഹത്യ ഭീഷണി മുഴക്കിയത്.

youth abducted by gold smuggling gang  pantheerikkara gold smuggling case  സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി  പന്തിരിക്കര സ്വർണക്കടത്ത് കേസ്  സിലിണ്ടർ തുറന്നുവിട്ട് പ്രതിയുടെ ആത്മഹത്യ ഭീഷണി
യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വർണക്കടത്ത് സംഘം

കോഴിക്കോട്: പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. പെരുവണ്ണാമൂഴി പന്തിരിക്കര സ്വദേശി ഇർഷാദിനെയാണ് തട്ടിക്കൊണ്ടുപോയത്. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ സ്വർണക്കടത്ത് സംഘം ഇർഷാദിനെ കെട്ടിയിട്ടിരിക്കുന്ന ഫോട്ടോ ബന്ധുക്കൾക്ക് അയച്ചുകൊടുത്തു.

റെയ്‌ഡിനിടെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് പ്രതിയുടെ ആത്മഹത്യ ഭീഷണി

ബന്ധുക്കളുടെ പരാതിയിൽ പ്രതിയെന്ന് സംശയിക്കുന്നയാളിന്‍റെ വീട്ടിൽ പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ വലിയ നാടകീയ രംഗങ്ങളാണുണ്ടായത്. പൊലീസ് സംഘം വീട്ടിലെത്തിയപ്പോൾ പ്രതിയെന്ന് സംശയിക്കുന്ന സൂപ്പിക്ക സ്വദേശി സമീർ ഗ്യാസ് തുറന്നുവിട്ട് ആത്മഹത്യ ഭീഷണി മുഴക്കി. വെള്ളിയാഴ്‌ച (29 ജൂലൈ) വൈകിട്ട് ആറരയോടെയാണ് സംഭവം.

അടുക്കളയിലുണ്ടായിരുന്ന രണ്ട് പാചകവാതക സിലിണ്ടറുകളാണ് ഇയാൾ തുറന്നുവിട്ടത്. തുടർന്ന് കത്തി കൊണ്ട് കൈയില്‍ മുറിവേൽപ്പിക്കുകയും ചെയ്‌തു. സമീറിന്‍റെ ഉമ്മയും ഭാര്യയും രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നു.

തുടർന്ന് പൊലീസ് വീടിന് പുറത്തേക്കിറങ്ങി. ഈ സമയം പുറത്തേക്കിറങ്ങിയോടിയ സമീറിനെ പൊലീസ് അതിസാഹസികമായി പിടികൂടുകയായിരുന്നു. സമീർ ഉപയോഗിച്ചിരുന്ന കാറും ഗ്യാസ് സിലിണ്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.

ദുബായിൽ നിന്ന് ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ഇർഷാദ് നാട്ടിലെത്തുന്നത്. പിന്നെ കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി വീട്ടിൽ വിളിച്ചത്. പിന്നീട് ഒരു വിവരവും ഇല്ലെന്ന് ബന്ധുക്കൾ പരാതിയിൽ പറയുന്നു.

ഇതിനിടെ, വിദേശത്തുള്ള സഹോദരന്‍റെ ഫോണിലേക്ക് വാട്‌സ്ആപ്പ് വഴി ഭീഷണി സന്ദേശമെത്തി. ഇർഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം ബന്ധുകള്‍ക്ക് അയച്ച് കൊടുത്തു. ദുബായിൽ നിന്ന് വന്ന ഇർഷാദിന്‍റെ കൈയില്‍ കൊടുത്ത് വിട്ട സ്വർണം കൈമാറിയില്ലെന്ന് കാട്ടി ചിലർ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ബന്ധുക്കൾ പറയുന്നു.

പൊലീസിൽ അറിയിച്ചാൽ വകവരുത്തുമെന്ന ഭീഷണി ഉള്ളതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന് ബന്ധുക്കൾ പറയുന്നു. സ്വർണക്കടത്ത് സംഘം തന്നെയാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന സൂചനയാണ് പൊലീസിനുള്ളത്. ഇർഷാദിനായും കേസിലെ പ്രതികള്‍ക്കുമായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.

Last Updated : Jul 30, 2022, 9:34 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.