കോഴിക്കോട്: കോഴിക്കോട് കല്ലായിപ്പുഴയുടെ തീരത്തൊരു ഗ്രാമമുണ്ട്. അവിടെയൊരു ക്ഷേത്രക്കാവും തൊട്ടടുത്തായി മുസ്ലീംപള്ളിയും. സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും കോഴിക്കോടൻ പെരുമയില്‍ മതങ്ങളുടെ വേലിക്കെട്ടുകളില്ലാത്ത പള്ളിക്കണ്ടി മഹാകാളിക്കാവും കണ്ണംപറമ്പ് ജുമാമസ്ജിദും. ഉത്സവ സമയത്ത് മഹാകാളിയുടെ അനുഗ്രഹം വാങ്ങാൻ എല്ലാവരും ഒരുമിച്ചെത്തും. അതിനിടെ നാല് മാസം മുൻപുണ്ടായ കനത്ത കാറ്റിൽ ആൽമരം കടപുഴകി വീണ് ക്ഷേത്രം തകർന്നു.
പക്ഷേ പുനർ നിർമ്മാണത്തിന് ആവശ്യമായ പണം ക്ഷേത്രക്കമ്മിറ്റിയെ കൊണ്ട് താങ്ങാവുന്നതിലും അധികമായിരുന്നു. അങ്ങനെ ക്ഷേത്ര പുനരുദ്ധാരണം നീണ്ടു പോയി.. ഇതറിഞ്ഞ കണ്ണംപറമ്പ് ജുമാ മസ്ജിദ് പള്ളിക്കമ്മിറ്റി ആവശ്യമായ പണം സ്വരൂപിച്ച് കാവിന് കൈമാറി. ക്ഷേത്രം പുതുക്കിപ്പണിതു. കല്ലായിപ്പുഴ ഇനിയുമൊഴുകും അവിടെ പള്ളിക്കണ്ടി മഹാകാളികാവും കണ്ണംപറമ്പ് ജുമാ മസ്ജിദും തലയെടുപ്പോടെയുണ്ടാകും, സൗഹൃദത്തിന്റെയും സ്നേഹത്തിന്‍റെയും ആയിരം മാതൃകകൾ നാടിന് സമ്മാനിച്ച്...