ETV Bharat / state

'ആരും ഓടുപൊളിച്ചല്ല വന്നത്, വേണ്ടത് ഐക്യം'; സമസ്‌തയ്‌ക്കെതിരെ ഒളിയമ്പുമായി പികെ കുഞ്ഞാലിക്കുട്ടി

author img

By

Published : Oct 21, 2022, 3:49 PM IST

Updated : Oct 21, 2022, 5:40 PM IST

സമസ്‌ത വിലക്കിയ കോർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസ് സമ്മേളനത്തിൽ പങ്കെടുത്താണ് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ വിമര്‍ശനം

Kozhikode pk kunhalikutty against samasta  Kozhikode todays news  കോഴിക്കോട് ഇന്നത്തെ വാര്‍ത്ത  സമസ്‌തയ്‌ക്കെതിരെ പികെ കുഞ്ഞാലിക്കുട്ടി  കോർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസ്  പികെ കുഞ്ഞാലിക്കുട്ടി  Coordination of Islamic Colleges  സമസ്‌ത  samasta league controversy  മുസ്‌ലിം ലീഗ്
'ആരും ഓടുപൊളിച്ചല്ല വന്നത്, വേണ്ടത് ഐക്യം'; സമസ്‌തയ്‌ക്കെതിരെ ഒളിയമ്പുമായി പികെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: സമസ്‌തയെ ഒറ്റപ്പെടുത്താൻ മുസ്‌ലിം ലീഗിൽ കുഞ്ഞാലിക്കുട്ടി വിഭാഗത്തിൻ്റെ പടയൊരുക്കം. പാണക്കാട് കുടുംബത്തിനെ ഒപ്പം നിർത്തിയാണ് ലീഗിൻ്റെ നീക്കം. സമസ്‌ത വിലക്കിയ സിഐസിയുടെ (കോർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസ്) സമ്മേളനത്തിൽ പങ്കെടുത്തായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഒളിയമ്പ്. പാണക്കാട് കുടുംബവും സമസ്‌തയും പണ്ഡിതരുമെല്ലാം ചേര്‍ന്നാണ് സാമൂഹിക നവോഥാനം ഉണ്ടാക്കിയതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

സമസ്‌തയ്‌ക്കെതിരെ ഒളിയമ്പുമായി പികെ കുഞ്ഞാലിക്കുട്ടി

'മാറ്റം ഒറ്റക്കെട്ടായുള്ള പ്രവൃത്തികൊണ്ട്': ആരും ഒറ്റ ദിവസം കൊണ്ട് വിപ്ലവം ഉണ്ടാക്കിയിട്ടില്ല. നവോഥാനത്തിനായി എല്ലാവരും അണിനിരന്നിട്ടുണ്ട്. അവരെല്ലാം ഖബറിടങ്ങളിൽ വിശ്രമം കൊള്ളുകയാണ്. ആരും ഓടുപൊളിച്ചല്ല വന്നത്. ഭിന്നിപ്പല്ല, ഐക്യമാണ് വേണ്ടതെന്നും പികെ കുഞ്ഞാലിക്കുട്ടി ഓര്‍മിപ്പിച്ചു.

പാണക്കാട് കുടുംബത്തിന്‍റെയും സമസ്‌തപോലുള്ള പണ്ഡിത സംഘടനകളുടെയും ഒറ്റക്കെട്ടായ ശ്രമഫലമായാണ് വിദ്യാഭാസ രംഗത്തുള്‍പ്പടെ മാറ്റമുണ്ടായത്. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കേണ്ടത് ഐക്യത്തിനു വേണ്ടിയാണെന്നും സംഘടനകളെയും മനുഷ്യനെയും നശിപ്പിക്കാന്‍ ഇത്തരം മാധ്യമങ്ങള്‍ കാരണമാകുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

പോഷക സംഘടന നേതാക്കള്‍ സിഐസിയുടെ കോഴിക്കോട് നടക്കുന്ന വാഫി വഫിയ്യ സനദ്‌ ദാന സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കണം എന്നായിരുന്നു സമസ്‌ത ആവശ്യപ്പെട്ടത്. ഇതിനിടയിലാണ് സമ്മേളന വേദിയില്‍വച്ച് തന്നെ സമസ്‌തയെ പികെ കുഞ്ഞാലിക്കുട്ടി പരോക്ഷമായി വിമര്‍ശിച്ചത്.

പരിപാടിയില്‍ പങ്കെടുത്ത് പാണക്കാട് കുടുംബം: സമസ്‌തയുടെ വിലക്ക് നിലനില്‍ക്കേ പാണക്കാട് കുടുംബത്തിലെ പ്രമുഖർ സമ്മേളനത്തില്‍ ഉടനീളം പങ്കെടുത്തതും ശ്രദ്ധേയമായി. എസ്‌വൈഎസ് പ്രസിഡന്‍റ് കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, റഷീദലി തങ്ങൾ, അബ്ബാസ് അലി തങ്ങൾ എന്നിവരാണ് പങ്കെടുത്തത്. വാഫി വഫിയ്യ കലോത്സവത്തില്‍ സഹകരിക്കരുതെന്ന് ആവശ്യപ്പെട്ട് സമസ്‌ത സെക്രട്ടറി ആലിക്കുട്ടി മുസ്‌ല്യാരാണ് പോഷക സംഘടനകള്‍ക്ക് കത്ത് നല്‍കിയത്. എന്നാല്‍, ഈ വിലക്ക് മറികടന്നാണ് പാണക്കാട് കുടുംബത്തിലെ പ്രമുഖരും ലീഗ് നേതാക്കളും എത്തിയത്.

പാണക്കാട് കുടുംബത്തിന്‍റെതാണ് യഥാർഥ നേതൃത്വം എന്ന് പരിപാടിയുടെ സന്ദേശ പ്രസംഗത്തിൽ സിഐസി ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരി വ്യക്തമാക്കി. വാഫി കോഴ്‌സിന് ചേരുന്ന പെൺകുട്ടികളുടെ വിവാഹ വിലക്കടക്കം സമസ്‌ത നി‍ർദേശിച്ച കാര്യങ്ങൾ നടപ്പാക്കാത്തതിനെ ചൊല്ലിയാണ് തർക്കം തുടങ്ങിയത്. ഇസ്‌ലാമിക കോളജുകളില്‍ നിര്‍ദേശിച്ച മാറ്റങ്ങളുള്‍പ്പെടെ നടപ്പാക്കാത്തതിനെ തുടർന്ന് സമസ്‌ത സിഐസിയുമായി ഇടയുകയായിരുന്നു.

പിണറായിക്കൊപ്പം നിന്നത് ബന്ധം വഷളാവാന്‍ തുടക്കമിട്ടു: പാണക്കാട് കുടുംബത്തിന്‍റെയും മുസ്‌ലിം ലീഗിലെ വലിയൊരു വിഭാഗത്തിന്‍റെയും പിന്തുണയോടെയാണ് ആദൃശേരി ഹക്കീം ഫൈസിയുടെ നേതൃത്വത്തിൽ ഇപ്പോഴത്തെ നീക്കങ്ങളെന്നാണ് സമസ്‌ത കരുതുന്നത്. ഇക്കാരണത്താല്‍ തന്നെയാണ് പരിപാടിക്ക് വിലക്കേർപ്പെടുത്തിയതെന്നാണ് സമസ്‌ത നേതാക്കളും വ്യക്തമാക്കിയത്. അതേസമയം, സിഐസി അധ്യക്ഷന്‍ കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സമസ്‌തയെ പൂര്‍ണമായും അനുകൂലിച്ചാണ് സംസാരിച്ചതെന്നത് ശ്രദ്ധേയമായി.

മുഖ്യമന്ത്രി പിണറായി വിജയനെ സമസ്‌ത വിശ്വാസത്തില്‍ എടുത്തതോടെയാണ് ലീഗുമായുള്ള ബന്ധം വഷളായത്. വഖഫ്, യൂണിഫോം വിഷയങ്ങളിൽ സമസ്‌തയുടെ ആവശ്യങ്ങൾ പിണറായി പൂർണമായി അംഗീകരിച്ചിരുന്നു. അതിനിടെ, കഴിഞ്ഞ ദിവസം കോഴിക്കോട് ഒത്തുചേർന്ന ലീഗ് വിമതർ സമസ്‌തയോട് അനുകൂല നിലപാടിലാണ്. സ്വയം ശക്തിയാർജിക്കാൻ എല്ലാ നീക്കങ്ങളും നടത്തുന്ന വിമതർക്ക് കൂട്ടായി ലീഗിലെ തന്നെ പ്രമുഖരുടെ മൗന സമ്മതം ഉണ്ടെന്നതും ശ്രദ്ധേയമാണ്.

Last Updated :Oct 21, 2022, 5:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.