ETV Bharat / state

ലോകകപ്പിന്‍റെ ചരിത്രം പറയുന്ന സ്‌റ്റാമ്പുകളുടെ ശേഖരണവുമായി വികാസ്

author img

By

Published : Dec 17, 2022, 7:10 PM IST

Updated : Dec 17, 2022, 8:40 PM IST

1930 -ലെ ഉറുഗ്വോയ് ലോകകപ്പ് മുതലുള്ള ഫുട്ബോളിന്‍റെ ചരിത്രം പറയുന്ന സ്‌റ്റാമ്പുകളാണ് കോഴിക്കോട് സ്വദേശി പികെ വികാസിന്‍റെ ശേഖരണത്തിലുള്ളത്.

world cup stamp  വികാസ്  stamp collection  evolution of the world cup in stamp  stamp collection tells the history of football  കോഴിക്കോട് സ്‌റ്റാമ്പ് ശേഖരണം  ലോകകപ്പിന്‍റെ ചരിത്രം പറയുന്ന സ്‌റ്റാമ്പുകൾ  ഉറുഗ്വോയ്  ഉറുഗ്വോയ് ലോകകപ്പ്  ബ്രസീൽ  ഇംഗ്ലണ്ട്  ഇറ്റലി  അമേരിക്ക  കൊറിയ  ഫുട്ബോൾ  പികെ വികാസ്  ബ്രസീൽ  സ്വിറ്റ്സർലൻഡ്  ജർമ്മനി  അർജന്‍റീന
ലോകകപ്പ് സ്‌റ്റാമ്പ് ശേഖരണം

ലോകകപ്പ് സ്‌റ്റാമ്പ് ശേഖരണം

കോഴിക്കോട്: ലോകകപ്പ് ആവേശം അവസാന വിസിലിലേക്ക് എത്തി നിൽക്കുമ്പോൾ മുഴുവൻ ലോകകപ്പുകളേയും ഓർമപ്പെടുത്തുകയാണ് പികെ വികാസ്. ഓരോ ലോകകപ്പിലും വിവിധ രാജ്യങ്ങൾ പുറത്തിറക്കിയ സ്‌റ്റാമ്പ് ശേഖരണത്തിലൂടെയാണ് വികാസ് വ്യത്യസ്‌തനാകുന്നത്. ഉറുഗ്വേ കപ്പുയർത്തിയ 1930ലെ അവർ തന്നെ ആതിഥേയത്വം വഹിച്ച ആദ്യ ലോകകപ്പ് മുതൽ 2022ലെ ഖത്തർ ലോകകപ്പിന്‍റെ സ്‌റ്റാമ്പ് വരെ ഈ ശേഖരത്തിലുണ്ട്.

ആദ്യ ലോകകപ്പിന്‍റെ ഓർമകളിൽ: ആദ്യ ലോകപ്പിലും 1934 ലെ ഇറ്റലി ആതിഥേയരായി അവർ തന്നെ കപ്പുയർത്തിയ ലോകപ്പിലും 1938ൽ ഫ്രാൻസ് ആതിഥേയരായി ഇറ്റലി വീണ്ടും ജേതാക്കളായ ഫുട്ബോൾ മാമാങ്കത്തിലും നിക്കരാഗ്വേ പുറത്തിറക്കിയ സ്‌റ്റാമ്പാണ് വികാസ് സൂക്ഷിച്ചിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് 1942 ലും 1946ലും ഫുട്ബോൾ വേൾഡ് കപ്പ് മുടങ്ങിയപ്പോൾ വികാസിൻ്റെ ഡയറിയിലെ കോളവും ഒഴിഞ്ഞ് കിടന്നു.

ആവേശം തിരിച്ചെത്തിയ 1950 ലെ ബ്രസീൽ ലോകകപ്പിൽ ഉറുഗ്വേ വീണ്ടും ജേതാക്കളായപ്പോൾ ഈ ശേഖരത്തിലെ സ്‌റ്റാമ്പുകളുടെ എണ്ണവും വർധിച്ചു. 19 54ലെ സ്വിറ്റ്സർലൻഡ് ലോകകപ്പിൽ പശ്ചിമ ജർമ്മനി ആദ്യമായി കപ്പുയർത്തിയപ്പോൾ സ്‌റ്റാമ്പുകൾക്കും തിളക്കം കൂടി. 1958ൽ ബ്രസീൽ ആദ്യ കപ്പുയർത്തിയ സ്വീഡൻ ലോകകപ്പിലും 62 ൽ ചിലി നയിച്ച് ബ്രസീൽ വീണ്ടും ജേതാക്കളായ ലോകകപ്പും ഈ സ്‌റ്റാമ്പുകളിൽ ആലേഖനം ചെയ്‌തിട്ടുണ്ട്.

1966 ആയപ്പോൾ സ്‌റ്റാമ്പ് ശേഖരത്തിലേക്ക് കൂടുതൽ രാജ്യങ്ങളുടെ പ്രാതിനിധ്യം വന്നുചേർന്നു. ഇംഗ്ലണ്ട് ആതിഥേയരായി അവർ തന്നെ കപ്പുയർത്തിയ 1966ലെ ലോകകപ്പിൻ്റേയും ബ്രസീൽ മൂന്നാം കപ്പുയുർത്തിയ 1970 ലെ മെക്‌സിക്കൻ വേൾഡ്‌കപ്പിൻ്റെയും ഓർമകൾ തുടിക്കുകയാണിവിടെ. 1974ൽ പശ്ചിമ ജർമ്മനിയിൽ വെച്ച് ഒരിക്കൽ കൂടി അവർ കപ്പുയർത്തിയപ്പോൾ സ്‌റ്റാമ്പുകൾ പിന്നെയും വർധിച്ചു.

1978ൽ അർജൻ്റീനിയൻ വസന്തം അർജന്‍റീനയിൽ തന്നെ പൂത്ത് വിടർന്നപ്പോൾ സ്‌റ്റാമ്പുകളും വർണ്ണാഭമായി. 1982ൽ വലിയ ഒരു ഇടവേളക്ക് ശേഷം ഇറ്റലി കപ്പുയർത്തിയ സ്‌പാനിഷ് മേള, ക്യൂബയും മെക്‌സിക്കോയും നിക്കരാഗ്വേയും അടക്കം നിരവധി രാജ്യങ്ങൾ സ്‌റ്റാമ്പുകളിലൂടെ ലോകകപ്പിനെ ആശീർവദിച്ചു. മെക്‌സിക്കോയിലേക്ക് വീണ്ടും ലോകകപ്പ് എത്തിയ 1986ൽ അർജൻ്റീന വീണ്ടും കപ്പുയർത്തിയപ്പോൾ സ്‌റ്റാമ്പുകൾ കൊണ്ട് വികാസിൻ്റെ പേജുകൾ നിറഞ്ഞു കവിഞ്ഞു.

1990 ൽ ഇറ്റലിയിൽ കണ്ടത് പശ്ചിമ ജർമ്മനിയുടെ തിരിച്ച് വരവായിരുന്നു. സ്‌റ്റാമ്പുകളിലും അതിൻ്റെ ആവേശം പ്രകടമായി. 1994 ൽ കളിയങ്ങ് അമേരിക്കയിൽ എത്തി. ബ്രസീലിന് നാലാം കപ്പ്, അതിൻ്റെ ആവേശം വികാസിൻ്റെ ശേഖരത്തിലും തെളിഞ്ഞു. 1998 ൽ ഫ്രാൻസിൽ ഒരിക്കൽ കൂടി മാമാങ്കമെത്തി. കപ്പ് പുറത്തേക്ക് കൊടുത്ത് വിടാൻ അവർ തയ്യാറായിരുന്നില്ല, ഫ്രാൻസിൻ്റെ ആദ്യ വിശ്വവിജയം.

ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് ലോകകപ്പ് കടന്നപ്പോൾ 2002 ൽ ജപ്പാനും കൊറിയയും ഒരുമിച്ച് വേദികളായി. ബ്രസീലിന് അഞ്ചാം സ്വർണക്കപ്പ്. 2006 ൽ ജർമ്മനിയിൽ ഇറ്റലി ഒരിക്കൽ കൂടി ജേതാക്കൾ. ആഫ്രിക്കയിലേക്ക് ആദ്യമായി ഫുട്ബോൾ മേള എത്തിയ 2010 ൽ സ്പെയിൻ എന്ന പുതിയ അവകാശി വന്നു കപ്പുയർത്താൻ, സ്‌റ്റാമ്പുകൾക്ക് പുതിയ രൂപഭാവവും വന്നു ചേർന്നു.

ആവേശത്തിൽ ഇന്ത്യയും: 2014ലെ ബ്രസീലിയൻ ലോകകപ്പിൽ ജർമ്മനി കപ്പുയർത്തിയപ്പോൾ നമ്മുടെ രാജ്യവും സ്‌റ്റാമ്പുകൾ പുറത്തിറക്കി. ലോകകപ്പ് ആവേശത്തിൽ ഇന്ത്യയുടെ സാന്നിധ്യം. 2018ൽ ഫ്രാൻസ് ഒരിക്കൽ കൂടി കപ്പുയർത്തിയ റഷ്യൻ കാർണിവൽ. താരനിബിഡമായിരുന്നു സ്‌റ്റാമ്പുകളുടെ ശേഖരം. ഒപ്പം സ്‌റ്റാമ്പിന് ഡിജിറ്റൽ രൂപവും വന്നു ചേർന്നു.

കളിയാരവം ഖത്തറിൽ എത്തിയ 2022 ൽ സ്‌റ്റേഡിയങ്ങളുടെ പേരിലടക്കം സ്‌റ്റാമ്പുകൾ പുറത്തിറങ്ങി. വിജയികളെ പ്രഖ്യാപിക്കപ്പെടുന്നതോടെ മറ്റ് രാജ്യങ്ങളും സ്‌റ്റാമ്പുകൾ പുറത്തിറക്കും. കാൽപ്പന്തിൻ്റെ ആവേശം നുരഞ്ഞ് പൊങ്ങുന്ന നമ്മുടെ കൊച്ചു കേരളവും പോസ്‌റ്റ് കാർഡിറക്കി ഈ ആരവത്തിനൊപ്പം ചേർന്നു.

ഇത് കൂടാതെ ഫുട്ബോൾ ആവേശം ആലേഖനം ചെയ്‌ത ഖത്തറിൻ്റേയും റഷ്യയുടേയും കറൻസിയും ക്യാമറകളുമുണ്ട് ഇദ്ദേഹത്തിൻ്റെ ശേഖരത്തിൽ. ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം ബിലാത്തികുളത്ത് താമസിക്കുന്ന വികാസിന് അച്ഛനിൽ നിന്നാണ് ഫുട്ബോൾ ആവേശം പകർന്ന് കിട്ടിയത്. അതൊരു നിധിയായി കാത്തുസൂക്ഷിക്കുകയാണ് ഈ ഐ.ടി പ്രൊഫഷണൽ.

Last Updated :Dec 17, 2022, 8:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.