ETV Bharat / state

യുദ്ധം പശ്‌ചിമേഷ്യയില്‍, 'കേരളത്തില്‍ സിപിഎമ്മിന്‍റെ രാഷ്ട്രീയ ബോംബ്, പൊട്ടാതെ പിടിക്കാൻ ലീഗ്'

author img

By ETV Bharat Kerala Team

Published : Nov 3, 2023, 12:56 PM IST

Updated : Nov 3, 2023, 2:30 PM IST

CPM Palestine Solidarity Rally പലസ്‌തീൻ ഐക്യദാർഢ്യത്തിൻ്റെ പേരിൽ യുഡിഎഫിലാണ് ഇത്തവണയും സിപിഎം 'രാഷ്ട്രീയ ബോംബിട്ടത്'. ലീഗിനെ അടർത്തിയെടുക്കാനും അതിലൂടെ കോൺഗ്രസിനെ തകർക്കാനുമാണ് സിപിഎം ലക്ഷ്യമിടുന്നത്.

ET Mohammed Basheer  Palestine Solidarity Rally  muslim league  CPM  ഇടി മുഹമ്മദ് ബഷീര്‍  പലസ്‌തീൻ ഐക്യദാർഢ്യ റാലി  സിപിഎം  Congress  UDF  CPM Palestine Solidarity Rally
Palestine Solidarity Rally

കോഴിക്കോട്: പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നതിനിടെ കേരളത്തിൽ 'രാഷ്ട്രീയ ബോംബിട്ട്' സിപിഎം. പലസ്‌തീൻ ഐക്യദാർഢ്യത്തിൻ്റെ പേരിൽ യുഡിഎഫിലാണ് ഇത്തവണയും ബോംബിട്ടത്. ലീഗിനെ അടർത്തിയെടുക്കാനും അതിലൂടെ കോൺഗ്രസിനെ തകർക്കാനുമാണ് ലക്ഷ്യം. എന്നാൽ ഈ ചോദിച്ച് വാങ്ങിയ ബോംബ് പൊട്ടാതെ, പൊളിയാതെ തിരിച്ച് വിടുമോ, അതോ യുഡിഎഫ് ഛിന്നഭിന്നമാക്കി പൊട്ടിക്കുണോ എന്ന് നാളെ (നവംബർ 4) അറിയാം.

സിപിഎം നവംമ്പർ 11 ന് നടത്തുന്ന പലസ്‌തീൻ ഐക്യദാർഢ്യ റാലിയിലേക്ക് സിപിഎം ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്ന ഇ.ടി മുഹമ്മദ് ബഷീറിൻ്റെ പ്രസ്ഥാവനക്ക് പിന്നാലെയാണ് ക്ഷണം വന്നത്. ഈ വിഷയത്തിൽ രാജ്യം ഒറ്റക്കെട്ടായി നിൽക്കണം, ഏക സിവിൽ കോഡിൻ്റെ വിഷയം വേറെയെന്നുമായിരുന്നു ഇ.ടിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ ലീഗിനെ ക്ഷണിച്ചത്. ലീഗിലെ ഇടതു വിരുദ്ധ ചേരിയുടെ നേതാവായ ഇ.ടി തന്നെ സംഗതി തുറന്ന് പറഞ്ഞത് കോൺഗ്രസിനെയാണ് ആശയക്കുഴപ്പത്തിലാക്കിയത്.

ഇ.ടിയുടെ പ്രസ്ഥാവന പുറത്ത് വന്നതോടെ രമേശ് ചെന്നിത്തലയും വി.ഡി സതീശനും അടക്കുള്ള കോൺഗ്രസ് നേതാക്കൾ ലീഗ് നേതാക്കളെ വിളിച്ച് പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. ഇതോടെ ലീഗിൽ ആശയകുഴപ്പം ഉടലെടുത്തിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ സ്ഥലത്തില്ലെന്നും നാളെ ഈ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകുമെന്നുമാണ് പിഎംഎ സലാം വ്യക്തമാക്കുന്ന്. പഴയ രാഷ്ട്രീയ സാഹചര്യമല്ല നിലവിലുള്ളത് എന്ന ഒരു പ്രയോഗവും ചേർത്താണ് സലാം വിഷയം അവതരിപ്പിച്ചത്. പാണക്കാട് തങ്ങളുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷമായിരുന്നു പ്രതികരണം എന്നതും പ്രസക്തമാണ്.

ഏക സിവിൽ കോഡിനെതിരായ പ്രക്ഷോഭത്തിൽ സിപിഎം ക്ഷണം നിരസിച്ചപ്പോൾ ലീഗ് യുഡിഎഫിൽ പറഞ്ഞ കാര്യങ്ങൾ മറന്നോ എന്നാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ചോദിക്കുന്നത്. അടുത്ത ജന്മം പട്ടിയായി ജനിക്കുന്നതിന് ഈ ജന്മം കുരയ്ക്കണോ എന്ന മേലങ്കിയോടെയായിരുന്നു പ്രതികരണം പക്ഷേ ഈ പ്രസ്‌താവന ലീഗിന് കൊണ്ടിട്ടുണ്ട്.

ഏക സിവിൽ വിഷയത്തിൽ ക്ഷണം നിരസിച്ച ലീഗിനെ ഈ തവണ വിളിക്കേണ്ട എന്നതായിരുന്നു സിപിഎം തീരുമാനം. എന്നാൽ ഇ.ടിയുടെ പ്രസ്ഥാവനക്ക് പിന്നാലെ എടുത്ത് ചാടിയുള്ള ക്ഷണിക്കൽ തീരുമാനത്തോട് താഴെ തട്ടിലുള്ള നേതാക്കൾക്കും പ്രവർത്തകർക്കും യോജിപ്പില്ല. ഒരു തവണ ക്ഷണം നിരസിച്ചവരുടെ താളത്തിനൊത്ത് എത്ര കാലം തുള്ളും എന്നതാണ് പ്രധാന ചോദ്യം.

യുഡിഎഫിൽ ആളാവാൻ വേണ്ടി ഓരോ ജിമ്മിക്കുകൾ നടത്തുന്ന ലീഗിന് മുന്നിൽ ഇനിയും വാലും ചുരുട്ടി ഇരിക്കാൻ മാത്രം മെലിഞ്ഞു പോയോ സിപിഎം എന്നും ട്രോളുന്നവരുണ്ട്. കോൺഗ്രസിൻ്റെ കണ്ണുരുട്ടൽ ഭയന്ന് ലീഗ് ഈ തവണയും ഡൈവോസിന് തയ്യാറായില്ലെങ്കിൽ സിപിഎം സംബന്ധാലോചന നിർത്തുമോ, ഇനി വന്നാൽ ആദ്യ കെട്ടിലെ സമസ്‌ത മൊഴി ചൊല്ലി പിരിയുമോ എന്നീ തരത്തില്‍ ഉയരുന്ന ചോദ്യങ്ങൾ ഒരുപാടാണ്.

ഈ മാസം 11 ന് കോഴിക്കോട് സരോവരം ട്രേഡ് സെന്‍ററിലാണ് സിപിഎം നേതൃത്വത്തില്‍ പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന റാലിയിലേക്ക് രാഷ്ട്രീയ, മത, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരെയാണ് ക്ഷണിക്കുന്നത്. സമസ്‌ത ഉള്‍പ്പെടെയുളള ഭൂരിഭാഗം മുസ്ലിം സംഘടനകളെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ALSO READ: ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്ന് ഇടി, ക്ഷണിക്കുമെന്ന് സിപിഎം: ശ്രദ്ധാകേന്ദ്രമായി നാളത്തെ പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലി

Last Updated : Nov 3, 2023, 2:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.