ETV Bharat / state

പലസ്‌തീൻ റാലിക്ക് വേദി നിഷേധിച്ചെന്ന് കോൺഗ്രസ്, ഇല്ലെന്ന് ജില്ലാകളക്‌ടര്‍; സര്‍ക്കാര്‍ പരിപാടി പൊളിക്കാന്‍ ശ്രമമെന്ന് മന്ത്രി റിയാസ്

author img

By ETV Bharat Kerala Team

Published : Nov 14, 2023, 1:06 PM IST

പലസ്‌തീൻ റാലിക്ക് വേദി നിഷേധിച്ചു  കോൺഗ്രസിൻ്റെ പലസ്‌തീൻ റാലി  Congress Palestine Solidarity Rally  മന്ത്രി മുഹമ്മദി റിയാസ്  രമേശ് ചെന്നിത്തല  Palestine Solidarity Rally stage  പലസ്‌തീൻ ഐക്യദാർഢ്യ റാലി  minister Muhammad riyas  congress  kozhikode stage issue For Congress
Congress Palestine Solidarity Rally Controversy

Congress Palestine Solidarity Rally Controversy വേദിയുടെ പേരിൽ കോൺഗ്രസ് രാഷ്‌ട്രീയം കളിക്കുകയാണെന്നും റാലി നടത്താൻ സ്ഥലം തങ്ങൾ നിർദേശിക്കാമെന്നും മന്ത്രി റിയാസ്

കോഴിക്കോട് : കോൺഗ്രസിൻ്റെ പലസ്‌തീൻ റാലിക്ക് (Congress Palestine Solidarity Rally) കോഴിക്കോട് ബീച്ചിൽ വേദി നിഷേധിച്ചതിൻ്റെ പേരിൽ വാക്‌പോര് മുറുകുന്നു. തീരുമാനത്തിന് പിന്നിൽ മന്ത്രി മുഹമ്മദ് റിയാസാണെന്ന് ഡിസിസി പ്രസിഡണ്ട് കെ.പ്രവീൺ കുമാർ ആരോപിച്ചു. റിയാസല്ല മുഖ്യമന്ത്രി തടഞ്ഞാലും റാലിയുമായി മുന്നോട്ട് പോകുമെന്നും പ്രവീൺ കുമാർ പറഞ്ഞു.

16 ദിവസം മുൻപ് ജില്ല ഭരണകൂടം വാക്കാൽ അനുമതി തന്നതാണ്. റാലി എവിടെ നടത്തണമെന്നതിൽ റിയാസിൻ്റെയും സിപിഎമ്മിൻ്റെയും ഉപദേശം വേണ്ടെന്നും പ്രവീൺ കുമാർ പറഞ്ഞു. അതേസമയം, റാലിക്ക് അനുമതി നിഷേധിച്ചതിന്‍റെ പേരിലുളള ആരോപണങ്ങൾ കോൺഗ്രസിന്‍റെ ജാള്യത മറയ്‌ക്കാനാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രതികരിച്ചു.

കോൺഗ്രസ് വോട്ട് രാഷ്‌ട്രീയം കളിക്കുന്നതായി റിയാസ് : കോൺഗ്രസിന്‍റെ ഇരട്ടത്താപ്പ് മറയ്‌ക്കാനുള്ള ശ്രമമാണിത്. കോഴിക്കോട് കടപ്പുറത്ത് നവകേരള സദസിന്‍റെ വേദി 25 ദിവസം മുൻപ് ബുക്ക് ചെയ്‌തിരുന്നു. ഒരു പരിപാടിക്ക് രണ്ടുദിവസം മുൻപല്ല വേദി തീരുമാനിക്കേണ്ടത്. കോൺഗ്രസിന് വേണമെങ്കിൽ മറ്റെവിടെയെങ്കിലും പരിപാടി നടത്താമല്ലോയെന്ന് ചോദിച്ച റിയാസ്, സർക്കാർ പരിപാടി കുളമാക്കാനാണ് കോൺഗ്രസ് ശ്രമമെന്നും കുറ്റപ്പെടുത്തി.

വേദി വിഷയം വിവാദമാക്കി കോൺഗ്രസ് വോട്ട് രാഷ്‌ട്രീയം കളിക്കുകയാണ്. ഗാസയിലെ ജനങ്ങൾ ദുരിതമനുഭിക്കുന്നതിന് പിന്നിൽ കേരളത്തിലെ എൽഡിഎഫ് സർക്കാരാണെന്നും കോൺഗ്രസ് പ്രചരിപ്പിക്കും. പലസ്‌തീൻ വിഷയത്തിൽ കോൺഗ്രസ് നേതാക്കൾക്ക് നൂറ് നിലപാടാണ്. നല്ല രീതിയിൽ ആണെങ്കിൽ എവിടെ വെച്ച് പരിപാടി നടത്താമെന്ന് ഞങ്ങൾ പറഞ്ഞ് തരാമെന്നും റിയാസ് പറഞ്ഞു.

അനുമതി നിഷേധിച്ചിട്ടില്ലെന്ന് കലക്‌ടർ : അതേസമയം, പരിപാടിക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് വിശദീകരിച്ച് കോഴിക്കോട് കലക്‌ടർ സ്‌നേഹിൽ കുമാർ സിംഗ് രംഗത്തെത്തി. നവ കേരള സദസിന്‍റെ മുന്നൊരുക്കങ്ങൾ നടത്തുന്നതിന്‍റെ ഭാഗമായാണ് വേദി നിഷേധിച്ചത്. കോഴിക്കോട് ബീച്ചിൽ തന്നെ മറ്റൊരിടത്ത് പരിപാടി നടത്താവുന്നതാണ്. നവകേരള സദസിന്‍റെ സ്റ്റേജ് ഒരുക്കാൻ കൂടുതൽ സമയം ആവശ്യമായതുകൊണ്ടാണ് വേദി മാറ്റാൻ കോൺഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടതെന്നും കലക്‌ടർ പ്രതികരിച്ചു.

സിപിഎമ്മിന്‍റെ രാഷ്‌ട്രീയ കളിയെന്ന് ചെന്നിത്തല : റാലിക്ക് അനുമതി നിഷേധിച്ചത് സിപിഎമ്മിന്‍റെ രാഷ്‌ട്രീയക്കളിയാണെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. തങ്ങളല്ലാതെ മറ്റാരും റാലി നടത്തരുതെന്ന ധാർഷ്‌ട്യമാണ് സിപിഎമ്മിനുള്ളത്. കോൺഗ്രസ് അവിടെ തന്നെ റാലി നടത്തും. പലസ്‌തീൻ ജനതയ്‌ക്ക് ആദ്യം മുതലേ ഐക്യദാർഢ്യം പ്രഖ്യാപിച്ചത് കോൺഗ്രസാണ്. ഈ വിഷയത്തിൽ ആശയകുഴപ്പമുള്ളത് സിപിഎമ്മിനാണ്. പരിപാടിയിലേക്ക് ശശി തരൂരിനെ ക്ഷണിക്കണോയെന്ന് കെപിസിസി തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.