ETV Bharat / state

ദക്ഷിണേന്ത്യയിലെ ഒരേയൊരു ദുര്യോധനക്ഷേത്രം: പാണ്ഡവ കൗരവ വൈരകഥ നിറയുന്ന പെരുവിരുത്തി മലനട, കെട്ടുകാഴ്‌ചയുടെ മഹാവിരുന്നൊരുക്കാൻ മലക്കുട മഹോത്സവം

author img

By

Published : Mar 18, 2023, 2:58 PM IST

Updated : Mar 19, 2023, 2:11 PM IST

കേരളത്തിലെ തന്നെ ഏറ്റവും വലിയ ഉത്സവാഘോഷങ്ങളിലൊന്നായ പെരുവിരുത്തി മലനട മലക്കുട മഹോത്സവത്തിന് മഹാഭാരത കഥയോളം പഴക്കവും വീര്യവുമുണ്ട്. മാർച്ച് 17ന് കൊടിയേറി മാർച്ച് 24ന് ക്ഷേത്ര ആചാരങ്ങളും ചടങ്ങുകളും കെട്ടുകാഴ്‌ചയും കലാപരിപാടികളുമായി വീണ്ടുമൊരു മലക്കുട മഹോത്സവത്തിന് ഒരുങ്ങുകയാണ് പെരുവിരുത്തി മലനട.

Malakkuda Festival Malanada Duryodhana Temple
പാണ്ഡവ കൗരവ വൈരകഥ നിറയുന്ന പെരുവിരുത്തി മലനട

ചൂതുകളിയില്‍ തോറ്റ പാണ്ഡവർ സർവവും കൗരവർക്ക് നല്‍കി വനവാസവും അതിനു ശേഷമുള്ള അജ്ഞാതവാസത്തിനുമായി വനാന്തരങ്ങൾ തേടിയും ഒളി സ്ഥലങ്ങൾ കണ്ടെത്തിയും കഴിഞ്ഞ കാലം. ഒടുവില്‍ അവരെത്തിയത് ദക്ഷിണേന്ത്യയില്‍. പാണ്ഡവരെ തേടി ദുര്യോധനനും സംഘവും അവർക്ക് പിന്നാലെയെത്തി. കഥകളും ഉപകഥകളും ഐതിഹ്യവും വിശ്വാസവുമൊക്കെ നിറഞ്ഞ മഹാഭാരതത്തില്‍ കൗരവർ ആരാധന മൂർത്തികളായതിനെ കുറിച്ചാണ് ഇനി പറയുന്നത്...

ഐതിഹ്യം ഇങ്ങനെ: ഇന്ന് കേരളത്തിലെ തന്നെ ഏറ്റവും വലിയ ഉത്സവാഘോഷങ്ങളിലൊന്നായ മലനട മലക്കുട മഹോത്സവത്തിന് മഹാഭാരത കഥയോളം പഴക്കവും വീര്യവുമുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളിലായി നിലകൊള്ളുന്ന മലനടക്കാവുകളില്‍ പ്രധാനം, കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കില്‍ പോരുവഴിക്ക് സമീപം സ്ഥിതി ചെയ്യുന്ന പെരുവിരുത്തി മലനടയാണ്. ദക്ഷിണേന്ത്യയിലെ ഒരേയൊരു ദുര്യോധനക്ഷേത്രം.

Malakkuda Festival Malanada Duryodhana Temple
ദക്ഷിണേന്ത്യയിലെ ഒരേയൊരു ദുര്യോധനക്ഷേത്രം

അജ്ഞാതവാസത്തിനിറങ്ങിയ പാണ്ഡവരെ തേടി യാത്ര തുടങ്ങിയ ദുര്യോധനൻ നെല്‍പ്പാടങ്ങളുടേയും മലകളുടേയും നടുവില്‍ പ്രകൃതി കനിഞ്ഞരുളിയ മലമുകളില്‍ എത്തി. കനത്ത ക്ഷീണത്തില്‍ ദാഹപരവശനായ ദുര്യോധനൻ അവിടുത്തെ കടുത്താംശേരി വീട്ടില്‍ വെള്ളം ചോദിച്ചു. ആ വീട്ടിലെ സ്ത്രീ ദുര്യോധനന് കുടിക്കാൻ നല്‍കിയത് ഒരു കുടം കള്ള്.

ദാഹം മാറിയ സന്തോഷത്തില്‍ ദുര്യോധനൻ മലമുകളിലിരുന്ന് ആ വീടിനും നാടിനും വേണ്ടി പ്രാർഥിച്ചു. ഇഷ്‌ടദാനമായി 101 ഏക്കറും നല്‍കി. തിരികെ ഹസ്‌തിന പുരിയിലേക്ക് മടങ്ങുമ്പോൾ താൻ മഹാഭാരത യുദ്ധം ജയിച്ച് മടങ്ങി വരുമെന്നും വന്നില്ലെങ്കില്‍ താൻ മരിച്ചതായി കണക്കാക്കി ഉദകക്രിയകൾ നടത്തണമെന്നും കുറവ സമുദായത്തില്‍ പെട്ട കടുത്താംശേരി കുടുംബത്തോട് ആവശ്യപ്പെട്ടതായാണ് ഐതിഹ്യം.

Malakkuda Festival Malanada Duryodhana Temple
മലക്കുട മഹോത്സവത്തിലെ എടുപ്പു കുതിരകൾ

ആ വിശ്വാസത്തിന്‍റെയും ഐതിഹ്യത്തിന്‍റെയും ഭാഗമായാണ് മീനമാസം ഒന്നാം വെള്ളിയാഴ്‌ച കൊടിയേറി എട്ട് ദിവസത്തെ മലനട മലക്കുട ഉത്സവം വലിയ കെട്ടുകാഴ്‌ചകളോടെ കൊണ്ടാടുന്നത്. ഉത്സവത്തിന്‍റെ പ്രധാനദിവസം (മലക്കുട) അർധരാത്രിയില്‍ ഉദകക്രിയയും അമ്പെയ്‌ത്തും നടത്തുന്നതും ആ ഐതിഹ്യത്തിന്‍റെ ഭാഗമാണ്. ഉത്സവനാളിലെ കെട്ടുകാഴ്ചകളില്‍ പ്രധാനം കാളയും എടുപ്പുകുതിരയുമാണ്‌. ദ്രാവിഡ കാർഷിക സംസ്‌കാരത്തിന്‍റെ എല്ലാ ശേഷിപ്പുകളും തുടരുന്ന മലക്കുട മഹോത്സവം വിശ്വാസത്തിനൊപ്പം കാഴ്‌ചയുടെ മഹാവിരുന്ന് കൂടിയാണ്.

peruviruthy-malanada-malakkuda-maholsavam-pallippana-poruvazhy
പാണ്ഡവ കൗരവ വൈരകഥ നിറയുന്ന പെരുവിരുത്തി മലനട

മലമുകളിലെ നടയാണ് (ക്ഷേത്രം) പിന്നീട് മലനടയായത്. മലനട അപ്പൂപ്പന്‍ എന്ന് ആരാധനപൂർവം നാട്ടുകാര്‍ വിളിക്കുന്ന ദുര്യോധനൻ പെരുവിരുത്തി മലനടയില്‍ ആരാധന മൂര്‍ത്തിയായ കഥയിങ്ങനെയാണ്. ഇവിടെ ആരാധനമൂർത്തിക്ക് വിഗ്രഹമോ ക്ഷേത്രമോ ഇല്ല. ദുര്യോധനന് ദാഹമകറ്റാൻ കള്ള് നല്‍കിയ കടുത്താംശേരി കുടുംബത്തിലെ അംഗമാണ്‌ ഇവിടുത്തെ പൂജാരി.

Malakkuda Festival Malanada Duryodhana Temple
ദക്ഷിണേന്ത്യയിലെ ഒരേയൊരു ദുര്യോധനക്ഷേത്രം

പൂജാരിയെ ഊരാളി എന്നാണ് അറിയപ്പെടുന്നത്. പ്രധാന വഴിപാടും കള്ളു നിവേദ്യമാണ്‌. ഊരാളി വെറ്റിലയും പുകയിലയും പാക്കും വെച്ച് പൂജ നടത്തും. പട്ട്‌, കോഴി എന്നിവയും നേര്‍ച്ചയായി സമര്‍പ്പിക്കാറുണ്ട്‌. പെരുവിരുത്തി മലനടയില്‍ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പള്ളിപ്പാനയും പ്രശസ്തമാണ്. പന്ത്രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന പള്ളിപ്പാനയിലെ വിവിധ പൂജകൾക്കും അതിനു ശേഷം നടക്കുന്ന മലക്കുട മഹോത്സവത്തിനുമായി ജാതിമതഭേദമന്യേ പതിനായിരങ്ങളാണ് ഇവിടേക്ക് എത്തുന്നത്.

ഒപ്പമുണ്ട് കൗരവർ: പാണ്ഡവരെ തേടിയെത്തിയ കൗരവരില്‍ ദുര്യോധനൻ മാത്രമല്ല, ദുശ്ശാസനനും ശകുനിയും കർണനും കൗരവരുടെ ഏക സഹോദരിയ ദുശ്ശളയും വരെ മലനടക്കാവുകളോട് ചേർന്ന് വിവിധ സ്ഥലങ്ങളില്‍ ആരാധന മൂര്‍ത്തികളായി. ശകുനിക്ക് കൊല്ലം ജില്ലയിലെ പവിത്രേശ്വരത്തും കർണന് കൊല്ലം ജില്ലയിലെ ഐവർകാല കിഴക്കു പൂമല മലനടയിലും ദുശ്ശാസനന് കൊല്ലം പത്തംതിട്ട ജില്ലകളുടെ അതിർത്തിയായ എണ്ണശ്ശേരിയിലും ദുശ്ശളയ്ക്ക് അതിനടുത്തായി കുന്നിരാടത്തും ആരാധന കേന്ദ്രങ്ങളുണ്ട്.

ഒരു നാടിന്‍റെയാകെ വികാരവും വിശ്വാസവും: കള്ള് നേർച്ചയായും നിവേദ്യമായും നല്‍കുന്ന അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന് എഴുതി വെക്കാത്ത ശ്രീകോവിലോ വിഗ്രഹമോ ചുറ്റമ്പലമോ ഇല്ലാതെ ആല്‍ത്തറയിലെ പീഠത്തില്‍ വിശ്വാസം കുടികൊള്ളുന്ന ദുര്യോധനക്ഷേത്രം. മലനടയില്‍ ഉത്സവത്തിന് കൊടിയേറുമ്പോൾ മുതല്‍ ഒരു നാടൊന്നാകെ ആഘോഷത്തിലേക്ക് വഴിമാറും. മലക്കുട മഹോത്സവ ദിവസം തിളങ്ങുന്ന കണ്ണുകളും വാശിയും വീറും വടിവൊത്ത ശരീരപ്രകൃതിയുമുള്ള എടുപ്പുകാളകളെ നാടിന്‍റെ വികാരമായി മലനട അപ്പൂപ്പൻ എന്ന വിശ്വാസത്തെ വലം വെയ്ക്കാനായി എത്തിക്കും.

peruviruthy-malanada-malakkuda-maholsavam-pallippana-poruvazhy
ശ്രീകോവിലോ വിഗ്രഹമോ ചുറ്റമ്പലമോ ഇല്ലാതെ ആല്‍ത്തറയിലെ പീഠത്തില്‍ വിശ്വാസം കുടികൊള്ളുന്ന ദുര്യോധനക്ഷേത്രം
peruviruthy-malanada-malakkuda-maholsavam-pallippana-poruvazhy
മലക്കുട മഹോത്സവത്തിലെ കാള

മലനട അപ്പൂപ്പന്‍റെ അധികാര പരിധിയില്‍ ഉൾപ്പെടുന്ന ഏഴുകരകളില്‍ നിന്നാണ് എടുപ്പുകുതിരകളെയും കാളകളെയും എത്തിക്കുന്നത്. ഇരുപത്തിഒന്നേകാൽ കോൽ ഉയരമുള്ള എടുപ്പുകുതിരകളെ കാണാനും അവയെ തോളിലെടുത്ത്‌ ആർപ്പുവിളികളുമായി കുന്നിൽ മുകളിലൂടെ വലംവയ്ക്കുന്നതും കാണാൻ ജാതിമതഭേദമന്യേ ജനലക്ഷം ഒഴുകിയെത്തും. അതിനൊപ്പം കെട്ടുകാഴ്‌ചകളായി വലുതും ചെറുതുമായ ചെറുകാളകളും.

peruviruthy-malanada-malakkuda-maholsavam-pallippana-poruvazhy
കെട്ടുകാഴ്‌ചയുടെ മഹാവിരുന്നൊരുക്കാൻ മലക്കുട മഹോത്സവം

ഓലക്കുട ചൂടി ഒറ്റക്കാലിൽ ഉറഞ്ഞു തുള്ളിയെത്തുന്ന ക്ഷേത്രത്തിലെ പൂജാരി താഴേയ്ക്ക്‌ താഴേയ്ക്ക്‌ ഇറങ്ങിചെന്ന്‌ കെട്ടുകാഴ്ചകളെ അനുഗ്രഹിക്കുന്നതോടെ ഉത്സവാഘോഷങ്ങൾക്ക് പകിട്ടേറും. ഉത്സവദിനം കണ്ടത്തിൽ (പാടത്ത്) ഒത്തുചേരുന്ന കാളകളും എടുപ്പുകുതിരകളും ഊരാളിയുടെ രൂപത്തില്‍ എത്തുന്ന മലനട അപ്പൂപ്പന്‍റെ അനുഗ്രഹത്തിനായി കാത്തു നിൽക്കും. വലിയകാളയെ ഊരാളി അനുഗ്രഹിക്കുന്നതോടെ മലകയറാൻ കെട്ടുകാഴ്ചകൾ തയ്യാറാകും. അപ്പൂപ്പന്‍റെ അനുഗ്രഹത്താല്‍ എടുപ്പുകാളകൾ മലയിലേക്ക് താനെ കയറുന്നു എന്നും ആരും ക്ഷീണിക്കുന്നില്ലെന്നാണ് വിശ്വാസം.

Malakkuda Festival Malanada Duryodhana Temple
മലക്കുട

ഉത്സവാഘോഷങ്ങളുടെ ഭാഗമായി 1990 വരെ കേരളത്തില്‍ തന്നെ ഏറ്റവും വലിയ മത്സരക്കമ്പം നടന്നിരുന്ന സ്ഥലമാണ് പെരുവിരുത്തി മലനട ക്ഷേത്രം. എന്നാല്‍ 1990ല്‍ നടന്ന വെടിക്കെട്ട് ദുരന്തത്തിന് ശേഷം മത്സരക്കമ്പത്തിന് നിരോധനം ഏർപ്പെടുത്തി.

ശരശയ്യയുടെ ഐതിഹ്യം പറയുന്ന പള്ളിപ്പാന: മലനടയില്‍ മലക്കുട മഹോത്സവത്തിന് മുന്നോടിയായി പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന പള്ളിപ്പാന പ്രശസ്തമാണ്. വേല സമുദായത്തിൽപ്പെട്ടവരുടെ കാർമ്മികത്വത്തിൽ നടക്കുന്ന ഈ പൂജ പന്ത്രണ്ടു ദിവസം നീണ്ടുനിൽക്കും. ചൂരൽവള്ളികൾ ശരീരത്തിൽ ചുറ്റി ക്ഷേത്രമുറ്റത്ത്‌ ഉരുളുന്ന പള്ളിപ്പാന ചടങ്ങ്‌ കുരുക്ഷേത്രയുദ്ധത്തിലെ ശരശയ്യയെയാണ്‌ അനുസ്മരിക്കുന്നതെന്ന് വിശ്വാസികൾ പറയുന്നു.

peruviruthy-malanada-malakkuda-maholsavam-pallippana-poruvazhy
പെരുവിരുത്തി മലനട മലക്കുട മഹോത്സവം

നിഴല്‍ക്കുത്ത് വഴി പാണ്ഡവരെ കൊലപ്പെടുത്താൻ കൗരവർ ഏർപ്പാടാക്കിയ വേലന് മലനടയുമായി ബന്ധമുണ്ടെന്നും ഐതിഹ്യമുണ്ട്. അതിനാല്‍ മലക്കുട മഹോത്സവത്തിന്‍റെ ഭാഗമായി കേരളത്തിന്‍റെ തനത് കലാരൂപങ്ങളിലൊന്നായ നിഴല്‍ക്കുത്ത്, ഒരു പരിപാടിയായി അവതരിപ്പിക്കുന്ന രീതിയും പെരുവിരുത്തി മലനടയിലുണ്ട്.

ഉത്സവം കൊടിയേറി : മാർച്ച് 17ന് കൊടിയേറി മാർച്ച് 24ന് ക്ഷേത്ര ആചാരങ്ങളും ചടങ്ങുകളും കെട്ടുകാഴ്‌ചയും കലാപരിപാടികളുമായി മലക്കുട മഹോത്സവത്തിന് ഒരുങ്ങുകയാണ് പെരുവിരുത്തി മലനട.

തയ്യാറാക്കിയത്

അഞ്ജലി യു

കണ്ടന്‍റ് റിസർച്ചർ, റാമോജി നോളജ് സെന്‍റർ

ഹൈദരാബാദ്

Last Updated :Mar 19, 2023, 2:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.