ETV Bharat / state

'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' അരങ്ങിലെത്തിയിട്ട് ഏഴുപതിറ്റാണ്ട്; ചെങ്കൊടിയേന്തി ആവേശം ചോരാതെ കെപിഎസിയുടെ യാത്ര തുടരുന്നു

author img

By

Published : Dec 9, 2022, 9:16 PM IST

KPAC ningalenne communistakki drama at 70 years  KPAC ningalenne communistakki drama  നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി  നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകം  നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി 70തിന്‍റെ നിറവില്‍  നാടകം
ചെങ്കൊടിയേന്തി ആവേശം ചോരാതെ കെപിഎസിയുടെ യാത്ര തുടരുന്നു

തോപ്പില്‍ ഭാസി രചന നിര്‍വഹിച്ച് 1952ല്‍ അരങ്ങിലെത്തിയ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' നാടകം ഡിസംബര്‍ ആറിനാണ് 70 വര്‍ഷം പൂര്‍ത്തിയാക്കിയത്. മലയാള രാഷ്‌ട്രീയ ചരിത്രത്തില്‍ എക്കാലവും തലയെടുപ്പോടെ നില്‍ക്കുന്നതാണ് ഈ നാടകം

കൊല്ലം: 1952 ഡിസംബര്‍ ആറ്... കൊല്ലം ജില്ലയിലെ ചവറ തട്ടാശേരി മൈതാനത്ത് മുഴങ്ങിക്കേൾക്കുന്നത് ഇൻക്വിലാബ് സിന്ദാബാദ്. തൊഴിലാളി വർഗത്തിന്‍റെ വിമോചന സ്വപ്‌നങ്ങളുമായി സുദർശന ടാക്കീസിൽ ഒരു നാടകം ആദ്യ അവതരണത്തിന് ഒരുങ്ങുകയാണ്. അരങ്ങിൽ കാമ്പിശേരി കരുണാകരനും എൻ രാജഗോപാലൻ നായരും സാംബശിവനും തോപ്പിൽ കൃഷ്‌ണപിള്ളയും സുധർമയും ഒ മാധവനും വിജയകുമാരിയും. ഒരു ജനതയുടെ പൊള്ളുന്ന ജീവിത യാഥാര്‍ഥ്യങ്ങളെ അടയാളപ്പെടുത്തിയ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകം പിറവികൊണ്ടു.

'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' അരങ്ങിലെത്തിയിട്ട് 70 വര്‍ഷം

കേരളത്തിന്‍റെ രാഷ്‌ട്രീയ ചരിത്രം മാറ്റി എഴുതിയ നാടകം പിറവി കൊണ്ടിട്ട് ഏഴുപതിറ്റാണ്ട് പൂര്‍ത്തിയായിരിക്കുന്നു. പതിനായിരത്തിൽപ്പരം വേദികൾ പിന്നിട്ട കെപിഎസിയുടെ നാടകം ചരിത്രത്താളുകളില്‍ ഇടം നേടിയതില്‍ മലയാളിക്കും അഭിമാനം. അന്നത്തെ, അഭിനേതാക്കളിൽ വിജയകുമാരി ഒഴികെ മറ്റെല്ലാവരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. നാടകത്തിന്‍റെ ആദ്യ അവതരണത്തിനെതിരെ ഉയർന്ന എല്ലാ ഭീഷണികളെയും അതിജീവിച്ചാണ് അവതരണം പൂർത്തിയാക്കിയത്. ആദ്യ അവതരണം വിജയമായപ്പോൾ എതിര്‍ചേരിയിലുണ്ടായിരുന്നവര്‍ പോലും പ്രശംസയുമായെത്തി.

മലയാളി മറക്കാത്ത പാട്ടുകളുള്ള നാടകം: 'ആ കൊടിയിങ്ങ് താ മക്കളേ, ഞാനതൊന്ന് പൊക്കി പിടിക്കട്ടെ'യെന്ന് നാടകത്തിലെ പരമുപിള്ള പറയുന്ന രംഗമുണ്ട്. വേദിയുടെ ഒത്ത നടുവിൽ ചെങ്കൊടി ഉയരുന്നു. നാടകം കാണാനെത്തിയ അടിസ്ഥാന വർഗം മുദാവാക്യം വിളിച്ചു. ആദ്യ അവതരണത്തിൽ അഞ്ച് മണിക്കൂർ ദൈർഘ്യവും 25 പാട്ടുകളും ഉണ്ടായിരുന്ന നാടകം, രചയിതാവായ തോപ്പിൽ ഭാസി തന്നെ പിന്നീട് രണ്ടരമണിക്കൂറായി ചുരുക്കുകയായിരുന്നു. പൊന്നരിവാളമ്പിളിയില്‍, വെള്ളാരം കുന്നിലെ പൊന്മുളംകാട്ടിലെ, നമ്മളുകൊയ്യും വയലെല്ലാം 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകത്തിലെ പാട്ടുകള്‍ ഒരിക്കലെങ്കിലും മൂളാത്തവര്‍ വിരളമായിരിക്കും. ഏഴുപതിറ്റാണ്ടില്‍ എത്തി നില്‍ക്കുമ്പോഴും ആവേശം ഒട്ടും ചോരാതെ ചെങ്കൊടി ഉയര്‍ത്തി വേദികളിൽ നിന്നും വേദികളിലേക്ക് കെപിഎസി നാടകവണ്ടിയുടെ യാത്ര തുടരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.