ETV Bharat / state

കൊല്ലത്ത് അമേരിക്കന്‍ വനിതയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചു ; രണ്ട് പേർ പിടിയിൽ

author img

By

Published : Aug 2, 2023, 12:15 PM IST

Updated : Aug 2, 2023, 2:26 PM IST

വള്ളിക്കാവ് അമൃത പുരിയിൽ എത്തിയ അമേരിക്കൻ സ്വദേശിനിയെയാണ് പ്രതികൾ മദ്യം നൽകി ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചത്

American woman sexually assaulted in Kollam  അമേരിക്കൻ സ്വദേശിനിക്ക് നേരെ ലൈംഗിക അതിക്രമം  വിദേശ വനിതയ്‌ക്ക് നേരെ പീഡനം  വിദേശ വനിതയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചു  കൊല്ലത്ത് വിദേശ വനിതയെ പീഡിപ്പിച്ചു
വിദേശ വനിതക്ക് നേരെ പീഡനം

കൊല്ലം : വള്ളിക്കാവ് അമൃത പുരിയിൽ എത്തിയ വിദേശ വനിതയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചെറിയഴീക്കൽ പന്നിശ്ശേരിൽ നിഖിൽ (28) ചെറിയഴീക്കൽ അരയശേരിൽ ജയൻ എന്നിവരാണ് പിടിയിലായത്. അമൃതപുരി ആശ്രമത്തിന് സമീപമുള്ള ബീച്ചിൽ ഇരിക്കുകയായിരുന്ന യുഎസ് സ്വദേശിനിയായ 44 കാരിയാണ് പീഡനത്തിന് ഇരയായത്. ജൂലൈ 31നായിരുന്നു കേസിനാസ്‌പദമായ സംഭവം.

ബീച്ചിൽ ഇരിക്കുകയായിരുന്ന ഇവരെ പ്രതികൾ മദ്യം കാണിച്ച് പ്രലോഭിപ്പിച്ച ശേഷം ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇവരുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ ആദ്യം സിഗരറ്റ് വേണോ എന്ന് ചോദിച്ചു. അത് നിരസിച്ചതോടെ മദ്യക്കുപ്പി കാട്ടി പ്രലോഭിപ്പിച്ച് ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി.

ശേഷം അമിതമായി മദ്യം നൽകി ഇവരെ ബോധരഹിതയാക്കി പീഡിപ്പിച്ചു. പിന്നീട് ബോധം വീണ്ടെടുത്തതിന് ശേഷം ആശ്രമത്തിലെത്തി അധികൃതരോട് 44കാരി പീഡന വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ആശ്രമം അധികൃതർ പൊലീസിൽ അറിയിച്ചു.

പിന്നാലെ ഇവര്‍ പരാതി നൽകുകയും കരുനാഗപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അതേസമയം രണ്ട് പ്രതികളേയും ചോദ്യം ചെയ്‌തതിന് ശേഷം മാത്രമേ സംഭവത്തിന്‍റെ വിശദാംശങ്ങൾ സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. ജൂലൈ 22 ന് യുവതി കേരളത്തിൽ എത്തിയത്.

തിരുവനന്തപുരത്തും വിദേശ വനിതയ്‌ക്ക് നേരെ അതിക്രമം : ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് വിദേശ വനിതയ്‌ക്കുനേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. യുകെയില്‍ നിന്നെത്തിയ തനിക്കുനേരെ ലൈംഗികാതിക്രമത്തിന് ശ്രമമുണ്ടായെന്ന 25 കാരിയുടെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354 എ, 354 ഡി വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ജനുവരി 31 ന് പ്രതികള്‍ തനിക്ക് അശ്ലീല സന്ദേശങ്ങളയച്ചുവെന്നും തുടര്‍ന്ന് റിസോര്‍ട്ടില്‍ നിന്ന് ബീച്ചിലേക്ക് പോകുന്നതിനിടെ പിന്‍തുടര്‍ന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നുമായിരുന്നു യുവതിയുടെ പരാതി.

തിരുവനന്തപുരത്തെത്തിയ യുവതി യാത്രയ്ക്കാ‌യി മുഖ്യ പ്രതിയുടെ ടാക്‌സി വിളിച്ചിരുന്നു. ഇതുവഴിയാണ് ഇവര്‍ക്ക് യുവതിയുടെ ഫോണ്‍ നമ്പര്‍ ലഭിക്കുന്നത്. തുടര്‍ന്ന് ഇവര്‍ക്കൊപ്പം ചെല്ലാന്‍ ആവശ്യപ്പെട്ട് മൊബൈല്‍ ഫോണ്‍ വഴി ശല്യപ്പെടുത്തി. യുവതി ഇത് എതിര്‍ത്തതോടെ റിസോര്‍ട്ടില്‍ നിന്ന് ബീച്ചിലേക്ക് പോകുന്ന വഴിയില്‍ യുവതിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കാന്‍ പ്രതികള്‍ ശ്രമിക്കുകയായിരുന്നു.

രാജസ്ഥാനിൽ ടാക്‌സി ഡ്രൈവർ പിടിയിൽ : അടുത്തിടെ രാജസ്ഥാനില്‍ വിദേശ വനിതയ്‌ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ടാക്‌സി ഡ്രൈവറെ പൊലീസ് പിടികൂടിയിരുന്നു. ബിക്കാനീര്‍ സ്വദേശി കുല്‍ദീപ് സിങ് സിസോദിയയാണ് (40) അറസ്റ്റിലായത്. റോഡിലൂടെ നടന്ന് താമസ സ്ഥലത്തേക്ക് പോകുമ്പോഴാണ് പ്രതി വിദേശ വനിതയോട് മോശമായി പെരുമാറിയത്.

സൗഹൃദത്തില്‍ യുവതികളോട് സംസാരിച്ച ഇയാള്‍ യുവതികളിൽ ഒരാളുടെ തോളില്‍ കൈയിടുകയും ശരീരത്തില്‍ മോശമായി സ്‌പര്‍ശിക്കുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇയാളുടെ വീഡിയോ മൊബൈലില്‍ പകര്‍ത്തി. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും പൊലീസ് ഹെല്‍പ്പ് ലൈന്‍ വാട്‌സ് ആപ്പ് നമ്പറില്‍ ലഭിക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തത്.

Last Updated : Aug 2, 2023, 2:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.