കാസര്‍കോട്: ഉദുമ പെരിയിലവളപ്പിൽ മുതലാസ് വീടിന്, വിഷുക്കാലം ഉണ്ണിയപ്പത്തിന്‍റെ കച്ചവടക്കാലം കൂടിയാണ്. വിഷുവിന് കണ്ണനൊപ്പം കണികാണാൻ വിശ്വാസികള്‍ക്ക് ഉണ്ണിയപ്പം നിര്‍ബന്ധമായതുകൊണ്ട് തന്നെ നിര്‍മിച്ചവയൊക്കെയും ചൂടോടെയാണ് വിറ്റുപോവുന്നത്. 20,000 ഉണ്ണിയപ്പമാണ് ഇവിടെ വിഷു ആഘോഷത്തിന്‍റെ ഭാഗമായി നിര്‍മിച്ചത്.
മുതലാസ് വീട്ടുടമ കെ ജയഭാരതി, എൻകെ ജ്യോതി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പലഹാര നിര്‍മാണത്തിന് പിന്നില്‍. അഞ്ചുവർഷമായി ഉണ്ണിയപ്പം ഉണ്ടാക്കാറുണ്ടെങ്കിലും മുന്‍വർഷത്തേക്കാൾ ആവശ്യക്കാർ ഇപ്രാവശ്യമുണ്ടെന്ന് ഇവർ പറയുന്നു. പുലർച്ചെ മൂന്നുമണി മുതൽ തുടങ്ങുന്ന അധ്വാനം അർധരാത്രി വരെ നീളും.
പുലർച്ചെ മൂന്നിന് ഉണ്ണിയപ്പത്തിനുള്ള അരവുതുടങ്ങും. പുഴുങ്ങലരി, പച്ചരി, ശര്‍ക്കര, കൊട്ടത്തേങ്ങ, എള്ള്, ഏലക്ക തുടങ്ങിയവ ചേർത്താണ് ഉണ്ണിയപ്പ നിർമാണം. കൊട്ടത്തേങ്ങയും മറ്റും പശുവിൻ നെയ്യില്‍ വറുത്തെടുത്ത് മൂന്ന് അടുപ്പുകളിലാണ് ഉണ്ണിയപ്പമുണ്ടാക്കുന്നത്. 1,000 അപ്പത്തിന് 20 കിലോ തൂക്കം കിട്ടും. ഒരുകിലോയ്ക്ക് 180 രൂപ നിശ്ചയിച്ചാണ് വില്‍പന.
രുചിപ്പെരുമ 'പരസ്യ'മായി, പിന്നെ ഡിമാന്‍റോട് ഡിമാന്‍റ്: ശരാശരി 50 എണ്ണം ഉണ്ണിയപ്പം വയ്‌ക്കുമ്പോഴാണ് ഒരുകിലോ തൂക്കമുണ്ടാവുക. വിഷു പ്രമാണിച്ച് നിരവധി ഓർഡറുകളാണ് വന്നതെന്ന് ഇവർ പറയുന്നു. ജയഭാരതിയുടെ ഭര്‍ത്താവ് അരവിന്ദന്‍ പാലക്കുന്നില്‍ നടത്തുന്ന കടയില്‍ അത്യാവശ്യക്കാർക്ക് നേരത്തേതന്നെ ഉണ്ണിയപ്പം നൽകിയിരുന്നു. ഇതിന്‍റെ രുചി അറിഞ്ഞാണ് കൂടുതൽ ആവശ്യക്കാർ എത്തുന്നത്.
മറ്റെവിടെയും കിട്ടാത്ത രുചിയാണ് ഇവിടുത്തേതിനെന്ന് വാങ്ങി കഴിച്ചവര്‍ പറയുന്നു. അച്ചാറുകളും കേക്കും ഉണ്ടാക്കിയിരുന്ന ജയഭാരതി ഉണ്ണിയപ്പ നിര്‍മാണത്തിലേക്ക് ചുവടുമാറ്റുകയായിരുന്നു. അയല്‍ക്കാരായ പിവി പ്രീത, കെ ഗീത, കെകെ ശോഭന, പിവി ലസിത, വി ദാക്ഷായണി, എം സരസ്വതി എന്നിവരും സഹായത്തിനുണ്ട്.