ETV Bharat / state

കാസർകോട് സ്‌കൂള്‍ വളപ്പിലെ മരം കടപുഴകി വീണ് 11കാരിക്ക് ദാരുണാന്ത്യം

author img

By

Published : Jul 3, 2023, 6:01 PM IST

Updated : Jul 4, 2023, 2:38 PM IST

അംഗഡിമൊഗർ ജി എച്ച് എസ് എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹയാണ് (11) മരിച്ചത്

tree fell down in rain  tree fell down  student died  student death by tree fell down  കാസർകോട്  മരം  മരം കടപുഴകി വീണ്  വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  ആയിഷത്ത് മിൻഹ
കാസർകോട് മരം കടപുഴകി വീണ് 11കാരിക്ക് ദാരുണാന്ത്യം ; അപകടം സ്‌കൂളില്‍ നിന്ന് മടങ്ങവെ

കാസർകോട് മരം കടപുഴകി വീണ് 11കാരിക്ക് ദാരുണാന്ത്യം

കാസർകോട് : പുത്തിഗെയിൽ സ്‌കൂള്‍ വളപ്പിലെ മരം കടപുഴകി വീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. അംഗഡിമൊഗർ ജി എച്ച് എസ് എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹയാണ് (11) മരിച്ചത്. അംഗഡിമൊഗറിലെ ബി എം യൂസഫ് - ഫാത്തിമ സൈനബ ദമ്പതികളുടെ മകളാണ്.

സ്‌കൂള്‍ വിട്ടശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുട്ടി. കനത്ത മഴയിൽ, സ്‌കൂള്‍ ഗ്രൗണ്ടിനോട് ചേർന്നുനിന്നിരുന്ന മരമാണ് കടപുഴകി വീണത്. ഉടൻ തന്നെ കുട്ടിയെ കുമ്പളയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാസർകോട് ജില്ലയിൽ ഇന്ന് രാവിലെ മുതൽ കനത്ത മഴ തുടരുകയാണ്. അടുത്ത മൂന്ന് ദിവസത്തേക്ക് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി : മരം കടപുഴകി വീണ് വിദ്യാർഥിനി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടറെ ചുമതലപ്പെടുത്തി. ആയിഷത്ത് മിൻഹയുടെ മരണത്തിൽ മന്ത്രി അതീവ ദുഃഖം രേഖപ്പെടുത്തി. സ്‌കൂളുകളുടെ സമീപത്ത് അപകടകരമായ തരത്തിൽ മരങ്ങൾ ഉണ്ടെങ്കിൽ അവ വെട്ടിമാറ്റണമെന്ന് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നുവെന്നും സ്‌കൂളുകൾ ഈ നിർദേശം കർശനമായി പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

നിർദേശം നൽകിയിട്ടും ഇത്തരമൊരു സംഭവം ഉണ്ടായത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നു. അപകടത്തിൽ രിഫാന എന്ന കുട്ടിക്ക് പരിക്കേറ്റിട്ടുമുണ്ട്. രിഫാനയ്ക്ക് തലയ്ക്കാണ് പരിക്കെങ്കിലും ഗുരുതരമല്ലെന്നാണ് വിവരം. അതേസമയം സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്.

ആലുവയില്‍ മരം വീണ് എട്ട് വയസുകാരന്‍ മരിച്ചു: അതേസമയം, ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ആലുവയിൽ ആൽമരം ഒടിഞ്ഞ് വീണ് എട്ടുവയസുകാരന്‍ മരിച്ചിരുന്നു. ആലുവ, വെളിയത്തുനാട് കാരോട്ട് പറമ്പിൽ രാജേഷിന്‍റെ മകൻ അഭിനവ് കൃഷ്‌ണയായിരുന്നു മരിച്ചത്. മഴയെ തുടര്‍ന്നുണ്ടായ ശക്തമായ കാറ്റില്‍ ആൽമരത്തിന്‍റെ ചില്ല ഒടിഞ്ഞ് വീഴുകയായിരുന്നു. വെളിയത്തുനാട് വെള്ളാം ഭഗവതി ക്ഷേത്രമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികൾക്ക് മേലാണ് മരം വീണത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഭിനവിനെ ആദ്യം ആലുവ കാരോത്തുകുഴി ആശുപത്രിയിലും, തുടർന്ന് രാജഗിരി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഭിനവിനൊപ്പം കളിക്കുകയായിരുന്ന കരോട്ടുപറമ്പിൽ സബീഷിന്‍റെ മകൻ സച്ചിൻ (7) പുത്തൻ ചാലിൽ വിനോദിന്‍റെ മകൻ ആദിദേവ് വിനോദ് (8) എന്നീ രണ്ട് കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്.

ആൽമരത്തിന് സമീപം ഫുട്ബോൾ കളിക്കുകയായിരുന്ന കുട്ടികളുടെ മുകളിലേക്ക് കാറ്റിൽ ഒടിഞ്ഞുവീണ ആൽ മരത്തിന്‍റെ ശിഖരം പതിക്കുകയായിരുന്നു. ഈ സമയം ഇവിടെ പത്ത് പേരായിരുന്നു കളിച്ചുകൊണ്ടിരുന്നത്. വലിയ ശബ്‌ദത്തോടെ മരം വീഴുന്നതിനിടെ കുട്ടികൾ ഓടി മാറിയെങ്കിലും മൂന്ന് പേർ മരത്തിനടിയിൽപ്പെടുകയായിരുന്നു.

Last Updated : Jul 4, 2023, 2:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.