ETV Bharat / state

Nipah Caution In Kasaragod നിപ; കാസർകോടും ജാഗ്രത, ആരോഗ്യവകുപ്പിലെ പ്രോഗ്രാം ഓഫിസര്‍മാരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു

author img

By ETV Bharat Kerala Team

Published : Sep 13, 2023, 7:32 PM IST

Nipah Situation In Kasaragod : ജില്ലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട അടിയന്തര സാഹചര്യങ്ങള്‍ നിലവിലില്ലെന്ന് വിലയിരുത്തിയിട്ടുണ്ട്.

nipah  nipah caution  kasaragod  Nipah Situation In Kasaragod  നിപ  കാസർകോടും ജാഗ്രത  ആരോഗ്യവകുപ്പിലെ പ്രോഗ്രാം  കോഴിക്കോട്  പ്രോഗ്രാം ഓഫീസര്‍മാരുടെ അടിയന്തര യോഗം  കോഴിക്കോട് നിപ
Nipah Caution In Kasaragod

കാസർകോട്: കോഴിക്കോട് ജില്ലയില്‍ നിപ (Nipah) സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടുത്ത ജില്ലയായ കാസര്‍കോട് (Kasaragod) ജില്ലയിലും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ എ.വി.രാംദാസ് അറിയിച്ചു. ആരോഗ്യവകുപ്പിലെ പ്രോഗ്രാം ഓഫിസര്‍മാരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. ജില്ലയില്‍ ആശങ്കപ്പെടേണ്ട അടിയന്തര സാഹചര്യങ്ങള്‍ നിലവിലില്ലെന്ന് വിലയിരുത്തിയിട്ടുണ്ട്.

പകര്‍ച്ചവ്യാധി പരിവീക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ എല്ലാ ആരോഗ്യകേന്ദ്രങ്ങള്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്‌തു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിച്ച് ജാഗ്രതയോടെ നേരിടണമെന്നും ഡി.എം.ഒ അറിയിച്ചു. പനിയോടൊപ്പം ശക്തമായ തലവേദന, ക്ഷീണം, ഛര്‍ദ്ദി, തളര്‍ച്ച, ബോധക്ഷയം, കാഴ്‌ച മങ്ങുക എന്നിവയാണ് നിപയുടെ പ്രധാന രോഗ ലക്ഷണങ്ങള്‍.

ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണമെന്നും നിർദേശമുണ്ട് . ശരീര സ്രവങ്ങള്‍ വഴിയാണ് രോഗം പകരുന്നത്. അതുകൊണ്ടുതന്നെ ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴുമുള്ള ചെറു സ്രവകണങ്ങള്‍ മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ മാസ്‌ക് ഉപയോഗിക്കണം.

ഇത്തരം രോഗികളെ പരിചരിക്കുന്നവരും അവരുമായി അടുത്തിടപഴകുന്ന സാഹചര്യമുള്ളവരും എന്‍ 95 മാസ്‌കും കയ്യുറകളും ഉപയോഗിക്കണം. കൈകള്‍ പല സ്ഥലങ്ങളിലും സ്‌പര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുകയും ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കഴുകുകയും വേണം. രോഗീ സന്ദര്‍ശനങ്ങളും പകര്‍ച്ചവ്യാധി സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്രകളും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

ലക്ഷണങ്ങളുള്ള രോഗികള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍, ബെഡ്ഷീറ്റ് മുതലായവ പ്രത്യേകം പുഴുങ്ങി അലക്കി വെയിലില്‍ ഉണക്കുക. മുറികള്‍ അണുനാശിനി ഉപയോഗിച്ച് കഴുകുക. പക്ഷി മൃഗാദികളുടെ കടിയേറ്റതോ നിലത്ത് വീണു കിടക്കുന്നതോ ആയ പഴങ്ങള്‍ ഉപയോഗിക്കരുത്.

പഴങ്ങള്‍ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക. തുറന്ന് വച്ച കലങ്ങളില്‍ സൂക്ഷിച്ച കള്ള് പോലെയുള്ള പാനീയങ്ങള്‍ ഉപയോഗിക്കാതിരിക്കുക. നിപ പോലുള്ള സാഹചര്യങ്ങളില്‍ തെറ്റായ വാര്‍ത്തകളും പ്രചരണങ്ങളും തിരിച്ചറിയാനും തള്ളിക്കളയാനും എല്ലാവരും ശ്രദ്ധിക്കുകയും ശരിയായ വിവരങ്ങള്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളെ പിന്തുടരുകയും ചെയ്യുക. ഏതെങ്കിലും സഹായങ്ങള്‍ക്ക് അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളെയോ ആരോഗ്യ പ്രവര്‍ത്തകരെയോ ബന്ധപ്പെടാവുന്നതാണ്.

അതേസമയം, നിപ (Nipah) രോഗലക്ഷണമുള്ള രണ്ടുപേരുടെ സാമ്പിൾ കൂടി പരിശോധനയ്‌ക്കായി പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് (Pune Virology Institute) അയച്ചു. സമ്പർക്ക പട്ടികയിലുള്ള (Nipah Contact List) രണ്ട് ആരോഗ്യ പ്രവർത്തകരുടെ (Health Workers) സാമ്പിളുകളാണ് പരിശോധനയ്‌ക്കയച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരാണിവർ (Nipah Virus More Samples For Test).

മരുതോങ്കരയിൽ മരിച്ച വ്യക്തിയുമായാണ് ഇവര്‍ക്ക് സമ്പർക്കമുണ്ടായിരുന്നത്. ഇയാളുടെ റൂട്ട് മാപ്പ് പഞ്ചായത്ത് തയ്യാറാക്കിയിരുന്നു. ഓഗസ്‌റ്റ് 22ന് ലക്ഷണങ്ങൾ തുടങ്ങി. ഇയാള്‍ 23 ന് വൈകിട്ട് ഏഴ് മണിക്ക് തിരുവള്ളൂരിൽ കുടുംബ ചടങ്ങിൽ പങ്കെടുത്തു. 25ന് 11 മണിക്ക് മുള്ളംകുന്ന് ഗ്രാമീണ ബാങ്ക് സന്ദർശിച്ച ഇയാള്‍, ഇതേ ദിവസം 12.30ന് കള്ളാഡ് ജുമ മസ്‌ജിദിലുമെത്തി.

26ന് രാവിലെ 11 മുതൽ 1.30 വരെ കുറ്റ്യാടിയിലെ ഡോ.ആസിഫലി ക്ലിനിക്കിൽ ചികിത്സ തേടി. 28ന് രാത്രി 09.30ന് തൊട്ടിൽപ്പാലം ഇഖ്റ ആശുപത്രിയിൽ ചികിത്സ തേടി. 29ന് അർധരാത്രി കോഴിക്കോട്ടെ ഇഖ്റയിലേക്ക് മാറ്റിയെങ്കിലും 30ന് പുലർച്ചെ മരിക്കുകയുമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.