ETV Bharat / state

ശരീരത്തിൽ മുഴകളും വൃണങ്ങളും, പശുക്കളിൽ ചർമ മുഴ രോഗം പടരുന്നു; ക്ഷീര കർഷകർ ആശങ്കയിൽ

author img

By

Published : Dec 27, 2022, 8:00 PM IST

കന്നുകാലികളിലെ പാലുല്‌പാദന ശേഷി ഗണ്യമായി കുറക്കാൻ കാരണമാകുന്ന ചർമ മുഴ രോഗം കാസർകോട് പടരുന്നു. രോഗ വ്യാപനം കൂടുന്നതോടെ പശുക്കൾ ചത്തൊടുങ്ങും എന്ന ആശങ്കയിലാണ് ഇവിടുത്തെ ക്ഷീരകർഷകർ

cow charmamuzha issue  പശുക്കളിൽ ചർമ മുഴ  ക്ഷീര കർഷകർ ആശങ്കയിൽ  Lumpy Skin Disease in livestock  Lumpy Skin Disease in cows  ശരീരത്തിൽ മുഴകളും വൃണങ്ങളും  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ക്ഷീരകർഷകർ  എല്‍എസ്‌ഡി  കാപ്രിപോക്‌സ്‌ വൈറസ്  കന്നുകാലി  ചർമ മുഴ  Lumpy Skin Disease  Lumps and cysts on the body of livestock  Dairy farmers crisis  kerala news  malayalam news  livestock Disease
പശുക്കളിൽ ചർമ മുഴ രോഗം പടരുന്നു

പശുക്കളിലെ ചർമ രോഗത്താൽ ക്ഷീര കർഷകർ പ്രതിസന്ധിയിൽ

കാസർകോട് : ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കി പശുക്കളിൽ ചർമ മുഴ രോഗം വ്യാപിക്കുന്നു. പശുക്കളുടെ പാലുൽപാദനവും പ്രത്യുൽപാദനക്ഷമതയുമെല്ലാം ഗണ്യമായി കുറയുന്നതിന് കാരണമാകുന്ന സാംക്രമിക ചര്‍മ മുഴ രോഗത്തിന് (എല്‍എസ്‌ഡി) കാരണം കാപ്രിപോക്‌സ്‌ വൈറസ് ഇനത്തിലെ എല്‍എസ്‌ഡി വൈറസുകളാണ്. ഈ വൈറസുകളെ കന്നുകാലികളിലേക്ക് പ്രധാനമായും പടര്‍ത്തുന്നത് കടിയീച്ച, ചെള്ള്, കൊതുക്, വട്ടന്‍ തുടങ്ങിയ രക്തമൂറ്റുന്ന ബാഹ്യപരാദങ്ങളാണ്.

രോഗബാധയേറ്റ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും അമ്മയില്‍നിന്ന് കിടാവിലേക്ക് പാല്‍ വഴിയും രോഗപ്പകര്‍ച്ചയ്‌ക്ക് സാധ്യതയുണ്ട്. രോഗാണുബാധയേറ്റാൽ നാല് മുതല്‍ 14 ദിവസങ്ങള്‍ക്കകം പശുക്കളും എരുമകളും ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങും. ഉയര്‍ന്ന പനി, പാലുൽപാദനം ഗണ്യമായി കുറയല്‍, തീറ്റ മടുപ്പ്, മെലിച്ചില്‍, കണ്ണില്‍നിന്നും മൂക്കില്‍നിന്നും നീരൊലിപ്പ്, വായില്‍നിന്നും ഉമിനീര്‍ പതഞ്ഞൊലിക്കല്‍, കഴലകളുടെ വീക്കം എന്നിവയെല്ലാമാണ് ആദ്യ ലക്ഷണങ്ങള്‍.

തുടര്‍ന്ന് 48 മണിക്കൂറിനുള്ളില്‍ ത്വക്കില്‍ പല ഭാഗങ്ങളിലായി രണ്ട് മുതല്‍ അഞ്ച് സെന്‍റിമീറ്റര്‍ വരെ വ്യാസത്തില്‍ വൃത്താകൃതിയില്‍ നല്ല കട്ടിയുള്ള മുഴകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. തലയിലും കഴുത്തിലും കൈകാലുകളിലും അകിടിലും വാലിന്‍റെ കീഴ്‌ഭാഗത്തും ഗുദഭാഗത്തുമെല്ലാം ഇത്തരം മുഴകള്‍ ധാരാളമായി കാണാം. രോഗതീവ്രത കൂടിയാല്‍ ശരീരമാസകലം മുഴകള്‍ കാണാനും സാധ്യതയുണ്ട്.

ജില്ലയിൽ പീലിക്കോട് ഭാഗങ്ങളിലാണ് രോഗം കൂടുതലായി പടരുന്നത്. തങ്ങളെ അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നും പ്രശ്‌ന പരിഹാരത്തിന് അടിയന്തര ഇടപെടൽ വേണമെന്നുമാണ് കർഷകരുടെ ആവശ്യം. ഇന്ത്യയില്‍ ചര്‍മമുഴ രോഗം ആദ്യമായി കണ്ടെത്തിയതും സ്ഥിരീകരിച്ചതും 2019 ഓഗസ്റ്റ് മാസത്തില്‍ ഒഡിഷയിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടത്തിയിരുന്നു.

രോഗം തീവ്രമായാൽ പശുക്കൾ ചത്തുപോകാൻ ഇടയുള്ളതിനാൽ പരിപാലനത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുകയാണ് കർഷകർ. പ്രാണികളെ അകറ്റി കന്നുകാലികളെ സംരക്ഷിക്കാനാണ് കർഷകർക്ക് ഡോക്‌ടർമാർ നൽകിയിരിക്കുന്ന നിർദേശം. അതേസമയം പ്രതിരോധ കുത്തിവയ്‌പ്പിലൂടെ ചർമ മുഴ രോഗം നിയന്ത്രിക്കാൻ കഴിയുമെന്ന് മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.