ETV Bharat / state

Fake certificate case | വ്യാജ രേഖയുണ്ടാക്കിയത് സുഹൃത്തിനെ പിന്നിലാക്കാന്‍; പൊലീസിന് മൊഴി നല്‍കി കെ വിദ്യ

author img

By

Published : Jun 29, 2023, 10:37 AM IST

Updated : Jun 29, 2023, 12:56 PM IST

കരിന്തളം കോളജിൽ നിയമനത്തിന് അർഹതയുണ്ടായിരുന്നത് വിദ്യയുടെ സുഹൃത്തായ മാതമംഗലം സ്വദേശി കെ രസിതയ്ക്കാണ്. കരിന്തളത്ത് രസിത അഭിമുഖത്തിന് എത്തുമെന്ന് അറിഞ്ഞതോടെ വിദ്യ വ്യാജ രേഖയുണ്ടാക്കുകയായിരുന്നു.

K Vidya Fake certificate case  K Vidya Fake certificate  Fake certificate case  വ്യാജ രേഖയുണ്ടാക്കിയത് സുഹൃത്തിനെ പിന്നിലാക്കാന്‍  കെ വിദ്യ  വ്യാജ രേഖ  കരിന്തളം
K Vidya Fake certificate case

കാസർകോട്: കരിന്തളം ഗവണ്‍മെന്‍റ് കോളജിൽ ജോലിക്കായി വ്യാജ രേഖയുണ്ടാക്കിയത് സുഹൃത്തിനെ മറികടക്കാൻ എന്ന് വിദ്യയുടെ മൊഴി. കരിന്തളം കോളജിൽ നിയമനത്തിന് അർഹതയുണ്ടായിരുന്നത് മാതമംഗലം സ്വദേശി കെ രസിതയ്ക്കാണ്. കരിന്തളത്ത് രസിത അഭിമുഖത്തിനെത്തുമെന്ന് അറിഞ്ഞതിനാലാണ് വിദ്യ വ്യാജ രേഖയുണ്ടാക്കിയത്.

രസിതയെ മറികടക്കാനാണ് വ്യാജ രേഖ നിർമിച്ചതെന്ന് വിദ്യ നീലേശ്വരം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. രസിതയും വിദ്യയും മൂന്ന് വർഷമായി സുഹൃത്തുക്കളാണ്. കാലടി സർവകലാശാലയിൽ വിദ്യയുടെ സീനിയറായിരുന്നു രസിത.

2021ൽ ഉദുമ ഗവണ്‍മെന്‍റ് കോളജിൽ ഇരുവരും അഭിമുഖത്തിനെത്തി. വിദ്യയെക്കാൾ യോഗ്യതയുള്ള രസിതക്ക് ഉദുമ ഗവണ്‍മെന്‍റ് കോളജിൽ നിയമനം ലഭിച്ചു. ഇതേ അവസ്ഥ കരിന്തളത്തും ഉണ്ടാകുമെന്ന് വിദ്യ സംശയിച്ചിരുന്നു. തുടർന്നാണ് വ്യാജ സർട്ടിഫിക്കറ്റ് നിര്‍മിച്ചത്.

എറണാകുളം മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജ രേഖ ചമച്ച് കരിന്തളം ഗവണ്‍മെന്‍റ് ആര്‍ട്‌സ് ആൻഡ് സയൻസ് കോളജിൽ ജോലി നേടിയ കേസില്‍ എസ്‌എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യയെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് അഗളി പൊലീസിന് നല്‍കിയ മൊഴി നീലേശ്വരം പൊലീസിനോടും വിദ്യ ആവര്‍ത്തിച്ചു. സർട്ടിഫിക്കറ്റ് നിർമിച്ചത് ഫോണിലൂടെയാണെന്നും എന്നാല്‍ ആ ഫോൺ കേടായതോടെ അത് ഉപേക്ഷിച്ചുവെന്നും വിദ്യ പറഞ്ഞിരുന്നു.

കാഞ്ഞങ്ങാട് ഡിവൈഎസ്‌പി പി ബാലകൃഷ്‌ണന്‍റെ നേതൃത്വത്തിലാണ് വിദ്യയെ ചോദ്യം ചെയ്‌തത്. രണ്ട് മണിക്കൂര്‍ തുടര്‍ച്ചയായി വിദ്യയെ അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു. പൊലീസ് കരിന്തളം ഗവണ്‍മെന്‍റ് കോളജ് പ്രിൻസിപ്പലിനെ വിദ്യക്കൊപ്പമിരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.

വ്യാജരേഖ നിർമിക്കൽ (IPC 468), വ്യാജ രേഖ തട്ടിപ്പിന് ഉപയോഗിക്കൽ (IPC 471), വഞ്ചന (IPC 420) തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. നേരത്തെ വിദ്യയ്‌ക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. നാളെ (വെള്ളിയാഴ്‌ച) വീണ്ടും വിദ്യയോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒളിവില്‍ 15 ദിവസം: മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജ രേഖ ചമച്ച് വിവിധ കോളജുകളില്‍ ജോലി നേടിയ സംഭവത്തില്‍ കേസെടുത്തതോടെ വിദ്യ ഒളിവില്‍ പോകുകയായിരുന്നു. ജൂണ്‍ 21നാണ് കോഴിക്കോട് മേപ്പയ്യൂരില്‍ നിന്ന് വിദ്യയെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് സുഹൃത്തിന്‍റെ വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് അഗളി പൊലീസെത്തി വിദ്യയെ കസ്റ്റഡിയിലെടുത്തത്. ഒളിവില്‍ പോയി 15 ദിവസത്തിന് ശേഷമായിരുന്നു അറസ്റ്റ്.

ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യ കോഴിക്കോടുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. നീലേശ്വരം കോളജില്‍ ജോലി നേടിയ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു പൊലീസെത്തി കോഴിക്കോട് നിന്ന് വിദ്യയെ കസ്റ്റഡിയിലെടുത്തത്.

അട്ടപ്പാടിയിലെ കോളജില്‍ താത്‌കാലിക അധ്യാപികയായി ജോലി ചെയ്യുന്നതിനായി മഹാരാജാസ് കോളജിന്‍റെ പേരില്‍ നിര്‍മിച്ച വ്യാജ സര്‍ട്ടിഫിക്കറ്റാണ് കെ വിദ്യക്കെതിരെയുള്ള കേസുകള്‍ക്ക് കാരണമായത്. സര്‍ട്ടിഫിക്കറ്റിലെ ഒപ്പും സീലും വ്യാജമാണെന്ന് സംശയം തോന്നിയതോടെ അട്ടപ്പാടി കോളജ് പ്രിന്‍സിപ്പാള്‍ മഹാരാജാസ് കോളജുമായി ബന്ധപ്പെടുകയായിരുന്നു. പിന്നാലെയാണ് വിദ്യ വ്യാജ രേഖ ചമച്ചതാണെന്ന കാര്യം വ്യക്തമായത്. തുടര്‍ന്ന് മഹാരാജാസ് കോളജ് പ്രിന്‍സിപ്പാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Last Updated : Jun 29, 2023, 12:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.