ETV Bharat / state

മുൻ എംഎൽഎയും സിപിഎം കാസർകോട്‌ മുൻ ജില്ലാസെക്രട്ടറിയുമായിരുന്ന കെ കുഞ്ഞിരാമൻ അന്തരിച്ചു

author img

By ETV Bharat Kerala Team

Published : Dec 14, 2023, 8:42 AM IST

Updated : Dec 14, 2023, 11:16 AM IST

kunjiraman death mla cpm  ex mla kunjiraman died  obituary  kasargod  AK Gopalan  കെ കുഞ്ഞിരാമന്‍ അന്തരിച്ചു  സിപിഎം നേതാവ് കെ കുഞ്ഞിരാമന്‍ അന്തരിച്ചു  വാര്‍ധക്യ രോഗങ്ങള്‍  സിപിഎമ്മില്‍ സജീവം  Ex MLA  MLA  kerala cpm
Cpm Leader And Ex MLA K Kunjiraman Died

Cpm Leader And Ex MLA K Kunjiraman Died: വൈദ്യ വൃത്തി ഉപേക്ഷിച്ച് സിപിഎമ്മിനുവേണ്ടി പോരാടി. എകെജിയാണ് കുഞ്ഞിരാമന്‍റെ രാഷ്‌ട്രീയ മാതൃക. വാര്‍ധക്യം തളര്‍ത്തും വരെ സിപിഎമ്മില്‍ സജീവമായിരുന്നു കുഞ്ഞിരാമന്‍.

കാസർകോട്‌: മുൻ എംഎൽഎയും സിപിഎം കാസർകോട്‌ മുൻ ജില്ലാസെക്രട്ടറിയുമായിരുന്ന കെ കുഞ്ഞിരാമൻ (80) അന്തരിച്ചു(cpm leader and ex mla k kunjiraman died). വാർധക്യ സഹജമായ അസുഖം മൂലം മട്ടലായിയിലെ മാനവീയം വീട്ടിൽ വിശ്രമത്തിലായിരുന്നു. രണ്ടു ദിവസംമുമ്പ്‌ അസുഖം കൂടിയതിനെ തുടർന്ന്‌ കണ്ണൂർ മിംസ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

2006 മുതൽ 2016 വരെ തൃക്കരിപ്പൂർ എം എൽ എയായിരുന്നു. നിലവിൽ സിപിഎം ചെറുവത്തൂർ ഏരിയാകമ്മിറ്റിയംഗമാണ്‌. മൃതദേഹം ഇന്ന് (വ്യാഴം) രാവിലെ 10ന്‌ കാലിക്കടവ്‌ ശ്രീകൃഷ്‌ണൻ നായർ സ്‌മാരക മന്ദിരം, 11ന്‌ കാരിയിൽ വി വി സ്‌മാരക മന്ദിരം, 12ന്‌ ചെറുവത്തൂർ ബസ്‌ സ്‌റ്റാൻഡ്‌ പരിസരം, പകൽ ഒന്നിന്‌ മട്ടലായിയിലെ വീട്‌ എന്നിവിടങ്ങളിൽ പൊതുദർശനത്തിനുവച്ചശേഷം സംസ്‌കാരിക്കും.

1994 മുതൽ 2004 വരെ സിപിഎം കാസർകോട് ജില്ലാസെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും ആയിരുന്നു. 1979 മുതൽ ’84 വരെ ചെറുവത്തൂർ പഞ്ചായത്ത്‌ പ്രസിഡന്‍റായിരുന്നു. പാരമ്പര്യ വൈദ്യ കുടുംബാംഗമായ കുഞ്ഞിരാമൻ 1943 നവംബർ 10ന്‌ തുരുത്തി വപ്പിലമാട്‌ കെ വി കുഞ്ഞുവൈദ്യരുടെയും കുഞ്ഞിമാണിക്കത്തിന്‍റെയും മകനായാണ്‌ ജനിച്ചത്‌.

വിദ്യാർഥികാലത്ത്‌ തന്നെ പൊതുപ്രവർത്തനത്തിൽ താൽപര്യം കാട്ടിയ കുഞ്ഞിരാമനെ, എ കെ ജിയാണ്‌ കെഎസ്‌എഫിലേക്ക്‌ ആകർഷിച്ചത്‌.
വൈദ്യരായിരുന്ന പിതാവ്‌, മകനെ തന്‍റെ പാതയിലേക്ക്‌ കൊണ്ടുവരാൻ വടകര സിദ്ധാശ്രമത്തിൽ സംസ്‌കൃതം പഠിക്കാൻ ചേർത്തു. തുടർന്ന്‌ തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ വൈദ്യം പഠിക്കാനും അയച്ചു. അവിടെയും കെഎസ്‌എഫിന്‍റെ പ്രവർത്തനത്തിൽ സജീവമായ കുഞ്ഞിരാമൻ 1967– 70 കാലത്ത്‌ സംസ്ഥാന വൈസ്‌ പ്രസിഡന്‍റും എറണാകുളം ജില്ലാപ്രസിഡന്‍റുമായി. നാലുവർഷത്തിന്‌ ശേഷം നാട്ടിലേക്ക്‌ മടങ്ങിയ അദ്ദേഹം വൈദ്യവൃത്തി ഉപേക്ഷിച്ച്‌ മുഴുവൻ സമയ കമ്യൂണിസ്‌റ്റ്‌ പാർടി പ്രവർത്തകനായി.

സിപിഎം കാരിയിൽ ബ്രാഞ്ച്‌ സെക്രട്ടറി, ചെറുവത്തൂർ ലോക്കൽ സെക്രട്ടറി, നീലേശ്വരം ഏരിയാസെക്രട്ടറി, കാസർകോട്‌ ജില്ല രൂപീകരിച്ചപ്പോൾ ജില്ലാസെക്രട്ടറിയറ്റംഗം എന്നീ പദവികളും വഹിച്ചു.

മുഖ്യമന്ത്രി അനുശോചിച്ചു: മുൻ തൃക്കരിപ്പൂർ എംഎൽഎയും സിപിഎം കാസർകോട് ജില്ലാ മുൻ സെക്രട്ടറിയുമായിരുന്ന കെ.കുഞ്ഞിരാമന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മികച്ച സംഘാടകനും നിയമസഭാ സമാജികനായിരുന്നു അദ്ദേഹം. പൊതുപ്രവർത്തനത്തിൽ സജീവമായപ്പോൾ തന്നെ ആയുർവേദ വൈദ്യൻ എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Last Updated :Dec 14, 2023, 11:16 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.