ETV Bharat / state

വന്യജീവികള്‍ 'വേട്ടയ്‌ക്കിറങ്ങുന്ന' മലയോരങ്ങള്‍, ഉറക്കം നഷ്‌ടപ്പെട്ട് ഒരു ജനത; വേണ്ടത് ജാഗ്രത?

author img

By ETV Bharat Kerala Team

Published : Dec 12, 2023, 8:47 PM IST

tigerissue  Forest Department  Wild Animals Attack In Kannur  വന്യജീവി ശല്യം  കടുവ ഭീതിയില്‍ കണ്ണൂര്‍  കണ്ണൂരില്‍ പുലി ശല്യം രൂക്ഷം  കണ്ണൂര്‍ വാര്‍ത്തകള്‍  കണ്ണൂര്‍ ജില്ല വാര്‍ത്തകള്‍  കണ്ണൂര്‍ പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
Wildlife Attacks In Kannur; People Complaint Against Forest Department

Wild Animals Attack: കണ്ണൂരിലെ മലയോര മേഖലയില്‍ വന്യജീവി ശല്യമെന്ന് നാട്ടുകാര്‍. പൊറുതിമുട്ടിയ നാട്ടുകാര്‍ വനംവകുപ്പില്‍ പരാതി നല്‍കിയെങ്കിലും നടപടിയില്ല. കര്‍ഷകരും ആശങ്കയില്‍. കൊട്ടിയൂരില്‍ നിന്നും കാണാതായത് ഒരു ഡസന്‍ വളര്‍ത്തുനായകളെ.

വന്യജീവി ഭയപ്പാടില്‍ കണ്ണൂര്‍

കണ്ണൂര്‍ : ജില്ലയിലെ കിഴക്കന്‍ മലയോര മേഖലകളില്‍ ജനങ്ങളുടെ ഉറക്കം കെടുത്തി വന്യജീവി ശല്യം. മേഖലയില്‍ കടുവയുടെ സാന്നിധ്യമുണ്ടെന്ന് അറിയിച്ചിട്ടും വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ജനങ്ങളുടെ പരാതി. പൊറുതിമുട്ടിയ ജനങ്ങള്‍ പരാതി നല്‍കിയിട്ടും കടുവയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അധികൃതരെന്നും ആരോപണം (Wild Animals Attack In Kannur).

ഏതാനും മാസങ്ങള്‍ മുമ്പ് കേളകം-കൊട്ടിയൂര്‍ പഞ്ചായത്തുകളില്‍ പുലിയുടെ സാന്നിധ്യം ഉണ്ടായി. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍ തന്നെ വനംവകുപ്പില്‍ വിവരം അറിയിച്ചു. എന്നാല്‍ ഇതിനെതിരെ യാതൊരുവിധ നടപടിയും വനം വകുപ്പ് അധികൃതര്‍ കൈകൊണ്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധ സമരങ്ങള്‍ അടക്കം സംഘടിപ്പിച്ചു. കൂടുവച്ച് പുലിയെ പിടികൂടണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. പ്രതിഷേധ സമരങ്ങള്‍ നടത്തിയെന്നതല്ലാതെ പുലിയെ പിടികൂടുന്ന കാര്യത്തില്‍ വനം വകുപ്പിന്‍റെ ഭാഗത്ത് നിന്നും നടപടികളുണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത് (Wildlife Attacks In Kannur).

കടുവയെ കണ്ടെന്ന് വിവരം നല്‍കിയാല്‍ അത് പുലിയാണെന്ന് പറഞ്ഞ് തള്ളുന്ന നിലപാടാണ് വനംവകുപ്പ് സ്വീകരിക്കുന്നത്. മലയോര മേഖലയില്‍ കടുവയും പുലിയും എത്തുന്നത് സാധാരണമാണ്. എന്നാല്‍ പകല്‍ സമയത്ത് പോലും പോത്തിനെ കടുവ ആക്രമിക്കുന്ന സംഭവങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. എന്നിട്ടും ഇതിനെതിരെ അധികൃതര്‍ കണ്ണുതുറക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി (Forest Department).

കഴിഞ്ഞ ദിവസം ശാന്തിഗിരിയിലെ ഒരു വീടിന്‍റെ വരാന്തയില്‍ നിന്നും വളര്‍ത്തുനായയെ കടുവ ആക്രമിച്ചു. പരാതിയുമായി വനം വകുപ്പിനെ സമീപിച്ചപ്പോള്‍ അത് പുലിയാണെന്നായിരുന്നു മറുപടി. കടുവകള്‍ നായകളെ അക്രമിക്കില്ലെന്നും പുലിയാണ് നായകളെ അക്രമിക്കുകയെന്നും വനം വകുപ്പ് വിശദീകരിച്ചു. സംഭവത്തില്‍ ഇത്തരം വിശദീകരണം നല്‍കി എന്നല്ലാതെ മറ്റൊരു നടപടികളും ഉണ്ടായില്ലെന്നും വീട്ടുടമ പറയുന്നു. വന്യജീവി ആക്രമണത്തെ ലഘൂകരിച്ച് കാണുന്ന നിലപാടാണ് വനംവകുപ്പ് സ്വീകരിച്ച് വരുന്നത്.

ഭയപ്പാടില്‍ കര്‍ഷകര്‍: ജില്ലയിലെ മലയോര മേഖലയിലെ ജനങ്ങളില്‍ ഭൂരിഭാഗം പേരും കൃഷിയെ ഉപജീവനമാക്കുന്നവരാണ്. മേഖലയിലെ വന്യജീവി ശല്യം കര്‍ഷകരെ ഏറെ ആശങ്കയിലാക്കുകയാണ്. കഴിഞ്ഞ ദിവസവും മേഖലയിലെ കൃഷിയിടത്തില്‍ കടുവയുടേതിന് സമാനമായ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. കര്‍ഷകര്‍ക്ക് കൃഷിയിടത്തേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.

അതേസമയം കേളകം പഞ്ചായത്തിലെ വെള്ളൂന്നിയില്‍ കരിമ്പുലിയെ കണ്ടതായി നാട്ടുകാര്‍ പരാതിപ്പെട്ടിട്ടുണ്ട്. കൊട്ടിയൂര്‍ പഞ്ചായത്തിലെ ചപ്പമല മേഖലയിലെ ഒരു ഡസനോളം വളര്‍ത്തുനായകളെ കാണാതായിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ആടുകളെയും പശുക്കളെയുമെല്ലാം വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് വന്യജീവി ശല്യം വലിയ വെല്ലുവിളിയാണ്.

സംഭവത്തില്‍ വനം വകുപ്പിന്‍റെ ഭാഗത്ത് നിന്നും വേണ്ട നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മേഖലയിലെ ജനങ്ങള്‍ക്ക് ഭയപ്പാടില്ലാതെ കഴിയാനുള്ള സാഹചര്യം ഒരുക്കണം. പുലിയോ കടുവയോ എന്നുള്ളതല്ല നിലവിലെ പ്രശ്‌നം. വന്യജീവി ശല്യത്തില്‍ പൊറുതി മുട്ടുന്ന ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും സുരക്ഷയൊരുക്കണമെന്നും വന്യജിവികള്‍ ജനവാസ മേഖലയില്‍ എത്താതിരിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും നാട്ടുകാര്‍ പറയുന്നു.

Also read: കടുവ കാണാമറയത്ത് തന്നെ: തെരച്ചിൽ ഊർജിതമാക്കി വനം വകുപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.