ETV Bharat / state

Thalassery Fort: ഈ കോട്ടയുടെ കഥയാണ് തലശേരിയുടെ ചരിത്രം, കച്ചവടത്തിന് വന്നവർ നാട് ഭരിച്ച കഥ

author img

By

Published : Aug 18, 2023, 5:26 PM IST

how to reach Thalassery Fort visit time ഫ്രഞ്ചുകാർ നിർമിച്ച പാണ്ടികശാല 1708ലാണ് ഇക്കാണുന്ന നിലയില്‍ ബ്രിട്ടീഷുകാർ തലശേരി കോട്ടയായി മാറ്റിയെടുത്തത്. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയാണ് സന്ദര്‍ശക സമയം.

thalassery-fort-how-to-reach-visit-time
തലശേരി കോട്ടയുടെ ചരിത്രം

ഈ കോട്ടയുടെ കഥയാണ് തലശേരിയുടെ ചരിത്രം

കണ്ണൂര്‍: കേക്കും ക്രിക്കറ്റും സർക്കസും മാത്രമല്ല തലശേരിക്ക് പറയാൻ വേറെയും ഒരുപാട് കഥകളുണ്ട്. അതിലൊന്നാണ് കുരുമുളക് വ്യാപാരത്തിന് വന്ന വിദേശികൾ കച്ചവട ആവശ്യങ്ങൾക്കായി കെട്ടിയുണ്ടാക്കിയ പാണ്ടിക ശാല തലശേരി കോട്ടയായ കഥ. കച്ചവടക്കാർ നാട് ഭരിക്കാൻ തുടങ്ങിയതോടെയാണ് തലശേരി കോട്ടയുടെ പ്രതാപകാലം ആരംഭിക്കുന്നത്.

ഫ്രഞ്ചുകാർ നിർമിച്ച പാണ്ടികശാല 1708ലാണ് ഇക്കാണുന്ന നിലയില്‍ ബ്രിട്ടീഷുകാർ തലശേരി കോട്ടയായി മാറ്റിയെടുത്തത്. കച്ചവടത്തില്‍ തുടങ്ങി പിന്നീട് സൈനിക ആവശ്യങ്ങൾക്കായി മാറിയ കോട്ടയുടെ വിവിധ ഭാഗങ്ങൾ സ്വാതന്ത്ര്യാനന്തരം വിവിധ സർക്കാർ ഓഫീസുകളായും ഉപയോഗിച്ചു. ചതുരാകൃതിയിൽ നിർമിച്ചിട്ടുള്ള കോട്ടക്ക് രണ്ടു കൊത്തളങ്ങളും അതിമനോഹരമായ കവാടവും അതിനോട് ചേർന്ന് വലിയ മതിലുകളും കടലിലേയ്ക്കുള്ള രഹസ്യ തുരങ്കങ്ങളുമുണ്ട്.

story behind Thalassery Fort: അറബിക്കലടലിനോട് ചേർന്ന് നില്‍ക്കുന്ന പാറക്കെട്ടില്‍ നിർമിച്ചിട്ടുള്ള ഈ കോട്ടയെ കേന്ദ്രീകരിച്ചാണ് തലശേരി നഗരം വളർന്നതും വികസിച്ചതും...പക്ഷേ സര്‍ക്കാര്‍ ഓഫീസുകളും ഫയലുകളും ഒഴിവായിട്ടും കോട്ട പൂര്‍ണ്ണമായും സന്ദര്‍ശകര്‍ക്ക് തുറന്ന് കൊടുത്തിട്ടില്ല. രണ്ടു പതിറ്റാണ്ടായി കേന്ദ്ര പുരാവസ്തു വകുപ്പ് കൈവശം വെച്ചിരിക്കുന്ന തലശേരി കോട്ടയ്ക്ക് പറയാൻ ഇനിയും കഥകളേറെയാണ്...

1708 ലാണ് കോട്ട പണിതതെങ്കിലും വിവിധ ഘട്ടങ്ങളിലായി വിപുലീകരിച്ചാണ് ഇന്ന് കാണുന്ന രീതിയില്‍ കോട്ട പൂര്‍ത്തിയായത്. കോട്ടയുടെ നിര്‍മ്മാണത്തിന് വേണ്ടി ഒരു പുരയിടവും ചാലിയതെരുവും ഇംഗ്ലീഷുകാര്‍ വിലക്കു വാങ്ങിയതായി രേഖകളില്‍ പറയുന്നു. കൊടുവള്ളി പുഴ മുതല്‍ തലശേരി നഗരത്തിലെ പഴയ പൊലീസ് സ്‌റ്റേഷന്‍ വരെ കോട്ടയുടെ ഭാഗമായിരുന്നു.

വാണിജ്യ കുത്തക നിലനിര്‍ത്താന്‍ കോട്ടയില്‍ പടക്കോപ്പുകള്‍ കരുതി വച്ചിരുന്നുവെങ്കിലും പിന്നീട് അവ പൂര്‍ണ്ണമായും ഇവിടെ നിന്ന് മാറ്റപ്പെട്ടു. കോട്ടയം, കോലത്തിരി, രാജാക്കന്‍മാരുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ നിന്നും കുരുമുളക് സംഭരിക്കാനുള്ള കേന്ദ്രമായാണ് കോട്ട ആദ്യകാലത്ത് പ്രവര്‍ത്തിച്ചത്. കാലക്രമത്തില്‍ മലബാറില്‍ ബ്രിട്ടീഷ് ആധിപത്യം ഉറപ്പിക്കുന്നതിന് വേണ്ടിയുള്ള ഒട്ടേറെ പടനീക്കങ്ങള്‍ക്കും ഈ കോട്ട സാക്ഷ്യം വഹിച്ചിട്ടുണ്ട്.

1792 വരെ തലശ്ശേരി കോട്ട ബ്രിട്ടീഷുകാരുടെ മുഖ്യ വ്യാപാര കേന്ദ്രമായിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബോംബെ ആസ്ഥാനത്തിന് കീഴിലായിരുന്നു തലശേരി കോട്ട. മൂന്ന് കെട്ടിടങ്ങളിലായി ഇംഗ്ലീഷ്-കേരളീയ ഗോത്തിക് ശൈലിയിലാണ് കോട്ട നിർമിച്ചിരിക്കുന്നത്. കാറ്റും വെളിച്ചവും കടക്കുന്ന രീതിയില്‍ വിശാലമായ ഹാളുകളാണ് കോട്ടയുടെ പ്രത്യേകത. വലിയ ജനാലകളും വാതിലുകളുമുണ്ട്. തുരങ്കങ്ങളിലേക്ക് ഇറങ്ങുന്ന പടികള്‍ക്ക് താഴെ കൊട്ടിയടച്ച വാതിലുകള്‍ കണ്ടു മടങ്ങാന്‍ മാത്രമാണ് ഇന്ന് കഴിയുക.

ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണകാലത്ത് അന്നത്തെ സബ് കലക്ടര്‍മാര്‍ അവര്‍ താമസിക്കുന്ന ബംഗ്ലാവില്‍ നിന്ന് ഈ തുരങ്കം വഴിയാണ് കോട്ടയിലേക്ക് പ്രവേശിച്ചിരുന്നത്. അറബിക്കടലിന്‍റെ ഇരമ്പലും കടല്‍ക്കാറ്റും ആസ്വദിക്കാന്‍ ഉന്നത ഇംഗ്ലീഷ് ഉദ്യാഗസ്ഥര്‍ കോട്ടമതിലിനോട് ചേര്‍ന്നുള്ള ഇരിപ്പിടങ്ങളിലേക്ക് എത്തിയിരുന്നു. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയാണ് സന്ദര്‍ശക സമയം.

കാട് വെട്ടി മാറ്റി മിനുക്ക് പണികള്‍ നടക്കുന്നുണ്ടെങ്കിലും കോട്ട പൂര്‍ണ്ണമായും സന്ദർശകർക്ക് തുറന്ന് നല്‍കണമെന്നും ആവശ്യമുണ്ട്. പടക്കോപ്പുകള്‍ കരുതിവച്ചിരുന്ന കോട്ടമുറികള്‍ അടക്കം തുറന്നുകൊടുത്താല്‍ ചരിത്ര വിദ്യാർഥികൾക്ക് വിജ്ഞാന പ്രദവും കൂടുതല്‍ സഞ്ചാരികളെ ആകർഷിക്കാനുമാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.