ETV Bharat / state

തലശ്ശേരിയില്‍ വള്ളം മറിഞ്ഞ് അപകടം; മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

author img

By

Published : Jun 30, 2022, 9:28 PM IST

ഇന്ന് പുലര്‍ച്ചെ കടലില്‍ മത്സ്യബന്ധനത്തിന് പോയി തിരിച്ചുവരികയായിരുന്ന 'നന്ദനം' എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. മത്സ്യത്തൊഴിലാളികളെ തലശ്ശേരി തീരദേശ പൊലീസും മറൈന്‍ എന്‍ഫോഴ്സ്മെന്‍റും ചേര്‍ന്ന് രക്ഷപ്പെടുത്തി.

kannur Thalassery boat accident  നന്ദനം ബോട്ട് അപകടം  കണ്ണൂർ തലശ്ശേരി ബോട്ട് അപകടം  തലായി ഹാർബർ വള്ളം അപകടം  Thalayi harbor boat accident  തലശ്ശേരിയില്‍ വള്ളം മറിഞ്ഞ് അപകടം  മൂന്ന് മത്സ്യതൊഴിലാളികളെ രക്ഷിച്ചു  Boat capsize accident in Thalassery
തലശ്ശേരിയില്‍ വള്ളം മറിഞ്ഞ് അപകടം; മൂന്ന് മത്സ്യതൊഴിലാളികളെ രക്ഷിച്ചു

കണ്ണൂർ: തലശ്ശേരിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ തലശ്ശേരി തീരദേശ പൊലീസും മറൈന്‍ എന്‍ഫോഴ്സ്മെന്‍റും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ (30-06-2022) 6.30ന് കടലില്‍ മത്സ്യബന്ധനത്തിന് പോയി തിരിച്ചുവരികയായിരുന്ന 'നന്ദനം' എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. വള്ളത്തില്‍ ഉണ്ടായിരുന്ന തൊഴിലാളികളായ തലശ്ശേരി പാലയാട് സ്വദേശി മനോജ്, തലശ്ശേരി ചാലില്‍ സ്വദേശി ഉസ്സന്‍, ഓഡിഷ സ്വദേശി ബാപ്പുണ്ണി എന്നിവരെയാണ് രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി തിരികെയെത്തിച്ചത്.

തലശ്ശേരി തലായി ഹാര്‍ബറില്‍ നിന്നും ഒരു നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട ഫൈബര്‍ വള്ളം തലശ്ശേരി തീരദേശ പൊലീസ് തലായി ഹാര്‍ബറില്‍ എത്തിച്ചു. തലായി ഹാര്‍ബറില്‍ നിന്നും ആറ് നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യബന്ധനം കഴിഞ്ഞ് തിരികെ ഗോപാല്‍പേട്ട ഹര്‍ബറിലേക്ക് വരുന്ന വഴിയാണ് വള്ളം തലകീഴായി മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്.

തൊഴിലാളികള്‍ മറിഞ്ഞ വള്ളത്തിലെ കയറില്‍ പിടിച്ച് നിന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. അപകടവിവരം അറിഞ്ഞ തലശ്ശേരി തീരദേശ പൊലീസ് ഇന്‍സ്‌പെക്‌ടർ ബിജു പ്രകാശിന്‍റെ നേതൃത്വത്തില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്‍റുമായി ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനായത്. മൂന്നു മത്സ്യത്തൊഴിലാളികളെയും തീരദേശ പൊലീസ് റെസ്ക്യു ബോട്ടില്‍ തലായി ഹാര്‍ബറിലും പിന്നീട് തലശ്ശേരി ഗവണ്‍മെന്‍റ് ഹോസ്‌പിറ്റലിലും എത്തിച്ച് പ്രഥമ ശിശ്രൂഷ നൽകി.

തലശ്ശേരി തീരദേശ പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ വിനോദ് കുമാര്‍ എ, പ്രമോദ് പി.വി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷിനില്‍ വി.കെ, ഷിനില്‍ പി.വി, രജീഷ്, കോസ്റ്റല്‍ വാര്‍ഡന്‍മാരായ സരോഷ്, നിരഞ്ജന്‍, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എ.എസ്.ഐ ക്ലീറ്റസ് റോച്ച, സി.പിഒ ദില്‍ജിത്ത്, ഗാര്‍ഡുമാരായ സനിത്ത് ടി.പി, ദിജേഷ്, ബോട്ട് സ്രാങ്ക് തദയൂസ്, ദേവദാസ് തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.