കണ്ണൂർ : ലോക്ക് ഡൗണിന്‍റെ വിരസത ഒഴിവാക്കാൻ വീട്ടിലിരിക്കുന്നവർക്കായി ഓണ്‍ലൈന്‍ കലോത്സവമൊരുക്കുകയാണ് തളിപ്പറമ്പ് തലോറ എകെജി സ്മാരക കലാസമിതി. പാട്ടും നൃത്തവും വരയും ഡാൻസുകളുമെല്ലാം സംയോജിപ്പിച്ച് പ്രായപരിധിയില്ലാതെ വ്യത്യസ്‌തമായാണ് കലോത്സവം സംഘടിപ്പിക്കുന്നത്. പത്ത് നാള്‍ നീണ്ടുനില്‍ക്കുന്ന കലോത്സവം സോഷ്യൽ മീഡിയ വഴിയും പ്രാദേശിക ചാനലുകളിലൂടെയുമാണ് ജനങ്ങളിൽ എത്തിക്കുന്നത്. 'പെർഫെക്ട് ഓകെ' ഓൺലൈൻ കലാവിരുന്ന് എന്ന പേരിലാണ് കലോത്സവം സംഘടിപ്പിക്കുന്നത്.
ALSO READ:രണ്ടാമൂഴം ; 'നവകേരള ഗീതാഞ്ജലി'യില്‍ യേശുദാസും റഹ്‌മാനും ചിത്രയുമടങ്ങുന്ന നിര
മെയ് 16ന് ആരംഭിച്ച കലോത്സവം മെയ് 26 ന് അവസാനിക്കും. കുട്ടികൾ മുതൽ പ്രായപരിധി ഇല്ലാതെ ഏവർക്കും പങ്കെടുക്കാം എന്നതാണ് പ്രത്യേകത. ചെറുകഥാരചന, പെയിന്‍റിംഗ്, ജലച്ചായം, കവിതാരചന, പെന്‍സില്‍ ഡ്രോയിംഗ്, നാട്ടിപ്പാട്ട്, നാടന്‍ പാട്ട്, കവിതാലാപനം, സിനിമ ഗാനാലാപനം, മാപ്പിളപ്പാട്ട്, നാടോടി നൃത്തം, സിനിമാറ്റിക് ഡാന്‍സ്, മിമിക്രി, ഫോട്ടോഗ്രഫി മത്സരം, ബോട്ടിൽ ആർട്ട് തുടങ്ങി 18 ഓളം മത്സര ഇനങ്ങളുണ്ട്. പൂര്‍ണമായും കൊവിഡ് മാനദണ്ഡം പാലിച്ചാണ് മത്സരങ്ങളും കലോത്സവ സംഘാടനവും.