ETV Bharat / state

മിഷൻ അരിക്കൊമ്പൻ: പൊതുതാൽപര്യ ഹർജി ഡിവിഷൻ ബഞ്ചിലേക്ക് മാറ്റി

author img

By

Published : Mar 24, 2023, 3:06 PM IST

തിരുവനന്തപുരത്തെ പീപ്പിൾ ഫോർ ആനിമൽസ്, തൃശ്ശൂരിലെ വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ ആനിമൽ അഡ്വക്കേസി എന്നീ മൃഗ സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളാണ് ഹർജി നൽകിയത്. ഇന്നലെ ഇതേ ഹർജിക്കാർ നൽകിയ മറ്റൊരപേക്ഷയിലായിരുന്നു മിഷൻ അരിക്കൊമ്പൻ ദൗത്യം ഹൈക്കോടതി സ്റ്റേ ചെയ്തത്

പൊതുതാൽപര്യ ഹർജി  മിഷൻ അരിക്കൊമ്പൻ  അരിക്കൊമ്പൻ  ഡിവിഷൻ ബഞ്ച്  Mission Arikomban  ഇടുക്കി  കോടതി  ഹൈക്കോടതി സ്റ്റേ  arikkomban  stay  high court  idukki  chinnakkanal
മിഷൻ അരിക്കൊമ്പൻ

ഇടുക്കി: മിഷൻ അരിക്കൊമ്പൻ ദൗത്യത്തിനെതിരായ പൊതുതാൽപര്യ ഹർജി ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിലേക്ക് മാറ്റി ഉത്തരവ്. മിഷൻ അരിക്കൊമ്പൻ ദൗത്യത്തിനെതിരായ പൊതുതാൽപര്യ ഹർജി 29 ന് ഡിവിഷൻ ബഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബഞ്ചിനു മുന്നിലേക്ക് ഹർജി ഇന്ന് വന്നെങ്കിലും നിലവിൽ വിഷയം പരിഗണിക്കുന്ന ബഞ്ചിലേക്ക് മാറ്റുകയായിരുന്നു.

തിരുവനന്തപുരത്തെ പീപ്പിൾ ഫോർ ആനിമൽസ്, തൃശ്ശൂരിലെ വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ ആനിമൽ അഡ്വക്കേസി എന്നീ മൃഗ സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളാണ് ഹർജി നൽകിയത്. ഇന്നലെ ഇതേ ഹർജിക്കാർ നൽകിയ മറ്റൊരപേക്ഷയിലായിരുന്നു മിഷൻ അരിക്കൊമ്പൻ ദൗത്യം ഹൈക്കോടതി സ്റ്റേ ചെയ്തത്. 29 ന് ഈ കേസും പൊതു താൽപ്പര്യ ഹർജിയും ഒരുമിച്ച് പരിഗണിക്കും. മയക്കുവെടി വച്ച് കോടനാടേക്ക് കൊണ്ടു പോകാതെ ആനയെ മനുഷ്യവാസമില്ലാത്ത വനമേഖലയിൽ തുറന്നു വിടണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.

29 വരെ അരിക്കൊമ്പൻ ദൗത്യത്തിനെതിരെ സ്റ്റേ അനുവദിച്ചിട്ടുണ്ടെങ്കിലും പിടികൂടുന്നതിനുള്ള ഒരുക്കങ്ങൾ തുടരാനും ബദൽ മാർഗങ്ങൾ തേടാമെന്നും കോടതി പറഞ്ഞിരുന്നു. ആന ജനവാസ മേഖലയിൽ ഇറങ്ങി നാശനഷ്ടം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വനം വകുപ്പിനും കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു. ഞായറാഴ്ച്ച അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി ഇടപെടൽ.

ഹൈക്കോടതി സ്‌റ്റേക്കെതിരെ ജനരോഷം: മിഷൻ അരിക്കൊമ്പൻ ദൗത്യത്തിനെതിരായ ഹൈക്കോടതി ഇടപെടൽ നടപടികൾക്കെതിരെ ഇടുക്കിയിൽ ജനരോഷം. ദൗർഭാഗ്യകരമായ നടപടിയാണ് കോടതിയുടേതെന്നും, ഏറെക്കാലത്തെ ആവശ്യമാണ് ഹൈക്കോടതി ഇടപെടൽ മൂലം തടസപ്പെട്ടതെന്നും ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്‍റുമാർ പ്രതികരിച്ചു. ആനയുടെ ആക്രമണത്തിന് ഇരകളായ ശാന്തൻപാറ, ചിന്നക്കനാൽ പ്രദേശവാസികൾ ശക്തമായ എതിർപ്പ് അറിയിച്ചു. മൃഗസംരക്ഷണ സംഘടനയെന്നു പറഞ്ഞ് തിരുവനന്തപുരത്തുനിന്നുള്ളയാൾ കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഉത്തരവ് പിൻവലിക്കണമെന്നുമുള്ള പ്രതികരണമായി ഇടുക്കി എംപി ഡീൻ കുര്യാക്കോസ് രംഗത്ത് വന്നു.

ഇരുപത് വർഷത്തിൽ 43 ജീവനുകൾ: മതികെട്ടാന്‍ ചോല വനത്തില്‍ നിന്നും ആനയിറങ്ങുന്നത് ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ നിവാസികൾക്ക് ഒരു പുതിയ കാര്യമല്ല. നാടു വിറപ്പിക്കാന്‍ ഇറങ്ങുന്ന കരിവീരന്‍മാര്‍ക്ക് മുന്നിൽ ഈ നാടും നാട്ടുകാരും പേടിച്ച് കഴിയാൻ തുടങ്ങിയ കഥക്ക് രണ്ട് പതിറ്റാണ്ടിന്‍റെ പഴക്കമുണ്ട്.

ഒറ്റയാന്‍മാരെ കൂടാതെ, കാട്ടാനക്കൂട്ടങ്ങളും ഇവിടെ അപകടകാരികളാണ്. ചിന്നക്കനാലില്‍ മനുഷ്യനും ആനയും തമ്മിലുള്ള പോരാട്ടം ആരംഭിച്ചിട്ട് രണ്ട് പതിറ്റാണ്ടിലധികമായി. 2002ല്‍ 301 കോളനിക്ക് ചിന്നക്കനാലില്‍ ഭൂമി അനുവദിച്ച കാലം മുതല്‍ തുടങ്ങിയതാണ് ഈ ജീവന്മരണ പോരാട്ടം. ഇതുവരെ ആനക്കലിയില്‍ പൊലിഞ്ഞത് 43 ജീവനുകളാണ്.

യഥാർത്ഥത്തിൽ മതികെട്ടാന്‍ ചോലയില്‍ നിന്നുള്ള ആനത്താരയിലാണ് കോളനി സ്ഥാപിച്ചത്. അശാസ്‌ത്രീയമായ കോളനി സ്ഥാപിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണം. കോളനി സ്ഥാപിക്കപ്പെട്ടതോടെ അവിടെയുണ്ടായിരുന്ന ആനത്താരികൾ നശിക്കുകയും ആനകളുടെ സ്വാഭാവിക ആവാസ്ഥ വ്യവസ്ഥ പ്രതിസന്ധിയാവുകയും ചെയ്‌തതോടെയാണ് പ്രശ്നം രൂക്ഷമാവുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.