ETV Bharat / state

മയ്യഴിപ്പുഴ അറബിക്കടലിനുള്ളതാണ്... അസ്‌തമയം കാണാം, മാഹിയുടെ ചരിത്രമറിയാം, വെള്ളിയാങ്കല്ല് തേടിപ്പോകാം...

author img

By ETV Bharat Kerala Team

Published : Nov 2, 2023, 6:29 PM IST

Mahe Tourism Mayyazhippuzhayude theerangalil ഫ്രഞ്ച് ഭരണത്തിന്‍റെ ശേഷിപ്പുകളായ മൂപ്പന്‍റെ ബംഗ്ളാവും മറ്റു നിരവധി കെട്ടിടങ്ങളും മയ്യഴിയെ വേറിട്ടു നിര്‍ത്തുന്നു. മയ്യഴിയുടെ കഥാകാരന്‍ എം മുകുന്ദന്‍റെ മയ്യഴിപ്പുഴയുടെ തീരങ്ങളും ദൈവത്തിന്‍റെ വികൃതികളും വായിച്ച് മയ്യഴി കാണാനെത്തുന്നവര്‍ നിരവധിയാണ്.

mahe-tourism-mayyazhippuzhayude-theerangalil
mahe-tourism-mayyazhippuzhayude-theerangalil

മയ്യഴിപ്പുഴയുടെ തീരത്ത് അസ്‌തമയം കാണാം, മാഹിയുടെ ചരിത്രമറിയാം... വെള്ളിയാങ്കല്ല് തേടിപ്പോകാം...

കണ്ണൂർ: മലബാറിലെത്തുന്ന സഞ്ചാരികളെ എന്നും ആകര്‍ഷിക്കുന്ന പ്രദേശമാണ് മയ്യഴി അഥവാ മാഹി. കഥാകാരന്മാരും കവികളും പാടിപ്പറഞ്ഞ് പുകഴ്ത്തിയ മയ്യഴിപ്പുഴയും മിത്തും ചരിത്രവും കെട്ടു പിണഞ്ഞു കിടക്കുന്ന മാഹിയിലെ ചരിത്ര സ്മാരകങ്ങളും ഫ്രഞ്ച് ജീവിതത്തിന്‍റെ ശേഷിപ്പുകളും ഒക്കെയാണ് മാഹിയെ വിനോദ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്നത്.

ഫ്രഞ്ച് ഭരണത്തിന്‍റെ ശേഷിപ്പുകളായ മൂപ്പന്‍റെ ബംഗ്ളാവും മറ്റു നിരവധി കെട്ടിടങ്ങളും മയ്യഴിയെ വേറിട്ടു നിര്‍ത്തുന്നു. മയ്യഴിയുടെ കഥാകാരന്‍ എം മുകുന്ദന്‍റെ മയ്യഴിപ്പുഴയുടെ തീരങ്ങളും ദൈവത്തിന്‍റെ വികൃതികളും വായിച്ച് മയ്യഴി കാണാനെത്തുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മാഹിയിലെ പ്രധാന ആകര്‍ഷണം പുഴയോര നടപ്പാതയാണ്. വളവില്‍ കടപ്പുറം മുതല്‍ മഞ്ചക്കല്‍ ബോട്ട് ഹൗസ് വരെ നീളുന്ന പുഴയോര നടപ്പാത ഇന്ന് സഞ്ചാരികളുടെ ഇഷ്ടയിടമാണ്. മനോഹരമായ അസ്തമനക്കാഴ്ചകള്‍ക്ക് കുടുംബ സമേതം സായാഹ്നങ്ങളില്‍ ഒത്തു ചേരുന്ന കുടുംബങ്ങള്‍ ഇവിടെ നിത്യകാഴ്ചയാണ്.

മയ്യഴിപ്പുഴയെ അറിയാനും അറബിക്കടലിന്‍റെ ഭംഗി ആസ്വദിക്കാനുമൊക്കെ എത്തുന്നവര്‍ വേറെ. തനിച്ചും കുടുംബമായും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുള്ള ഇടമാണ് മാഹി പുഴയോര നടപ്പാത. മയ്യഴിയെ തഴുകി ഒഴുകുന്ന പുഴയും മയ്യഴിയുടെ സാഹിത്യകാരന്‍ എം. മുകുന്ദന്‍ അദ്ദേഹത്തിന്‍റെ നോവലില്‍ വിശേഷിപ്പിച്ച ചാരനിറമുള്ള അറബിക്കടലും അടുത്തു കാണാന്‍ പുഴയോര നടപ്പാതയോളം പറ്റിയമറ്റൊരിടമില്ല.

ദാസനും ചന്ദ്രികയും അവരുടെ ആത്മാവിന്റെ താവളമാകുന്ന വെള്ളിയാങ്കല്ലിനെ കുറിച്ച് അറിയാനും കാണാനും മാഹിയിലെത്താം. വളവില്‍ കടപ്പുറത്തിനടുത്ത് എത്തിയില്ലെങ്കിലും അതിന് സമീപത്തു നിന്നും ആരംഭിച്ച് ഒരു കാലത്ത് ഫ്രഞ്ചു കാരുടെ ഭരണ സിരാ കേന്ദ്രമായിരുന്ന മൂപ്പന്‍സ് ബംഗ്ലാവിനടുത്തു കൂടെ കടന്നു പോകുന്ന നടപ്പാത മാഹിപ്പാലം കടന്ന് അതിനപ്പുറത്തേക്ക് മഞ്ചക്കല്‍ ബോട്ട് ഹൗസ് വരെ നീളുന്നു.രൂപഭംഗി കൊണ്ടും ആസ്വാദന വൈവിധ്യം കൊണ്ടും സഞ്ചാരികളെ ആകര്‍ഷിക്കുന്ന വാക് വേ ടാഗോര്‍ പാര്‍ക്കിനെ തൊട്ടുരുമ്മിയാണ് നിര്‍മ്മിച്ചിട്ടുള്ളത്.

കിഴക്കു ഭാഗത്തു നിന്നും പടിഞ്ഞാറോട്ടാണ് നടപ്പാതയുടെ നിര്‍മ്മിത രീതി. പുഴയില്‍ തൂണുകള്‍ പണിതാണ് നടപ്പാതയുടെ നിര്‍മ്മാണം. ഓവര്‍ഹെഡ് കേബിള്‍ കാര്‍ സിസ്റ്റം ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങള്‍ നടപ്പാതയില്‍ ഒരുക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും അതൊന്നും ഇതേവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. അതൊന്നും വിനോദ സഞ്ചാരികള്‍ക്ക് പ്രശ്നമല്ല.

കടലും പുഴയും സമ്മേളിക്കുന്ന മനോഹര ദൃശ്യം ഒരിക്കലല്ല ഒരു നൂറു തവണയെങ്കിലും ഈ നടപ്പാതയിലൂടെ കണ്ടാസ്വദിക്കുകയാണ് അവര്‍. നടന്നു കൊണ്ടു തന്നെ എല്ലാം ആസ്വദിക്കാനുള്ള അവസരമാണ് വാക് വേ യിലുള്ളത്. വാക് വേ ക്കു സമീപമുള്ള ടാഗോര്‍ പാര്‍ക്കില്‍ ഒരുക്കിയ ഇരിപ്പിടങ്ങളില്‍ ഇരുന്നും പുഴയും കടലും സംഗമിക്കുന്ന ദൃശ്യങ്ങള്‍ മണിക്കൂറുകളോളം ആസ്വദിക്കാം.

പാര്‍ക്കിലെ തണല്‍ മരങ്ങള്‍ക്ക് കീഴെ ഇരുന്നു കൊണ്ട് തന്നെ പുഴയില്‍ നിന്നുള്ള കുളിര്‍കാറ്റേല്‍ക്കാം. നടപ്പാതയുടെ മനോഹാരിത നഷ്ടപ്പെടാതെ സൂക്ഷിക്കുന്നത് ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് വീണ്ടും വരാനുള്ള പ്രേരണ നല്‍കുന്നു. ദു:ഖങ്ങള്‍ മറന്ന് സന്തോഷത്തിന്‍റേയും സമാധാനത്തിന്‍റെയും നിമിഷങ്ങള്‍ പങ്കുവെക്കാന്‍ എത്തുന്നഎത്രയോ പേരെ നമുക്കിവിടെ കാണാന്‍ കഴിയും. തനിച്ചും കുടുംബമായും കൂട്ടുകാര്‍ക്കൊപ്പവും എത്തുന്ന സഞ്ചാരികളും ഏറെയാണ്.

എം. മുകുന്ദന്‍റെ മയ്യഴി പുഴയുടെ തീരങ്ങള്‍ എന്ന നോവലിലെ കഥാപാത്രങ്ങളായ ദാസന്‍റെയും ചന്ദ്രികയുടേയും ആത്മാക്കള്‍ തുമ്പികളായി പറക്കുന്ന വെള്ളിയാങ്കല്ല് കാണാന്‍ പലര്‍ക്കും താല്‍പ്പര്യമേറെയാണ്. അറബിക്കടലില്‍ മയ്യഴി പുഴ സംഗമിക്കുന്ന ഇടത്താണ് സഞ്ചാരികളുടെ നോട്ടം മുഴുവനും. മുകുന്ദന്‍ നോവലിലൂടെ അനാവരണം ചെയ്ത ചരിത്ര വസ്തുതകള്‍ ടാഗോര്‍ പാര്‍ക്കിനെ വേര്‍തിരിക്കുന്ന ചുവരുകളില്‍ ക്രമാനുഗതമായി ശില്പങ്ങളായി ഒരുക്കിയിട്ടുണ്ട്. ശില്പി കെ.കെ. ആര്‍ വേങ്ങരയാണ് ശില്പം രൂപ കല്പന ചെയ്തത്. ഇവയെല്ലാം കണ്ടു കഴിഞ്ഞാല്‍ മൂപ്പന്‍സ് കുന്നില്‍ കയറാം. കടലിന്‍റേയും കരയുടേയും വിദൂര ദൃശ്യങ്ങള്‍ ലൈറ്റ് ഹൗസില്‍ നിന്ന് കാണാം.

അഴിമുഖത്തു നിന്നും മാഹി പാലം വരെ ചേര്‍ത്തു വെച്ച ഒരു മുത്തു മാല പോലെ വാക് വേ യെ ദര്‍ശിക്കാം. ഫ്രഞ്ച് വിപ്ലവത്തിന്‍റേയും മയ്യഴി സ്വാതന്ത്ര പോരാട്ടത്തിന്‍റേയും സ്മാരകങ്ങള്‍ ടാഗോര്‍ പാര്‍ക്കിലുണ്ട്. ഇവയെല്ലാം കണ്ടശേഷം ഒരു കാലത്ത് ഫ്രഞ്ച് അധീന പ്രദേശമായ മാഹിയുടെ ഭരണം നിയന്ത്രിച്ച മൂപ്പന്‍സ് ബംഗ്ലാവില്‍ സന്ദര്‍ശനം നടത്താം. എന്നാല്‍ ഇപ്പോഴിത് മാഹിയുടെ പ്രാദേശിക ഭരണ സിരാകേന്ദ്രമാണ്.

ഒരു നൂറ് മീറ്റര്‍ കൂടി നടന്നാല്‍ മാഹി സെന്‍റ് തെരേസാസ് ദേവാലയം കാണാം. 1936 ല്‍ നിര്‍മ്മിച്ച ഈ ദേവാലയം വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാണ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ക്കിടയില്‍ പുുതുച്ചേരി സംസ്ഥാനത്തിന്‍റെ ഭാഗമായ മാഹിക്ക് ഒമ്പത് ചതുരശ്രകിലോമീറ്റര്‍ വിസ്തൃതി മാത്രമേ ഉള്ളൂ.

എങ്ങനെ എത്താം: കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും വരുന്നവര്‍ക്ക് മാഹി പള്ളി സ്റ്റോപ്പിലിറങ്ങിയാല്‍ മയ്യഴി പുഴയോര നടപ്പാതയിലേക്ക് എളുപ്പമെത്താം. ബസ് സ്റ്റോപ്പില്‍ നിന്ന് വെറും എണ്‍പത് മീറ്റര്‍ മാത്രമകലെയാണ് നടപ്പാത. കോഴിക്കോട് ഭാഗത്തു നിന്ന് എത്തുന്നവര്‍ക്കും മാഹിപ്പള്ളി ബസ് സ്റ്റോപ്പിലിറങ്ങി നടപ്പാതയിലെത്താം.

ട്രെയിന്‍ വഴി എത്തുന്നവര്‍ക്ക് മാഹി റെയില്‍ വേ സ്റ്റേഷനില്‍ ഇറങ്ങി ഓട്ടോ- ടാക്സി എടുത്ത് പുഴയോര നടപ്പാതയിലേക്ക് എത്താം. മാഹിയില്‍ നിര്‍ത്താത്ത ട്രെയിനുകള്‍ക്ക് തലശ്ശേരിയില്‍ സ്റ്റോപ്പുണ്ട്. മാഹി കാണാനെത്തുന്നവര്‍ക്ക് ഏറ്റവുമടുത്ത വിമാനത്താവളം കണ്ണൂരാണ്. അവിടെ നിന്നും റോഡ് മാര്‍ഗം മാഹിയിലെത്താം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.