മാഹി: മാഹിയിലെ അമ്മ തെരേസാ പുണ്യവതിയുടെ തീര്‍ത്ഥാടന കേന്ദ്രമായ മാഹി പള്ളിയെ ബസലിക്കയായി ഉയര്‍ത്തി. ഉത്തര കേരളത്തിലെ പ്രഥമ ബസലിക്കയായി മാഹി പള്ളിയെ ഫ്രാന്‍സിസ് പാപ്പ ഉയര്‍ത്തിയതായി കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ അറിയിച്ചു (Mahe Church Up Lifted As Basilica).
മയ്യഴി അമ്മയുടെ ദേവാലയം എന്നാണ് മാഹി സെന്‍റ് തെരേസാസ് തീര്‍ത്ഥാടന കേന്ദ്രം അറിയപ്പെടുന്നത്. ശതാബ്ദി നിറവിലായ കോഴിക്കോട് രൂപതക്ക് ലഭിച്ച അംഗീകാരവും 2021 ഡിസംബറില്‍ ഫ്രാന്‍സിസ് പാപ്പ നല്‍കുന്ന ക്രിസ്‌മസ് സമ്മാനവുമായി രൂപത ഇതിനെ സ്വീകരിക്കുന്നുവെന്ന് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ പറഞ്ഞു.
മലബാറിന്‍റെ ചരിത്രത്തില്‍ ഇതുവരേയും ഒരു ദേവാലയവും ബസലിക്ക പദവിലേക്ക് ഉയര്‍ത്തപ്പെട്ടിട്ടില്ല. മലബാറിന്‍റെ മണ്ണിലെ പ്രഥമ ബസലിക്കയായി മാഹി തീര്‍ത്ഥാടന കേന്ദ്രം അറിയപ്പെടും. സര്‍വ്വമത സാഹോദര്യത്തിന് പ്രസിദ്ധിയാര്‍ജ്ജിച്ച സെന്‍റ് തെരേസാസ് ദേവാലയത്തിലെ മാതാവിനെ മയ്യഴി അമ്മ എന്നാണ് നാട്ടുകാര്‍ വിശേഷിപ്പിക്കുന്നത്.