കണ്ണൂര്‍: കണക്കും സയന്‍സും സാമൂഹ്യ ശാസ്ത്രവും ഒക്കെ ഫ്രഞ്ച് ഭാഷയില്‍ പഠിപ്പിക്കുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമുണ്ട് ഇങ്ങ് മലയാളക്കരയില്‍. മാഹിയിലെ ഫ്രഞ്ച് സ്‌കൂള്‍ (French School Mahi Kannur). ഇന്ത്യയിലെ ഫ്രഞ്ച് കോളനികളിലൊന്നായ മാഹിക്ക് ഭൂത കാലത്തിന്‍റെ ശേഷിപ്പെന്ന നിലയില്‍ കിട്ടിയ സ്‌മാരകങ്ങളിലൊന്ന്. ഫ്രഞ്ച് അധീന പ്രദേശമായിരിക്കേ മാഹിയില്‍ സ്ഥാപിക്കപ്പെട്ട ഫ്രഞ്ച് വിദ്യാലയം ഇന്ന് സര്‍ക്കാറിന്‍റെ നിരന്തരമായ അവഗണനയില്‍ നാശത്തിലേക്ക് കുതിക്കുകയാണ്.
ഹെഡ്‌മാസ്റ്റര്‍ ഉള്‍പ്പെടെ നാല് സ്ഥിരം അധ്യാപകരാണ് പത്താംതരം വരെയുള്ള ഈ വിദ്യാലയത്തിലുള്ളത്. ഹൈസ്‌കൂള്‍ പദവിയുണ്ടെങ്കിലും മതിയായ അദ്ധ്യാപകര്‍ ഇല്ലാത്തതാണ് ഈ വിദ്യാലയത്തിന്‍റെ പ്രശസ്തിക്ക് മങ്ങലേല്‍ക്കാന്‍ കാരണം. കണക്ക് ഉള്‍പ്പെടെയുളള ശാസ്ത്ര വിഷയങ്ങളും സാമൂഹ്യ ശാസ്ത്രവും ഒക്കെ ഈ സ്‌ക്കൂളില്‍ പഠിപ്പിക്കുന്നത് ഫ്രഞ്ച് മാധ്യമത്തിലാണ്.
ശാസ്ത്ര വിഷയങ്ങള്‍ പഠിപ്പിക്കാനും ഫ്രഞ്ച് അറിയാവുന്ന അദ്ധ്യാപകര്‍ വേണമെന്നതാണ് വെല്ലുവിളി. അദ്ധ്യാപക രക്ഷാകര്‍തൃ സമിതിയുടെ സഹായത്തോടെ താല്‍ക്കാലിക അദ്ധ്യാപകരെ ഉള്‍പ്പെടുത്തിയാണ് ഈ വിദ്യാലയത്തില്‍ ക്ലാസുകള്‍ നടത്തുന്നത്. സര്‍വ്വീസ് റൂള്‍ പ്രകാരം യോഗ്യരായ അദ്ധ്യാപകരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതാണ് മാഹിക്ക് അലങ്കാരമായിത്തീരേണ്ട ഈ വിദ്യാലത്തിന്‍റെ ദുരവസ്ഥക്ക് കാരണം. 250 കുട്ടികള്‍ക്ക് പഠിക്കാവുന്ന ഈ ഫ്രഞ്ച് വിദ്യാലയത്തില്‍ ഇന്ന് 24 കുട്ടികള്‍ മാത്രമാണ് പഠിക്കുന്നത്.
മികച്ച അദ്ധ്യാപകരും അച്ചടക്കമുള്ള വിദ്യാര്‍ത്ഥികളുമായിരുന്നു ഫ്രഞ്ച് സ്കൂളിന്‍റെ മുഖമുദ്ര. മാഹിയോട് അതിര്‍ത്തി പങ്കിടുന്ന കണ്ണൂര്‍ കോഴിക്കോട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കും ഈ സ്‌ക്കൂളില്‍ പ്രവേശനം നേടാം. എന്നാല്‍ ഇക്കാര്യം കേരളത്തിലുളളവര്‍ക്ക് അറിയില്ലെന്നതാണ് വസ്തുത.
മികച്ച രീതിയില്‍ അധ്യയനം നടന്നിരുന്ന ഈ ഫ്രഞ്ച് സ്‌ക്കൂള്‍ കോവിഡ് കാലത്താണ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയത്. രോഗ ഭീതി കാരണം ദൂര ദിക്കുകളില്‍ നിന്നു വന്ന പല കുട്ടികളേയും രക്ഷിതാക്കള്‍ അടുത്തടുത്തുള്ള വിദ്യാലയങ്ങളില്‍ മാറ്റിച്ചേര്‍ത്തു. അതോടെ ഫ്രഞ്ച് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു.
കോവിഡ് ഭീതി മാറിയെങ്കിലും ഈ വിദ്യാലയത്തെ പഴയ നിലയിലേക്ക് എത്തിക്കാനായില്ല. ഉയര്‍ന്ന ജോലി സാധ്യത നല്‍കുന്ന ഫ്രഞ്ച് ഭാഷയുടെ സാധ്യത മയ്യഴിക്കാരും മലയാളികളും വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ ഇടപെടല്‍ അത്യാവശ്യമാണ്. ഫ്രഞ്ച് ഭാഷ അറിയാവുന്ന വിരമിച്ചവര്‍ക്കു പോലും ജോലി ലഭിക്കുന്ന സാഹചര്യത്തില്‍ ഫ്രഞ്ച് സ്കൂളിന്‍റെ നിലവാരം ഉയര്‍ത്താന്‍ പുതുച്ചേരി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഇടെപെടും എന്നാണ് പ്രതീക്ഷ.
മയ്യഴിയുടെ ചരിത്ര പൈതൃകത്തിന്‍റെയും സാസ്‌ക്കാരിക തനിമയുടെയും ഭാഗമായിക്കണ്ടും ഫ്രഞ്ച് സ്‌ക്കൂളിനെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു .ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ഡല്‍ഹിയിലെത്തുന്ന സാഹചര്യത്തിലെങ്കിലും ഫ്രഞ്ച് സ്കൂളിന്‍റെ ദുരവസ്ഥ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇടപെടുമെന്നപ്രതീക്ഷയിലാണ് മാഹിക്കാര്‍.