ETV Bharat / state

'മാലിന്യം നീക്കാതെ 68 ലക്ഷം സോണ്ട കൈപ്പറ്റി'; ലാവ്‌ലിന് സമാനമായ അഴിമതിയെന്ന് കണ്ണൂർ കോർപ്പറേഷൻ മേയര്‍

author img

By

Published : Mar 13, 2023, 8:39 PM IST

ബ്രഹ്മപുരത്ത് വിഷപ്പുക ഉയര്‍ന്നതിന്‍റെ പശ്ചാത്തലത്തിലാണ്, മാലിന്യം നീക്കുന്നതിന് ചുമതല ഉണ്ടായിരുന്ന സോണ്ട ഇന്‍ഫ്രാടെക്‌ കമ്പനി വാര്‍ത്തകളില്‍ നിറഞ്ഞത്

kannur corporation mayor against zonta company  kannur corporation mayor against zonta  zonta company and kerala govt  zonta company  കണ്ണൂർ കോർപ്പറേഷൻ മേയര്‍  സോണ്ട ഇന്‍ഫ്രാടെക്‌ കമ്പനി
കണ്ണൂർ കോർപ്പറേഷൻ മേയര്‍

കണ്ണൂർ കോര്‍പ്പറേഷന്‍ മേയര്‍ സംസാരിക്കുന്നു

കണ്ണൂർ: സംസ്ഥാനത്ത് മാലിന്യ സംസ്‌കരണം വിവാദ വിഷയമാവുമ്പോള്‍ മികച്ച രീതിയിൽ സംസ്‌കരണം നടത്തി ശ്രദ്ധേയമായ കണ്ണൂർ കോർപ്പറേഷൻ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. ചേലോറായിലെ 24 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രത്തിൽ ഏഴ്‌ ഏക്കർ സ്ഥലത്താണ് 60 വർഷമായി കോര്‍പ്പറേഷന്‍ മാലിന്യം ശേഖരിക്കുന്നത്. ഇവിടെ നിന്ന് തന്നെ യന്ത്ര സഹായത്തോടെ അഞ്ച് ഭാഗങ്ങളായി മാലിന്യം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടില്ലാതെ സംസ്‌കരിക്കുകയാണ് കണ്ണൂർ കോര്‍പ്പറേഷന്‍.

'സോണ്ടയെ നിലനിർത്താൻ ഉണ്ടായത് വന്‍ സമ്മര്‍ദം': നഗരസഭ മാറി കോർപ്പറേഷന്‍ ആയ ഘട്ടത്തിലാണ് കരാർ കൊടുത്തുള്ള ബയോമൈനിങ് സംസ്‌കരണ രീതി തുടങ്ങുന്നത്. ബ്രഹ്മപുരത്ത് വിവാദത്തിലായ സോണ്ട ഇൻഫ്രാടെക്‌ കമ്പനിയെ ഏൽപ്പിക്കാനായിരുന്നു ആദ്യ ഘട്ടത്തിൽ സംസ്ഥാന സർക്കാർ നീക്കം. കൺസൾട്ടൻസി പോലെ പ്രവർത്തിക്കുന്ന അവർക്ക് മൈനിങ്ങിൽ മുൻ പരിചയം ഇല്ലെന്ന ആരോപണത്തെ തുടർന്നാണ് യുഡിഫ് ഭരണ സമിതി സോണ്ടയെ മാറ്റുന്നത്. സോണ്ടയെ നിലനിർത്താൻ സർക്കാരിന്‍റെ വലിയ സമ്മർദം ഉണ്ടായിരുന്നെന്ന് കണ്ണൂര്‍ കോർപ്പറേഷൻ മേയർ ടിഒ മോഹനൻ പറഞ്ഞു.

ALSO READ| ബ്രഹ്മപുരം തീപിടിത്തം; 'ആദ്യ സംഭവമല്ല, തീയില്ലാതെ പുകയുണ്ടാക്കാന്‍ മാധ്യമങ്ങള്‍ വിദഗ്‌ധരാണ്': എം ബി രാജേഷ്

റീ ടെൻഡർ ചെയ്യണമെന്ന് നിർദേശിച്ചപ്പോഴും സർക്കാർ ചെവിക്കൊണ്ടില്ല. കോടികളുടെ നഷ്‌ടം ഉണ്ടാകുമെന്ന് കണ്ട് സോണ്ടയുമായുള്ള കരാർ കോർപ്പറേഷൻ റദ്ദാക്കുകയായിരുന്നുവെന്ന് മേയർ ടിഒ മോഹനൻ പറഞ്ഞു. 6.86 കോടിക്കാണ് സോണ്ട പ്രവർത്തി ഏറ്റെടുത്തത്. എന്നാൽ, ഓരോ കാര്യങ്ങൾക്കായി വില പേശിക്കൊണ്ട് ഒടുവിൽ 21.5 കോടി വേണം എന്നായി. കമ്പനിക്കായി ഇടപെടലുകൾ മുഴുവൻ നടത്തിയത് സർക്കാർ ആണെന്നും കടലാസ് കമ്പനി ആയ സോണ്ട ഇടത് സർക്കാരിന്‍റെ കുട്ടിയാണെന്നും മോഹനൻ കുറ്റപ്പെടുത്തി.

'മുഖ്യമന്ത്രിക്ക് പങ്കുണ്ട്, ലാവ്‌ലിന് സമാനമായ അഴിമതി': ഇത്തരം കമ്പനികളെ നിലനിർത്തുന്നതിൽ മുഖ്യമന്ത്രിക്ക് ഉൾപ്പടെ പങ്കുണ്ട്. ലാവ്‌ലിന് സമാനമായ അഴിമതി ആണുള്ളത്. ഒരു പ്രവർത്തിയും ചെയ്യാതെ 68 ലക്ഷം രൂപ സോണ്ട അഡ്വാന്‍സായി കോർപ്പറേഷനിൽ നിന്ന് വാങ്ങി. ഭരണസമിതി നിലവിലില്ലാത്ത സമയത്താണ് വാങ്ങിയെടുത്തത്. ഇത് തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് കോർപ്പറേഷൻ. ഒരു ക്യുബിക് മീറ്ററിന് 1715 രൂപയോളമാണ് സോണ്ട വില നിശ്ചയിച്ചത്. എന്നാല്‍, പൂനെ ആസ്ഥാനമാക്കിയുള്ള കമ്പനി ഒരു ക്യുബിക് മീറ്ററിന് 640 രൂപയ്ക്ക് സംസ്‌കരണം നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ബ്രഹ്മപുരം വിഷപ്പുക വിവാദം കെട്ടടങ്ങാത്ത സാഹചര്യത്തില്‍ സോണ്ടയ്‌ക്കെതിരായ കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ ആരോപണം സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

അതേസമയം, ബ്രഹ്മപുരത്തെ തീപിടിത്തത്തിലും മാലിന്യ സംസ്‌കരണത്തിലും തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് സോണ്ട കമ്പനി രംഗത്തെത്തിയിരുന്നു. ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ സംസ്‌കരണം തങ്ങളുടെ ഉത്തരവാദിത്തമല്ല. ബയോ മൈനിങ്, കാപ്പിങ് വഴി പഴയ മാലിന്യങ്ങളുടെ സംസ്‌കരണം എന്നിവ മാത്രമാണ് കമ്പനി ചെയ്യുന്നത്. ഓരോ ദിവസവും വരുന്ന മാലിന്യങ്ങളുടെ സംസ്‌കരണവും പ്ലാസ്റ്റിക് സംസ്‌കരണവും സോണ്ട കൈകാര്യം ചെയ്യേണ്ടതല്ലെന്നും കമ്പനി വാർത്താക്കുറിപ്പിലൂടെ മാര്‍ച്ച് 12ന് ചൂണ്ടിക്കാട്ടിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.