ETV Bharat / state

Sudhakaran against MV Govindan : 'മാസ്‌റ്റർ എന്നുവിളിക്കാൻ ലജ്ജ തോന്നുന്നു' ; എം.വി ഗോവിന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സുധാകരന്‍

author img

By

Published : Jun 19, 2023, 4:37 PM IST

കേരളത്തിലെ സിപിഎം രാഷ്ട്രീയ അധഃപതനത്തിൻ്റെ പരമകോടിയിൽ നിൽക്കുകയാണെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ പ്രതികരണം

K Sudhakaran  K Sudhakaran response over MV Govindan  Monson Mavunkal Pocso case  Monson Mavunkal  Monson Mavunkal Pocso case  KPCC President  CPM State Secretary  മാസ്‌റ്റർ എന്നുവിളിക്കാൻ ലജ്ജ തോന്നുന്നു  ഗോവിന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍  സുധാകരന്‍  സിപിഎം സംസ്ഥാന സെക്രട്ടറി  സിപിഎം  നരേന്ദ്രമോദി  കെസി വേണുഗോപാൽ  വേണുഗോപാൽ
'മാസ്‌റ്റർ' എന്നുവിളിക്കാൻ ലജ്ജ തോന്നുന്നു; എം.വി ഗോവിന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സുധാകരന്‍

കെ.സുധാകരന്‍ പ്രതികരിക്കുന്നു

കണ്ണൂർ : സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ് നേതാക്കൾ. എം വി ഗോവിന്ദനെ 'മാസ്‌റ്റർ' എന്നുവിളിക്കാൻ ലജ്ജ തോന്നുന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. അതേസമയം കെപിസിസി പ്രസിഡന്‍റിനെതിരെയുള്ള പ്രസ്‌താവനയിൽ എം.വി ഗോവിന്ദൻ മറുപടി പറയണമെന്ന് ഐഐസിസിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പ്രതികരിച്ചു.

സ്വരം കടുപ്പിച്ച് സുധാകരന്‍ : എനിക്കെതിരെ മൊഴി നൽകാൻ മോന്‍സണ്‍ മാവുങ്കലിനെ ഭീഷണിപ്പെടുത്തിയെന്ന വാർത്തയും പുറത്തുവന്നിരിക്കുകയാണ്. എനിക്കെതിരെയുള്ള പ്രസ്‌താവനയ്ക്ക് ഗോവിന്ദൻ മാസ്‌റ്റർക്ക് മറുപടി പറയേണ്ടിവരും. ഗോവിന്ദൻ പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. ഗോവിന്ദൻ മാസ്‌റ്റർക്ക് കാലം മറുപടി നൽകും.

നിയമത്തിലൂടെയും മറുപടി നൽകും. എൻ്റെ പേര് പറയിപ്പിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ട്. അതിജീവിതയെ കൊണ്ട് പേര് പറയിപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം.വി ഗോവിന്ദനെതിരെ നിയമനടപടി സ്വീകരിക്കുന്നതില്‍ വിദഗ്‌ധരുമായി ചർച്ച നടക്കുന്നുവെന്നും സുധാകരൻ വ്യക്തമാക്കി.

പ്രതികരിച്ച് കെ.സി വേണുപോലും : ദേശീയ തലത്തിൽ എതിർശബ്‌ദങ്ങളുയരുമ്പോള്‍ വായ മൂടികെട്ടാൻ ശ്രമിക്കുന്ന നരേന്ദ്രമോദി സർക്കാരിനേക്കാൾ ഒരുപടി മുന്നിൽ പിണറായി വിജയൻ സർക്കാർ നിൽക്കുകയാണെന്നായിരുന്നു കെ.സി വേണുഗോപാലിന്‍റെ പ്രതികരണം. കേരളത്തിലെ സിപിഎം രാഷ്ട്രീയ അധഃപതനത്തിൻ്റെ പരമകോടിയിൽ നിൽക്കുന്ന അവസ്ഥയാണിപ്പോൾ. സിപിഎമ്മിൽ അടിമുടി വ്യാജൻമാർ നിറഞ്ഞുനിൽക്കുകയാണ്.

ഗോവിന്ദൻ മാസ്‌റ്റർ നടത്തിയ പരാമർശം ഞെട്ടലുളവാക്കുന്നു. സംസ്ഥാന സെക്രട്ടറിയുടെ ഭാഷയും പരാമര്‍ശങ്ങളും നികൃഷ്‌ടവും നിന്ദ്യവുമാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. വിമർശനത്തിൻ്റെ എല്ലാ സീമകളും ലംഘിച്ച് പാർട്ടി പെട്ടിരിക്കുന്ന ഏറ്റവും മോശം സാഹചര്യത്തിൽ നിന്നാണ് ഇത്തരം പ്രസ്‌താവനകള്‍ വരുന്നത്. ഗോവിന്ദൻ മാസ്‌റ്റർക്ക് എന്തുപറ്റിയെന്നും കെ.സി വേണുഗോപാൽ ചോദിച്ചു.

സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനം : കെ.സുധാകരനെ കേസിൽപ്പെടുത്താൻ ഗോവിന്ദൻ മാഷിന് ആഗ്രഹമുണ്ടാവും. എന്നാൽ കെ.സുധാകരനെതിരെ എടുത്തിരിക്കുന്ന കേസ് രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്‌മ ചെയ്യുന്നതിൻ്റെ ഭാഗമാണെന്ന് ജനങ്ങൾക്ക് മനസിലായി. ദേശാഭിമാനിയിൽ വന്ന വാർത്തയുടെ പേരിൽ ഗോവിന്ദൻ മാഷ് നടത്തിയ പ്രസ്‌താവന നിയമത്തിൻ്റെ മുന്നിൽ ഏത് രീതിയിൽ വരുമെന്ന് പരിശോധിച്ച് നടപടിയെടുക്കേണ്ട കാര്യം കേരള പൊലീസിനുണ്ടെന്നും കെ.സി വേണുഗോപാല്‍ അറിയിച്ചു. കെപിസിസി പ്രസിഡന്‍റിനെതിരെയുള്ള പ്രസ്‌താവനയിൽ എം.വി ഗോവിന്ദൻ മറുപടി പറയണമെന്നും അദ്ദേഹം വ്യക്തമാക്കി.

മാധ്യമങ്ങളുടെ വായ മൂടികെട്ടി തങ്ങളുടെ എല്ലാ കൊള്ളരുതായ്‌മകളും മറച്ചുവയ്ക്കാ‌ൻ ശ്രമിച്ചാൽ ജനാധിപത്യം തകരും. ഇത് എല്ലാ കാലത്തും നടക്കുമെന്ന് സിപിഎം ധരിക്കേണ്ട. ക്രൈംബ്രാഞ്ച് തന്നെ പറയുന്നു ഇങ്ങനെ ഒരു മൊഴി ഇല്ല എന്ന്.

Also read: Kerala politics| 'എംവി ഗോവിന്ദൻ ആഭ്യന്തരമന്ത്രിയും സൂപ്പർ ഡിജിപിയും ചമയുന്നു'; പറഞ്ഞത് പച്ചക്കള്ളമെന്ന് വിഡി സതീശൻ

ഒരു രാഷ്ട്രീയ പാർട്ടിയും നേതാക്കളും കാണിക്കാത്ത നീചമായ പ്രവര്‍ത്തിയാണ് കേരളത്തിൽ സിപിഎം കോൺഗ്രസ് നേതാക്കളോടും പ്രവർത്തകരോടും കാണിക്കുന്നത്. കേരളത്തിലെ സിപിഎമ്മിന് കോൺഗ്രസ് നേതാക്കളാണ് മുഖ്യ ശത്രുവെന്ന് പറഞ്ഞ അദ്ദേഹം, കേരളം വന്നുപെട്ടിരിക്കുന്ന ഇപ്പോഴത്തെ ഗതികേടിൽ സാംസ്‌കാരിക നായകരും പൊതുപ്രവർത്തകരും പ്രതികരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.