ETV Bharat / state

കേരളത്തിന്‍റെ കൈത്തറി പാരമ്പര്യം വിളിച്ചോതി ഇന്ത്യയിലെ ആദ്യത്തെ കൈത്തറി മ്യൂസിയം 'ഓടം' കണ്ണൂരിൽ ഒരുങ്ങുന്നു

author img

By

Published : May 17, 2023, 1:58 PM IST

15-ാം നൂറ്റാണ്ട് മുതലുള്ള കൈത്തറികളുടെ ഉത്ഭവവും കണ്ണൂരിന്‍റെ കൈത്തറി പാരമ്പര്യം വിളിച്ചോതുന്നതുമായ പത്ത് ഗ്യാലറികൾ അടങ്ങുന്ന മ്യൂസിയം ആണ് കണ്ണൂരിൽ തുറന്നത്

ഇന്ത്യയിലെ ആദ്യത്തെ കൈത്തറി മ്യൂസിയം  കേരളത്തിന്‍റെ കൈത്തറി പാരമ്പര്യം  handloom museum Odam  കൈത്തറി മ്യൂസിയം ഓടം കണ്ണൂരിൽ  കണ്ണൂരിന്‍റെ കൈത്തറി പാരമ്പര്യം  പത്ത് ഗ്യാലറികൾ അടങ്ങുന്ന മ്യൂസിയം  Handloom tradition of Kannur  Indias first handloom museum
ഇന്ത്യയിലെ ആദ്യത്തെ കൈത്തറി മ്യൂസിയം 'ഓടം'

മ്യൂസിയം ഡയറക്‌ടർ അബുശിവദാസ് സംസാരിക്കുന്നു

കണ്ണൂർ: തിറകളുടെയും തറികളുടെയും നാട് എന്നാണ് കണ്ണൂർ അറിയപ്പെടുന്നത്. മാഞ്ചസ്റ്റർ ഓഫ് കേരള, ടെക്സ്റ്റൈൽ സിറ്റി ഓഫ് കേരള എന്നും കണ്ണൂരിന് വിളിപ്പേരുണ്ട്. 15-ാം നൂറ്റാണ്ട് മുതലുള്ള കൈത്തറികളുടെ ഉത്ഭവവും കണ്ണൂരിന്‍റെ കൈത്തറി പാരമ്പര്യം വിളിച്ചോതുന്നതുമായ പത്ത് ഗ്യാലറികൾ അടങ്ങുന്ന മ്യൂസിയം ആണ് കണ്ണൂരിൽ തുറന്നത്.

കൈത്തറികളുടെ പരിണാമം, ചാലിയ തെരുവുകളെ കുറിച്ചും ഇവിടെ പകർത്തിയെഴുതിയിട്ടുണ്ട്. കേരള സർക്കാർ മ്യൂസിയം - മൃഗശാല വകുപ്പിന്‍റെ കീഴിലാണ് മ്യൂസിയം പൂർത്തിയായത്. ഇന്തോ - യൂറോപ്യൻ വാസ്‌തു മാതൃകയിൽ ഹാൻഡ് വീവിന്‍റെ പൈതൃക കെട്ടിടത്തിലാണ് മ്യൂസിയം നിർമിച്ചത്. 1957 വരെ കണ്ണൂര്‍ കലക്‌ടറേറ്റ് പ്രവര്‍ത്തിച്ചിരുന്നത് ഈ പൈതൃക മന്ദിരത്തിലാണ്. 1968 ല്‍ കെട്ടിടം ഹാന്‍വീവിന് കൈമാറുകയായിരുന്നു.

പേര് വന്ന വഴി: ഓടം ഒരു പ്രധാന നെയ്‌ത്തുപകരണമാണ്. ഊടും പാവും നെയ്യാൻ നൂലോടിക്കുന്ന ഉപകരണമാണിത്. കളിയോടത്തിനോടുള്ള രൂപ സാദൃശ്യമാകാം ഈ പേര് ലഭിക്കാൻ കാരണമെന്നാണ് പറയപ്പെടുന്നത്. എല്ലാ ആധുനിക നെയ്‌ത്ത് രീതികളിലും ഓടം ഉപയോഗിക്കുന്നില്ല. എന്നിരുന്നാലും കൈത്തറിയിലും യന്ത്രത്തറിയിലും വ്യത്യസ്‌തങ്ങളായ ഓടങ്ങൾ ഉപയോഗിക്കുന്നുണ്ട്. കൈത്തറിയിൽ ഇത്രയധികം പ്രാധാന്യമർഹിക്കുന്ന പേര് മ്യൂസിയത്തിന് നൽകുകയായിരുന്നു.

പൈതൃകം വിളിച്ചോതുന്ന ഹാന്‍വീവ് കാര്യാലയം: ഹാന്‍വീവ് കാര്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറിയതോടെയാണ് പൈതൃക മന്ദിരം സംരക്ഷിക്കാന്‍ തീരുമാനമായത്. സംരക്ഷിത സ്‌മാരകമായി പ്രഖ്യാപിച്ചപ്പോള്‍ ഏതാണ്ട് നാശോന്മുഖമായ അവസ്ഥയിലായിരുന്ന കെട്ടിടത്തിന്‍റെ പൈതൃക ഭാവങ്ങള്‍ അതേപടി നിലനിര്‍ത്തിയാണ് പുരാവസ്‌തു വകുപ്പ് സംരക്ഷിച്ചിട്ടുള്ളത്.

60 ലക്ഷം രൂപ മുതൽമുടക്കിൽ പുരാവസ്‌തു വകുപ്പ് ആണ് കെട്ടിടത്തിന്‍റെ സംരക്ഷണ പ്രവർത്തികൾ പൂർത്തീകരിച്ചത്. സംസ്ഥാന പുരാവസ്‌തു വകുപ്പിന്‍റെ എഞ്ചിനീയറിങ് വിഭാഗമാണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. മേല്‍ക്കൂര പൂര്‍ണ്ണമായും ബലപ്പെടുത്തി. ചോര്‍ച്ചകള്‍ പരിഹരിച്ച് പഴയ തറയോടുകള്‍ മികച്ച രീതിയില്‍ സംരക്ഷിച്ചു. തടി കൊണ്ടുള്ള മച്ചുകള്‍, ഗോവണികള്‍ എന്നിവ ബലപ്പെടുത്തി പൂര്‍വസ്ഥിതിയിലാക്കി. 1980ല്‍ പൊളിച്ചുമാറ്റപ്പെട്ട ചില ഭാഗങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കിയിട്ടുണ്ട്.

തനത് പാരമ്പര്യം വിളിച്ചോതാൻ മ്യൂസിയം: 200 ലധികം പഴക്കമുള്ള കെട്ടിടത്തിൽ രണ്ടു കോടി രൂപ ചെലവഴിച്ചാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. സർക്കാറിന്‍റെ നോടൽ ഏജൻസിയായ ചരിത്ര പൈതൃക മ്യൂസിയമാണ് നിർമാണം നടത്തിയത്. മനുഷ്യന്‍റെ വസ്ത്രധാരണ, വസ്ത്ര നിർമാണ പൈതൃകം എന്നിവയുടെ സാംസ്‌കാരിക വളർച്ചയുടെ ഘട്ടങ്ങൾ, വിവിധ ഗ്യാലറിലൂടെ മ്യൂസിയത്തിൽ ആവിഷ്‌കരിച്ചിട്ടുണ്ട്. കൈത്തറി വ്യവസായത്തിന്‍റെ വളർച്ചയിൽ പങ്കുവച്ച ജനകീയ കൂട്ടായ്‌മകളെയും സഹകരണമേഖലയുടെ സ്വാധീനത്തെക്കുറിച്ചും മ്യൂസിയത്തിൽ ദൃശ്യ വൽക്കരിക്കുന്നുണ്ട്.

കൈത്തറിയുടെ സമഗ്ര ചരിത്രമാണ് മ്യൂസിയത്തിലുള്ളതെന്ന് മ്യൂസിയം ഡയറക്‌ടർ അബുശിവദാസ് പറഞ്ഞു. 'മലബാറിന്‍റെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ കൈത്തറി വ്യവസായം ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങളുടെ നായകന്മാരായിട്ടുള്ള വാഗ്‌ഭടാനന്തനും ശ്രീനാരായണഗുരുവുമൊക്കെ മദ്യത്തിലും മയക്കുമരുന്നിലും പോകാതെ വ്യവസായവും കൈത്തറിയും നടത്തി മുന്നോട്ട് പോവുക എന്ന ആശയം പ്രചരിപ്പിച്ചിട്ടുണ്ട്. വരും തലമുറക്ക് കൈത്തറിയുടെ പ്രാധാന്യവും ചരിത്രവും മനസിലാക്കാനുള്ള അവസരമാണ് മ്യൂസിയം ഒരുക്കുന്നത്', അബുശിവദാസ് കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.