ETV Bharat / state

തൃക്കൈക്കുന്ന് ശിവക്ഷേത്രം : വീരപഴശ്ശിയുടെ സ്‌മരണകള്‍ ഇരമ്പുമിടം, ഇപ്പോള്‍ കാര്യക്കാരന്‍ രവി വര്‍മ, അദ്ദേഹത്തിന് പറയാനുണ്ട് ചിലത്

author img

By ETV Bharat Kerala Team

Published : Dec 1, 2023, 8:06 PM IST

Descendant of Veera Pazhassi :പഴശ്ശിരാജയുടെ ആരാധനാകേന്ദ്രമായ കൂത്തുപറമ്പ് കോട്ടയത്തെ തൃക്കൈക്കുന്ന് ശിവക്ഷേത്രത്തില്‍ ജോലി ചെയ്യുന്ന കിഴക്കേ കോവിലകത്തെ രവിവര്‍മ്മയുടെ കഥയറിയാം.

Kerala Varma Pazhassi Raja  Veera pazhassi  Descendant of Veera pazhassi  Ravi Varma  വീരപഴശ്ശി  Pazhassi Raja  പഴശ്ശിരാജ  കേരളവർമ്മ പഴശ്ശിരാജ  രവിവര്‍മ്മ  വീരപഴശ്ശിയുടെ പിന്മുറക്കാരന്‍ രവിവര്‍മ്മ  Ravi Varma counter clerk at Shiva Temple  തൃക്കൈക്കുന്ന് ശിവക്ഷേത്രം  Thrikkaikkunnu Mahadeva Temple
Descendant of Veera pazhassi

ശിവക്ഷേത്രത്തില്‍ കൗണ്ടര്‍ ക്ലാര്‍ക്കായി പഴശ്ശിരാജയുടെ കുടുംബാംഗം

കണ്ണൂര്‍ : കൂത്തുപറമ്പിനടുത്ത് തൃക്കൈക്കുന്ന് ശിവക്ഷേത്രം വീര കേരള വര്‍മ്മ പഴശ്ശിരാജയുടെ (Kerala Varma Pazhassi Raja) ചരിത്ര കഥകളുടെ ഭാഗമായ ഇടങ്ങളിലൊന്നാണ്. പഴശ്ശി രാജാവ് ആരാധന നടത്തിപ്പോന്ന ക്ഷേത്രമെന്ന നിലയില്‍ ഏറെ പ്രശസ്‌തമാണ് തൃക്കൈക്കുന്ന് ശിവക്ഷേത്രം (Thrikkaikkunnu Mahadeva Temple). രാജഭരണം നഷ്‌ടമായതോടെ രാജവംശങ്ങളും കോവിലകങ്ങളും ക്ഷയിച്ചു. പഴശ്ശി രാജവംശത്തിന്‍റെ കഥയും വ്യത്യസ്‌തമല്ല.

വലിയമ്മാവന്‍ പഴശ്ശിരാജാവ് ആരാധന നടത്തിയിരുന്ന തൃക്കൈക്കുന്ന്‌ ശിവക്ഷേത്രത്തില്‍ കൗണ്ടര്‍ ക്ലാര്‍ക്കായി ജോലി നോക്കുകയാണ് അമ്പത്തിരണ്ടുകാരനായ രവിവര്‍മ്മ (Ravi Varma counter clerk at Shiva Temple). യൗവനകാലത്ത് സ്ഥിരമായ ജോലിയോ വരുമാനമോ ഇല്ലാത്തതിനാല്‍ വിവാഹം ഉപേക്ഷിച്ചു. കോട്ടയം രാജവംശത്തിലെ നാല് തായ്‌വഴികളിലൊന്നാണ് കിഴക്കേ കോവിലകം. ഒരു കാലത്ത് മമ്പറം പുഴയ്‌ക്കും എരഞ്ഞോളി പുഴയ്‌ക്കും പാത്തിപ്പാലത്തിനും മധ്യത്തിലായി മൈസൂര്‍ രാജ്യത്തിന്‍റെ അതിര്‍ത്തി വരെ പരന്നുകിടന്ന കോട്ടയം രാജസ്വരൂപത്തിലെ കണ്ണിയാണ് കിഴക്കേ കോവിലകത്തെ രവിവര്‍മ്മ (Descendant of Veera pazhassi). സഹോദരന്‍ രാജരാജവര്‍മ്മയും സഹോദരി സുഭദ്രയും ഒപ്പമുണ്ട്.

കൃഷിഭൂമികളടക്കം ഒട്ടേറെ ഭൂസ്വത്തുക്കളും വയനാട്ടിലും പരിസരങ്ങളിലുമായി മുപ്പതിലേറെ ക്ഷേത്രങ്ങളും കിഴക്കേ കോവിലകത്തിന് മാത്രം അവകാശപ്പെട്ടതായിരുന്നു. ഇന്ന് 20 സെന്‍റ് ഭൂമി മാത്രമാണ് സ്വന്തമായുള്ളത്. ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതോടെ ക്ഷേത്രത്തില്‍ നിന്നും രവിവര്‍മ്മയ്ക്ക്‌ മാസം പന്തീരായിരം രൂപ വീതം ലഭിക്കും.

പഴയ രാജ വംശങ്ങളിലെ വലിയരാജ പദവിയുള്ള അവകാശികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മാലിഖാന്‍ നല്‍കുന്നുണ്ട്. പഴശ്ശിരാജാവിന്‍റെ കാലത്ത് പിന്നാക്ക വിഭാഗത്തേയും ആദിവാസികളേയും കാര്യമായി പരിഗണിച്ചിരുന്നതായി മുന്‍തലമുറക്കാര്‍ പറഞ്ഞിരുന്നുവെന്ന് രവിവര്‍മ്മ സാക്ഷ്യപ്പെടുത്തുന്നു. ജനാധിപത്യ സംവിധാനത്തില്‍ ആ പരിഗണനയെങ്കിലും തങ്ങള്‍ക്ക് തന്നുകൂടേയെന്നാണ് രവിവര്‍മ്മ ചോദിക്കുന്നത്.

വീരകേരളവര്‍മ്മ പഴശ്ശിരാജ : ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ കേരളത്തില്‍ യുദ്ധം പ്രഖ്യാപിച്ച നാട്ടുരാജാവായിരുന്നു വീരകേരളവര്‍മ്മ പഴശ്ശിരാജ. കുറിച്യരേയും മറ്റ് ഗോത്രവിഭാഗങ്ങളേയും സംഘടിപ്പിച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി നടപ്പാക്കിയ ജനവിരുദ്ധ നികുതി നയങ്ങള്‍ക്കെതിരായിരുന്നു പഴശ്ശി കലാപം (Pazhassi Revolt) നടത്തിയത്. 1774 നും 1805 നും ഇടയ്ക്ക്‌ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നേരിട്ട വലിയ വെല്ലുവിളി പഴശ്ശിയില്‍ നിന്നുള്ളതായിരുന്നു.

പഴശ്ശിരാജാവിന്‍റെ ആയോധനവീര്യം കണക്കിലെടുത്ത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ വീരകേരള സിംഹം എന്നാണ് പഴശ്ശി വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ന് എല്ലാറ്റിനും സാക്ഷിയായി തൃക്കൈക്കുന്ന് ശിവക്ഷേത്രവും ക്ഷേത്രത്തിലെ ചിറയും നിലനില്‍ക്കുന്നു. പഴയ രാജാധികാരത്തെക്കുറിച്ചും രാജ ഭരണകാലത്തെക്കുറിച്ചും ഇന്ന് ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമൊന്നുമില്ല.

അധികാരവും ചെങ്കോലും വിട്ട് ജനാധിപത്യ ഭരണ സംവിധാനത്തിന്‍റെ ഭാഗമായ തങ്ങള്‍ക്ക് ജോലിയും പരിഗണനയുമാണ് ആവശ്യമെന്ന് രവിവര്‍മ്മ പറയുന്നു. "ആരോടും പരിഭവമോ പരാതിയോ ഇല്ല. ഞങ്ങളും ജനാധിപത്യ രാജ്യത്തിലെ പൗരന്‍മാരാണ്". വീര പഴശ്ശിയുടെ പിന്മുറക്കാരന്‍ രവിവര്‍മ്മ പറഞ്ഞുനിര്‍ത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.