ETV Bharat / state

Coconut Oil Adulteration Health 'വെർജിൻ' അല്ല വെളിച്ചെണ്ണ, മായം കണ്ടെത്താൻ മാർഗമുണ്ട്...

author img

By ETV Bharat Kerala Team

Published : Sep 26, 2023, 4:24 PM IST

കൊളസ്ട്രോൾ അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളുടെ പേരില്‍ ഒരു കാലത്ത് ഏറ്റവുമധികം ആക്ഷേപങ്ങൾ നേരിട്ട വെളിച്ചെണ്ണയെ അടുക്കളയിലേക്ക് നാം തിരിച്ചുകൊണ്ടുവന്നതാണ്. അത്തരം ആരോപണങ്ങളെല്ലാം തെറ്റായിരുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുമുണ്ട്. മാത്രമല്ല ഇപ്പോൾ ഔഷധ നിർമാണത്തിനും വെളിച്ചെണ്ണ ഉപയോഗിക്കുന്നുണ്ട്.

Coconut Oil Adulteration Health
Coconut Oil Adulteration Health

വെളിച്ചെണ്ണയിലെ മായം, ജാഗ്രത വേണം

കണ്ണൂർ: ഫുഡ് സേഫ്‌റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അവരുടെ ഇൻസ്റ്റഗ്രാം പേജില്‍ പങ്കുവെച്ച ഒരു വീഡിയോ ഇങ്ങനെയാണ്. കുറച്ച് വെളിച്ചെണ്ണയും യെല്ലോ ബട്ടറും എടുക്കുക. വെളിച്ചെണ്ണ ഒരു കപ്പിലേക്ക് ഒഴിക്കുക. ശേഷം അതിലേക്ക് ഒരു സ്പൂൺ യെല്ലോ ബട്ടർ ചേർക്കുക. വെളിച്ചെണ്ണയുടെ നിറം മാറുന്നുണ്ടെങ്കില്‍ അത് മായം കലർന്നതാണ്. വെളിച്ചെണ്ണയ്ക്ക് മാറ്റമൊന്നും സംഭവിച്ചില്ലെങ്കില്‍ അത് ശുദ്ധമാണ്.

വെളിച്ചെണ്ണയില്ലാതെ മലയാളിയുണ്ടോ: ഇത്രയും പറഞ്ഞത്, മായം ചേർക്കാത്ത ഭക്ഷ്യഉല്‍പ്പന്നം എന്നത് ഏതൊരാളുടേയും അവകാശമാണ് എന്ന് അറിഞ്ഞുകൊണ്ടാണ്. ശുദ്ധമായ വെളിച്ചെണ്ണ ഒരു തുള്ളിയെങ്കിലും ഒഴിക്കാതെ എങ്ങനെ കറികളുണ്ടാക്കും എന്ന് ചിന്തിക്കുന്ന മലയാളി ഇത് അറിഞ്ഞിരിക്കണം. കാരണം വിപണിയിലെത്തുന്ന ഭൂരിഭാഗം പാക്കറ്റ് വെളിച്ചെണ്ണയും പലരീതിയില്‍ മായം ചേർത്തതാണെന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പ് പറയുന്നത്.

കുറച്ചൊക്കെ മായം ചേർക്കാതെ വിപണിയില്‍ പിടിച്ചു നില്‍ക്കാനാകില്ലെന്നാണ് പാക്കറ്റ് കമ്പനിക്കാരുടെ വാദം. മായം കലർന്ന വെളിച്ചെണ്ണ കണ്ടെത്തി അത്തരം ഉല്‍പ്പാദകർക്ക് നിരോധനം ഏർപ്പെടുത്തിയാല്‍ മറ്റൊരു പേരില്‍ വീണ്ടും അതേ വെളിച്ചെണ്ണ വിപണിയിലെത്തും.

മായം കലർന്നാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ: പെട്രോളിയം ഉല്‍പ്പന്നങ്ങൾ, പാരഫിൻ, ഹെക്‌സൈൻ തുടങ്ങി ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന രാസ വസ്തുക്കൾ വെളിച്ചെണ്ണയില്‍ ചേർക്കുന്നത് അളവ് വർധിപ്പിക്കാനും കേടുവരാതെ സൂക്ഷിക്കാനുമാണ്. അതും പോരാഞ്ഞിട്ട് പാം ഓയില്‍, പരുത്തിക്കുരു എണ്ണ, നിലക്കടല എണ്ണ തുടങ്ങി വില കുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ എണ്ണകൾ വെളിച്ചെണ്ണയില്‍ ചേർത്തും വിപണിയിലെത്തുന്നുണ്ട്.

റീഫൈൻഡ് വെളിച്ചെണ്ണ എന്ന പേരില്‍ എത്തുന്നതും ശുദ്ധ തട്ടിപ്പാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. കാൻസർ, പക്ഷാഘാതം എന്നിവയ്ക്ക് പുറമെ വൃക്ക, കരൾ, ഉദരം എന്നിവയെ ബാധിക്കുന്ന മാരക രോഗങ്ങളാണ് വെളിച്ചെണ്ണയിലെ മായം ചേർക്കല്‍ കൊണ്ടുണ്ടാകുന്നത്.

ഇതൊക്കെയാണെങ്കിലും രുചിയും ഗുണവും ഏറെയുള്ള ശുദ്ധമായ വെളിച്ചെണ്ണ മാറ്റി നിർത്തിയൊരു പരിപാടി നമുക്കില്ല. കാരണം കൊളസ്ട്രോൾ അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളുടെ പേരില്‍ ഒരു കാലത്ത് ഏറ്റവുമധികം ആക്ഷേപങ്ങൾ നേരിട്ട വെളിച്ചെണ്ണയെ അടുക്കളയിലേക്ക് നാം തിരിച്ചുകൊണ്ടുവന്നതാണ്. അത്തരം ആരോപണങ്ങളെല്ലാം തെറ്റായിരുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുമുണ്ട്. മാത്രമല്ല ഇപ്പോൾ ഔഷധ നിർമാണത്തിനും വെളിച്ചെണ്ണ ഉപയോഗിക്കുന്നുണ്ട്.

ചക്കിലാട്ടുന്ന വെളിച്ചെണ്ണ: തേങ്ങ ഉണക്കി കൊപ്രയാക്കി അത് ആട്ടിയാണ് വെളിച്ചെണ്ണ ഉണ്ടാക്കുന്നത്. അതിനൊപ്പം പച്ചത്തേങ്ങയുടെ പാലില്‍ നിന്നുണ്ടാക്കുന്ന വെർജിൻ വെളിച്ചെണ്ണയും ഇന്ന് വിപണിയിലുണ്ട്. വൻകിട പാക്കറ്റ് ബ്രാൻഡുകൾ ഉപേക്ഷിച്ച് ചെറുകിട മില്ലുകളില്‍ ചക്കിലാട്ടി എടുക്കുന്ന വെളിച്ചെണ്ണയ്ക്കാണ് ഇന്ന് ആവശ്യക്കാരെയുള്ളത്. കാരണം മായം ചേർക്കില്ല എന്ന വിശ്വാസം തന്നെ. ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ കൃത്യമായ പരിശോധനകൾ കൂടിയാകുമ്പോൾ ശുദ്ധമായ വെളിച്ചെണ്ണ എന്ന മലയാളിയുടെ ആഗ്രഹം സാധ്യമാകുമെന്നുറപ്പാണ്.

also read: Food Safety: കഴിക്കുന്നത് വിഷം തന്നെ, 'അറിഞ്ഞും അറിയാതെയും'...ശക്തമാക്കണം...നിയമം, ശിക്ഷ, പരിശോധന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.