പതിനേഴുകാരിക്ക് നേരെ ലൈംഗിക അതിക്രമം; പിതാവും പിതാവിന്‍റെ സുഹൃത്തും പോക്‌സോ കേസിൽ അറസ്റ്റിൽ
Published: May 17, 2023, 7:22 PM


പതിനേഴുകാരിക്ക് നേരെ ലൈംഗിക അതിക്രമം; പിതാവും പിതാവിന്‍റെ സുഹൃത്തും പോക്‌സോ കേസിൽ അറസ്റ്റിൽ
Published: May 17, 2023, 7:22 PM

ഇടുക്കിയിൽ 17 കാരിയായ മകൾക്ക് നേരെ പിതാവും പിതാവിന്‍റെ സുഹൃത്തും ചേർന്ന് ലൈംഗിക അതിക്രമം നടത്തി
ഇടുക്കി : ചെറുതോണിയിൽ പതിനേഴുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പിതാവും പിതാവിന്‍റെ സുഹൃത്തും അറസ്റ്റിൽ. ഇടുക്കി ചെറുതോണി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇരുവരെയും പോക്‌സോ നിയമപ്രകാരമാണ് അറസ്‌റ്റ് ചെയ്‌തത്. അതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
പെൺകുട്ടിയുടെ മാതാവ് വിദേശത്ത് ജോലി ചെയ്യുകയാണ്. ഇതേതുടർന്ന് കുട്ടി പിതാവിനോടൊപ്പായിരുന്നു താമസം. ആറാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പിതാവ് നിരന്തരം പീഡിപ്പിക്കാൻ ശ്രമം നടത്തുന്നതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പിതാവ് സുഹൃത്തുമായി വീട്ടിലെത്തുകയും തുടർന്ന് ഇരുവരും മദ്യപിക്കുകയും പതിവായിരുന്നു.
മദ്യപിച്ച ശേഷം സുഹൃത്തും പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ഇരുവരുടെയും പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെ പെൺകുട്ടി വിദേശത്തുള്ള മാതാവിനെ വിവരം അറിയിച്ചു. തുടർന്ന് മാതാവിന്‍റെ നിർദേശപ്രകാരം പെൺകുട്ടി ഇടുക്കി പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കുട്ടിയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.
തുടർന്ന് പൊലീസ് പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു : ഇന്ന് ചെറുതോണിക്ക് സമീപം മണിയറൻകുടി സ്വദേശിനിയായ സ്‌ത്രീയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. മണിയാറൻകുടി സ്‌കൂള്‍ സിറ്റിയിൽ കുളൂർക്കുഴിയിൽ നിഭയ്‌ക്കാണ് ഭർത്താവിന്‍റെ ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ പ്രതിയായ രാജേഷിനെ പൊലീസ് പിടികൂടിയിരുന്നു.
രാജാക്കാടുള്ള സ്ഥാപനത്തിൽ ജോലിക്ക് പോകുന്നതിനായി മണിയാറൻകുടി സ്‌കൂള്‍ സിറ്റിയിൽ ബസ് കാത്തുനിൽക്കുന്നതിനിടെ യുവതിയെ ഭർത്താവ് ആക്രമിക്കുകയായിരുന്നു. യുവതിയുടെ നെഞ്ചിനും പുറകിലുമായി നാലിടത്ത് രാജേഷ് കുത്തിപ്പരിക്കേൽപ്പിച്ചു. കത്രിക ഉപയോഗിച്ചാണ് പ്രതി ഭാര്യയ്‌ക്ക് നേരെ അക്രമണം നടത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിവരം.
ഭാര്യയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു : കഴിഞ്ഞ ദിവസം തൃശൂരിൽ ഭാര്യയുടെ നഗ്ന ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി അശ്ലീല ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്ന ആപ്പിൽ പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെ്യ്‌തിരുന്നു. എരുമപ്പെട്ടി സ്വദേശിയായ മണ്ടംപറമ്പ് കളത്തുവീട്ടില്‍ സെബിയാണ് അറസ്റ്റിലായത്. സ്‌ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ ഇയാള്‍ നിരന്തരം പീഡനത്തിനിരയാക്കിരുന്നെന്നാണ് വിവരം.
രണ്ടര വര്‍ഷം മുമ്പാണ് പ്രതി പാലക്കാട് സ്വദേശിയായ യുവതിയെ വിവാഹം ചെയ്‌തത്. 10 പവന്‍ സ്വര്‍ണം വിവാഹ സമയത്ത് വധുവിന്‍റെ കുടുംബം സ്‌ത്രീധനമായി നല്‍കിയിരുന്നെങ്കിലും വിവാഹത്തിന് ശേഷം പ്രതി കൂടുതല്‍ പണം ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തിൽ സ്‌ത്രീധനത്തിന്‍റെ പേരില്‍ യുവതിയെ മാനസിക- ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നു. ഇതിനിടെയാണ് യുവതിയുടെ നഗ്‌നചിത്രങ്ങള്‍ ഭർത്താവ് തന്നെ ആപ്പില്‍ പ്രചരിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് യുവതി കുന്നംകുളം പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയായ സെബി അറസ്‌റ്റിലായത്.
