ETV Bharat / state

കടല്‍ കടക്കാനൊരുങ്ങി നെടുങ്കണ്ടത്തെ വനിതാ കൂട്ടായ്‌മയുടെ രുചി വൈവിധ്യങ്ങൾ

author img

By

Published : Nov 7, 2022, 6:21 PM IST

കൊതിയൂറും അച്ചാറുകള്‍, ഉപ്പേരി, ധാന്യ പൊടികള്‍, വെളിച്ചെണ്ണ, തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് നെടുങ്കണ്ടം ലക്ഷ്‌മി സ്‌പൈസസ് വിപണിയിൽ എത്തിക്കുന്നത്.

kudumbasree food production  nedunkandam  idukki  ഇടുക്കി  നെടുങ്കണ്ടം  നെടുങ്കണ്ടം ലക്ഷ്‌മി സ്‌പൈസസ്  കുടുംബശ്രീ സംരംഭം  IDUKKI LOCAL NEWS  കുടുംബശ്രീ  ഇടുക്കി  വനിതാ കൂട്ടായ്‌മയുടെ രുചി വൈവിധ്യങ്ങൾ
കടല്‍ കടക്കാനൊരുങ്ങി നെടുങ്കണ്ടത്തെ വനിതാ കൂട്ടായ്‌മയുടെ രുചി വൈവിധ്യങ്ങൾ

ഇടുക്കി: കടല്‍ കടക്കാന്‍ ഒരുങ്ങി ഇടുക്കി നെടുങ്കണ്ടത്തെ വനിതാ കൂട്ടായ്‌മയുടെ രുചി പെരുമ. വിവിധ ഇനം അച്ചാറുകള്‍, ഉപ്പേരി, മിക്‌ചറുകള്‍, പക്കാവട, പഴം ചിപ്‌സ്, ധാന്യ പൊടികള്‍, വെളിച്ചെണ്ണ തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് നെടുങ്കണ്ടം ലക്ഷ്‌മി സ്‌പൈസസ് എന്ന കുടുംബശ്രീ സംരംഭം വിപണിയില്‍ എത്തിക്കുന്നത്. ഹൈറേഞ്ചിന്‍റെ തനത് ചേരുവകള്‍ ചേര്‍ത്ത് ഇവര്‍ തയാറാക്കുന്ന വിവിധ ഇനം ഭക്ഷ്യ വസ്‌തുക്കള്‍ക്ക് ഇന്ന് രാജ്യത്താകമാനം ഉപഭോക്താക്കള്‍ ഉണ്ട്.

കടല്‍ കടക്കാനൊരുങ്ങി ഇടുക്കി നെടുങ്കണ്ടത്തെ വനിതാകൂട്ടായ്‌മയുടെ രുചിപ്പെരുമ

വീടുകളില്‍ ഇരുന്ന് വിവിധ ഇനം അച്ചാറുകള്‍ ഒരുക്കിയാണ് ലക്ഷ്‌മി സ്‌പൈസസിന്‍റെ തുടക്കം. നാട്ടിലെ കടകളിലും വീടുകളിലുമായിരുന്നു ആദ്യം ഉത്പന്നങ്ങള്‍ വിറ്റിരുന്നത്. എന്നാൽ 2004 മുതല്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന എക്‌സിബിഷനുകളില്‍ പങ്കെടുക്കാൻ തുടങ്ങിയതോടെ നിരവധി ആളുകളിലേക്കാണ് ഇവരുടെ കൈപുണ്യം എത്തിയത്. ഒരു പ്രാവശ്യം ഇവരുടെ ഉത്പന്നം വാങ്ങിക്കുന്നവർ വീണ്ടും ഇവർ എക്‌സിബിഷനുകളില്‍ എത്തുന്നതിനായി കാത്തിരിക്കും.

നിരവധി സംസ്ഥാനങ്ങളില്‍ നിന്നും പുരസ്‌കാരങ്ങളും നേടിയെടുക്കാന്‍ ഇവർക്ക് സാധിച്ചു. പ്രതിസന്ധികളെ അതിജീവിച്ച് അഞ്ച് വനിതകള്‍ ചേര്‍ന്ന് ഒരുക്കുന്ന കുടുംബശ്രീ സംരംഭത്തിന്‍റെ വിജയമാണിത്. പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിയില്‍ നിന്നും വായ്‌പ എടുത്ത് നിലവില്‍ നെടുങ്കണ്ടം കേന്ദ്രീകരിച്ച് വ്യാപാര സ്ഥാപനവും ഇവര്‍ നടത്തുന്നുണ്ട്.

സ്ഥാപനത്തോടനുബന്ധിച്ച് കൊപ്ര ആട്ടുന്ന മില്ലും, വിവിധ ധാന്യങ്ങള്‍ പൊടിക്കുന്നതിനുള്ള സൗകര്യങ്ങളുമുണ്ട്. ഇടുക്കിയുടെ തനത് സുഗന്ധവ്യഞ്ജനങ്ങളും ഇപ്പോള്‍ ഇവർ വിപണിയില്‍ എത്തിക്കുന്നുണ്ട്. ഉത്സവ സീസണുകളില്‍ 30 ലധികം തൊഴിലാളികള്‍ക്ക് ജോലി നല്‍കുവാനും ഈ വനിതാ കൂട്ടായ്‌മയ്ക്ക് സാധിയ്ക്കുന്നു. കുടുംബശ്രീയുടെ സഹായത്തോടെ, തങ്ങളുടെ രുചി വൈവിധ്യങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇവർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.