ETV Bharat / state

അധികൃതർ വാക്ക് പാലിച്ചില്ല; മഴ നൽകിയ ദുരിതക്കയത്തിൽ മുങ്ങി ലക്ഷ്‌മിയമ്മ

author img

By

Published : May 29, 2022, 2:13 PM IST

മണ്ണിട്ടും മക്കിട്ടും സ്വകാര്യ വ്യക്തി തടസപ്പെടുത്തിയ നീരൊഴുക്ക് സുഗമമാക്കി ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞ അധികൃതരാരും വിളിച്ചിട്ട് ഫോൺ എടുക്കാത്തതാണ് ഇപ്പോഴത്തെ അവസ്ഥ.

Lakshmiammas house at idukki Mudaliar Madam  flooded due to rain in Lakshmiamma house at idukki  മഴ നൽകിയ ദുരിതക്കയത്തിൽ മുങ്ങി ലക്ഷ്‌മിയമ്മ  മുതലിയാർ മഠം കുറുമ്പലത്ത് ലക്ഷ്‌മിയമ്മ  ഇടുക്കി ലക്ഷ്‌മിയമ്മയുടെ വീട് അപകടാവസ്ഥയിൽ  ഒറ്റമഴയിൽ ലക്ഷ്‌മിയമ്മയുടെ വീട്ടിൽ പ്രളയം
അധികൃതർ വാക്ക് പാലിച്ചില്ല; മഴ നൽകിയ ദുരിതക്കയത്തിൽ മുങ്ങി ലക്ഷ്‌മിയമ്മ

ഇടുക്കി: ഓടയിലെ വെള്ളം കയറി വീട് അപകടാവസ്ഥയിലായതിനെ തുടർന്ന് മുനിസിപ്പൽ ഓഫിസിൽ കിടപ്പു സമരത്തിനെത്തിയതാണ് മുതലിയാർ മഠം കുറുമ്പലത്ത് ലക്ഷ്‌മിയമ്മ. എന്നാൽ ശനിയാഴ്‌ച വൈകിട്ട് പെയ്‌ത ഒറ്റമഴയിൽ വീട്ടിലേക്ക് വീണ്ടും വെള്ളം കയറിയതോടെ ദുരിതത്തിലാണ് ഈ 82കാരി.

വെള്ളം കെട്ടി നിന്നതിനെ തുടർന്ന് ഇന്നലെ കടപുഴകിയ മരം വീണ് വീടിന്‍റെ ഓടും ഭിത്തിയും തകർന്നു. മണ്ണിട്ടും മക്കിട്ടും തടസപ്പെടുത്തിയ നീരൊഴുക്ക് സുഗമമാക്കി ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞ അധികൃതരാരും വിളിച്ചിട്ട് ഫോൺ എടുക്കാത്തതാണ് ഇപ്പോഴത്തെ അവസ്ഥ.

ദുരിതം മാറാതെ ലക്ഷ്‌മിയമ്മ: കാൽ നൂറ്റാണ്ടോളമായി താമസിക്കുന്ന വീട്ടിൽ ഒരു വർഷത്തിലേറെയായി തുടരുന്ന ദുരിതത്തിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ടാണ് രണ്ടാഴ്‌ച മുമ്പ് ലക്ഷ്‌മിയമ്മ മുനിസിപ്പൽ ഓഫിസിൽ കിടപ്പു സമരത്തിനെത്തിയത്. ഓടയിലെ വെള്ളം കയറി രൂപപ്പെടുന്ന വെള്ളക്കെട്ട് മൂലം വീട്ടിൽ കിടക്കാനോ പ്രാഥമികാവശ്യങ്ങൾ നടത്താനോ കഴിയാത്ത സാഹചര്യമാണെന്നും വീട് തകരുമെന്നുള്ള ജീവഭയമുണ്ടെന്നും ഇവർ അധികൃതരെ അറിയിച്ചു.

മുനിസിപ്പാലിറ്റി, ജില്ല കലക്‌ടർ, മനുഷ്യാവകാശ കമ്മിഷൻ, വനിത കമ്മിഷൻ തുടങ്ങിയവർക്ക് പരാതി നൽകിയതിൽ നടപടിക്ക് നിർദേശമുണ്ടെന്നും ഉടൻ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കുമെന്നും ഉറപ്പ് നൽകി അധികൃതർ ഇവരെ മടക്കി അയച്ചു. കാലങ്ങളായി വെള്ളമൊഴുകിയിരുന്ന സ്ഥലം സ്വകാര്യ വ്യക്തി മണ്ണിട്ടു നികത്തിയതും രണ്ട് മുനിസിപ്പൽ കൗൺസിലർമാർ വീടിന്‍റെ വശങ്ങളിലുള്ള രണ്ട് റോഡുകൾ ടൈലും മക്കുമിട്ട് പൊക്കിയതുമാണ് ഇവിടെ വെള്ളക്കെട്ടിന് കാരണമായത്.

ALSO READ: സംസ്ഥാനത്ത് കാലവര്‍ഷം തുടങ്ങി: തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത

സ്വകാര്യ വ്യക്തിയോട് വെള്ളമൊഴുകി പോകാൻ വേണ്ട സത്വര നടപടികൾക്ക് നിർദേശം നൽകുമെന്നും പ്രശ്‌നം ഉടൻ പരിഹാരിക്കുമെന്നുമുള്ള ഉറപ്പ് നൽകിയാണ് സ്ഥലം സന്ദർശിച്ച മുനിസിപ്പൽ ചെയർമാനും തഹസിൽദാരും മടങ്ങിയത്. എന്നാൽ മണ്ണിട്ടു നികത്തിയ സ്വകാര്യ വ്യക്തി പേരിന് ചില നടപടികൾ സ്വീകരിച്ചതൊഴിച്ചാൽ മറ്റൊന്നും നടന്നില്ലെന്ന് ലക്ഷ്‌മിയമ്മ പറയുന്നു.

വെള്ളത്തിന്‍റെ ഒഴുക്ക് കൂടുതൽ തടസപ്പെട്ടതിന്‍റെ ഫലമാണ് ശനിയാഴ്‌ചത്തെ ഒറ്റമഴയിലുണ്ടായ പ്രളയം. പരാതി പറയാൻ അധികൃതരെ മാറി മാറി വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ലെന്ന് ലക്ഷ്‌മിയമ്മ കണ്ണീരോടെ പറയുന്നു. തന്‍റെ ദുരിതത്തിന് ഒരു പരിഹാരം കാണണമെന്ന ആവശ്യത്തിലാണ് ഈ വയോധിക.

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.