ETV Bharat / state

ശബരിമലയില്‍ കൂടുതല്‍ ഏകോപിതമായ സംവിധാനങ്ങളൊരുക്കണം; ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

author img

By ETV Bharat Kerala Team

Published : Dec 12, 2023, 2:18 PM IST

CM On Sabarimala:സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാന്‍ ഏകോപിതമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.

pnarayi vijayan  sabarimala  lord ayyappa  over crowd in sabarimala  തിരക്ക് നിയന്ത്രിക്കാന്‍ നടപടി  ശബരിമല സന്നിധാനത്ത് ഏകോപനം വേണം  ഏകോപിത സംവിധാനം വേണമെന്ന് പിണറായി  മുഖ്യമന്ത്രി യോഗം വിളിച്ചു  ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി  നുണ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി
Chief Minister On Sabarimala

ഇടുക്കി: ശബരിമല തീര്‍ത്ഥാടനത്തില്‍ ജനത്തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ ഏകോപിതമായ സംവിധാനങ്ങളൊരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ സംവിധാനങ്ങള്‍ ഒരുക്കണം. ശബരിമലയിലെ ഭക്ത ജന തിരക്ക് കണക്കിലെടുത്ത് നവകേരള സദസ്സിനിടെ തേക്കടിയില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക അവലോകന യോഗത്തില്‍ സ്ഥിതി മുഖ്യമന്ത്രി വിലയിരുത്തി. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, വനം മന്ത്രി എ കെ ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവര്‍ നേരിട്ടും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്, സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ്, കളക്ടര്‍മാര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായും പങ്കെടുത്തു.

മണ്ഡലകാലത്ത് ആദ്യ 19 ദിവസങ്ങളില്‍ എത്തിച്ചേര്‍ന്ന തീര്‍ത്ഥാടകരുടെ എണ്ണം ശരാശരി 62,000 ആയിരുന്നു. ഡിസംബര്‍ 6 മുതലുള്ള നാലു ദിവസങ്ങളില്‍ ഇത് 88,000 ആയി വര്‍ദ്ധിച്ചു. ഇതാണ് വലിയ തിരക്കിന് ഇടയാക്കിയത്. ഇത് ക്രമീകരിക്കാന്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ സ്‌പോട്ട് ബുക്കിങ്ങ് അത്യാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. നേരത്തെ വിവിധ ഘട്ടങ്ങളിലായി ശബരിമല ദര്‍ശനം സുഗമമാക്കാനുള്ള കൂടിയാലോചനാ യോഗങ്ങള്‍ നടത്തിയിരുന്നു. മുഖ്യമന്ത്രി അടക്കം പങ്കെടുത്ത് നടത്തിയ യോഗങ്ങളുടെ തീരുമാനം ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പാക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിനായി ഒരുക്കിയിട്ടുള്ള സംവിധാനത്തിന് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പാര്‍ക്കിംഗ് സംവിധാനം മുന്‍ നിശ്ചയിച്ച പ്രകാരം നടക്കണം. അതിന് ദേവസ്വം ബോര്‍ഡ് ക്രമീകരണമുണ്ടാക്കണം. ട്രാഫിക്ക് നിയന്ത്രണത്തിലും നിഷ്‌കര്‍ഷ പുലര്‍ത്തണം. പോലീസുകാരുടെ ഡ്യൂട്ടി മാറ്റം ഒറ്റയടിക്ക് നടത്താതെ കുറച്ചുപേരെ നിലനിര്‍ത്തിക്കൊണ്ടുള്ള മാറ്റമാണ് വേണ്ടത്. കഴിഞ്ഞ സീസണിലേതിനേക്കാള്‍ കൂടുതല്‍ പോലീസ് സേനയെ ഇത്തവണ ശബരിമലയില്‍ നിയോഗിച്ചിട്ടുണ്ട്. യുക്തമായ ഏജന്‍സികളില്‍ നിന്ന് വളണ്ടിയര്‍മാരെ കണ്ടെത്തണം.

ശബരിമലയില്‍ പതിവിനു വിപരീതമായ കാര്യങ്ങളൊന്നും സംഭവിച്ചിട്ടില്ല. വരുത്തിയ ക്രമീകരണങ്ങളും സംവിധാനങ്ങളും ഒരുക്കിയ സൗകര്യങ്ങളും ജനങ്ങളെ യഥാസമയം അറിയിക്കാനും തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ മനസ്സിലാക്കി തിരുത്തിക്കാനുമുള്ള ഇടപെടലാണ് വേണ്ടത്. തെറ്റായ വാര്‍ത്തകള്‍ സംസ്ഥാനത്തും പുറത്തും പ്രചരിപ്പിക്കുന്നത് മനസ്സിലാക്കി യാഥാര്‍ത്ഥ്യം ജനങ്ങളെ അറിയിക്കാന്‍ ഇടപെടല്‍ ഉണ്ടാവണം.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ സന്നിധാനത്ത് തുടര്‍ന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. തീര്‍ത്ഥാടകര്‍ വരുന്ന പാതകളില്‍ ശുചീകരണം ഉറപ്പാക്കണം. തീര്‍ത്ഥാടനത്തിനെത്തിയ കുട്ടിയുടെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.