ETV Bharat / state

Vishnu Mohan Reaction On National Film Award 'പ്രതീക്ഷിക്കാതെ ലഭിച്ച അംഗീകാരം, 3 വര്‍ഷത്തെ കഷ്‌ടപ്പാടിനുള്ള ഫലം': വിഷ്‌ണു മോഹൻ

author img

By ETV Bharat Kerala Team

Published : Aug 24, 2023, 10:31 PM IST

Meppadiyan Total Awards | ഇന്‍റര്‍നാഷണൽ ഫെസ്‌റ്റിവൽ അടക്കം 17 അവാർഡുകൾ വാരിക്കൂട്ടിയ' മേപ്പടിയാൻ' എന്ന ചലച്ചിത്രത്തിന് ലഭിക്കുന്ന പതിനെട്ടാമത്തെ പുരസ്‌കാരമാണിത്

Vishnu Mohan  best debut director  national film award  Meppadiyan  International Festival  Unni Mukundan  Best Malayalam Movie  home  Feature Film Competition  nayattu  വിഷ്‌ണു മോഹൻ  ഇന്‍റര്‍നാഷണൽ ഫെസ്‌റ്റിവൽ  മേപ്പടിയാൻ  വിഷ്‌ണു മോഹന്‍  ഉണ്ണിമുകുന്ദന്‍  ഹോം  നായാട്ട്  എറണാകുളം
Vishnu Mohan Reaction On National Award

വിഷ്‌ണു മോഹൻ ഇടിവി ഭാരതിനോട്

എറണാകുളം: ഇടിവി ഭാരതിനോട് പ്രതികരിച്ച്, മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച വിഷ്‌ണു മോഹൻ (Vishnu Mohan). ഇന്‍റര്‍നാഷണൽ ഫെസ്‌റ്റിവൽ (International Festival) അടക്കം 17 അവാർഡുകൾ വാരിക്കൂട്ടിയ 'മേപ്പടിയാൻ' (Meppadiyan) എന്ന ചലച്ചിത്രത്തിന് ലഭിക്കുന്ന 18ാമത്തെ പുരസ്‌കാരമാണിത്. സംവിധാനം ചെയ്‌ത ആദ്യ ചിത്രം തന്നെ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടതിൽ വളരെയധികം സന്തോഷമെന്ന് വിഷ്‌ണു മോഹന്‍ പ്രതികരിച്ചു.

മേപ്പടിയാന്‍റെ കഥ മനസിൽ രൂപപ്പെടുമ്പോൾ ദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെടുന്ന ഒരു ചിത്രമായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ചിത്രത്തിന്‍റെ കൊമേര്‍ഷ്യൽ വിജയത്തിന് അപ്പുറത്തേക്ക് പുരസ്‌കാരങ്ങളുടെ ഒരു പ്രഭയും ആഗ്രഹിച്ചിട്ടുമില്ല. ഏകദേശം മൂന്ന് വർഷത്തെ കഷ്‌ടപ്പാടിനുള്ള ഫലമായിരിക്കാം ഒരുപക്ഷേ ഈ ദേശീയ പുരസ്‌കാര നിറവ്.

ഈ നിമിഷത്തിൽ നടൻ ഉണ്ണി മുകുന്ദനോടും ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകരോടും ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി പറയുന്നു. മാധ്യമ സുഹൃത്തുക്കൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മേപ്പടിയാനുമേലുള്ള പുരസ്‌കാര പ്രതീക്ഷകൾക്കു വളംവച്ചത്. പ്രത്യേകം നന്ദി പറയേണ്ടത് ഉണ്ണിമുകുന്ദന്‍ (Unni Mukundan) എന്ന പ്രതിഭയോടാണ്.

മറ്റൊരു ചിത്രത്തിലും സഹസംവിധായകനായി പ്രവർത്തിച്ചിട്ടില്ലാത്ത ഒരു സിനിമ പശ്ചാത്തലവുമില്ലാതെ തന്നെ വിശ്വസിച്ച് മൂന്നുവർഷത്തോളം ഒപ്പം നിന്ന് ചലച്ചിത്രം സാധ്യമാക്കിയ ഉണ്ണി മുകുന്ദനാണ് ഒരുപക്ഷേ മേപ്പടിയാൻ സിനിമയുടെ നട്ടെല്ല്. അദ്ദേഹത്തിന്‍റെ ആത്മവിശ്വാസമാണ് മേപ്പടിയാൻ സിനിമ നേടിയ നാഴികക്കല്ലുകൾക്ക് ശോഭ കൂട്ടുന്നതെന്ന് വിഷ്‌ണു മോഹന്‍ പ്രതികരിച്ചു.

ഹോം മികച്ച മലയാള ചിത്രം (Best Malayalam Film Home): അതേസമയം, മികച്ച മലയാള ചിത്രമായി (Best Malayalam Movie) ഹോം (Home) തെരഞ്ഞെടുത്തു. കൊവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിൽ വളരെ കഷ്‌ടപ്പെട്ടാണ് ഹോമിന്‍റെ ചിത്രീകരണം അണിയറ പ്രവർത്തകർ പൂർത്തിയാക്കിയത്. റോജിൻ തോമസ് സംവിധാനം ചെയ്‌ത ചിത്രം ഫ്രൈഡേ ഫിലിംസിന്‍റെ ബാനറിൽ വിജയ് ബാബുവാണ് നിർമിച്ചത്.

ശ്രീനാഥ് ഭാസി, നസ്‌ലന്‍, മഞ്ജു പിള്ള, ജോണി ആന്‍റണി, വിജയ് ബാബു, ദീപ തോമസ് എന്നിവരാണ് ഹോമിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദേശീയ പുരസ്‌കാര നിറവിൽ ഹോം നിൽക്കുമ്പോൾ സംസ്ഥാന തലത്തിൽ ചിത്രത്തെ തഴഞ്ഞതിനെ പറ്റിയുള്ള വിവാദങ്ങളും കൊഴുകുന്നുണ്ട്.

സഹനടന്മാര്‍ക്കുള്ള മത്സരത്തില്‍ ഇന്ദ്രന്‍സും ജോജുവും അവസാനം വരെ ഉണ്ടായിരുന്നു. മിന്നല്‍ മുരളി, ചവിട്ട്, നായാട്ട്, ആവാസവ്യൂഹം എന്നിങ്ങനെ മികച്ച സിനിമകളാണ് മലയാളത്തില്‍ നിന്നും മാറ്റുരയ്‌ക്കാന്‍ എത്തിയത്. ഇവയെല്ലാം വിവിധ വിഭാഗങ്ങളിലായി മികച്ച പ്രതികരണവും നേടിയിരുന്നു.

മികച്ച ചിത്രത്തിനായി മാറ്റുരയ്‌ക്കാന്‍ 280 സിനിമകള്‍ (Feature Film Competition): ‘നായാട്ട്’ (Nayattu) സിനിമയിലൂടെ മികച്ച തിരക്കഥയ്‌ക്കുള്ള പുരസ്‌കാരം ഷാഹി കബീർ നേടി. മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്‌കാരം ‘ചവിട്ട്’ എന്ന മലയാള ചിത്രവും സ്വന്തമാക്കി. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രമായി മലയാളത്തില്‍ നിന്നുള്ള ‘കണ്ടിട്ടുണ്ട്’ സ്വന്തമാക്കി. മലയാളിയായ അതിഥി കൃഷ്‌ണ ദാസ് ആണ് ഈ ചിത്രം സംവിധാനം ചെയ്‌തത്.

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനായി 2021ൽ സെൻസർ ചെയ്‌ത സിനിമകളാണ് പരിഗണിച്ചത്. ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ ഫീച്ചർ വിഭാഗത്തിൽ 23 വിഭാഗങ്ങളിലുമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഫീച്ചർ ഫിലിം വിഭാഗത്തിൽ 24 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് മത്സരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.