ETV Bharat / state

'അന്വേഷിപ്പിന്‍ കണ്ടെത്തും' ; ടൊവിനോ ചിത്രം നിര്‍മിക്കാന്‍ ബോളിവുഡ് ബാനറായ യൂഡ്‌ലി ഫിലിംസ്

author img

By

Published : May 4, 2022, 4:16 PM IST

'അന്വേഷിപ്പിന്‍ കണ്ടെത്തും' സിനിമയുടെത് ബോള്‍ഡായ കഥയെന്ന് ടൊവിനോ

tovino thomas movie  tovino thomas Anweshippin Kandethum  darwin kuriakose Anweshippin Kandethum  Yoodlee Films to produce Tovino Thomas Anweshippin Kandethum  ടൊവിനോ തോമസ് അന്വേഷിപ്പിന്‍ കണ്ടെത്തും  യൂഡ്‌ലി ഫിലിംസ് അന്വേഷിപ്പിന്‍ കണ്ടെത്തും  ഡാര്‍വിന്‍ കുര്യാക്കോസ് അന്വേഷിപ്പിന്‍ കണ്ടെത്തും
ടൊവിനോ തോമസ് ചിത്രം അന്വേഷിപ്പിന്‍ കണ്ടെത്തും നിര്‍മ്മിക്കാന്‍ യൂഡ്‌ലി ഫിലിംസ്

മുംബൈ : മിന്നല്‍ മുരളിയുടെ വന്‍വിജയത്തിലൂടെ മലയാളത്തില്‍ താരമൂല്യം ഉയര്‍ന്ന നടനാണ് ടൊവിനോ തോമസ്. പാന്‍ ഇന്ത്യന്‍ പ്രോജക്ടായി ഇറങ്ങിയ ചിത്രം നടന്‍റെ കരിയറില്‍ വലിയ വഴിത്തിരിവായി. മറ്റ് ഭാഷകളിലെ പ്രേക്ഷകരും സിനിമയെ പ്രശംസിച്ച് എത്തിയിരുന്നു. ടൊവിനോയുടെ എറ്റവും പുതിയ ചിത്രം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ബോളിവുഡിലെ പ്രമുഖ ബാനറായ യൂഡ്‌ലി ഫിലിംസ്.

ടൊവിനോയെ നായകനാക്കി നവാഗത സംവിധായകനായ ഡാര്‍വിന്‍ കുര്യാക്കോസ് ഒരുക്കുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന ചിത്രമാണ് ഇവര്‍ നിര്‍മിക്കുന്നത്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായി ഒരുങ്ങുന്ന സിനിമയില്‍ പോലീസ് ഓഫിസറായാണ് ടൊവിനോ എത്തുന്നത്. 'പ്രാദേശിക ഭാഷകളില്‍ മികച്ച സിനിമകള്‍ നിര്‍മിക്കുകയാണ് തങ്ങളുടെ ലക്ഷ്യം, പ്രേക്ഷകരിലേക്ക് എത്തിക്കേണ്ടുന്ന ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും' - സരിഗമപ ഇന്ത്യയുടെ വൈസ് പ്രസിഡണ്ട് സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ പറഞ്ഞു.

ശക്തമായ തിരക്കഥയാണെന്നും തങ്ങള്‍ വലിയ ആകാംക്ഷയിലാണെന്നും അദ്ദേഹം പറയുന്നു. ടൊവിനോ തോമസ്, ഡാര്‍വിന്‍ കുര്യാക്കോസ്, സഹനിര്‍മാതാക്കളായ തിയേറ്റേഴ്‌സ് ഓഫ് ഡ്രീംസ് തുടങ്ങിയ മികച്ച ടീമാണ് ചിത്രത്തിന് പിന്നിലുളളത്. മലയാളം ഇൻഡസ്‌ട്രിയിൽ സിനിമകൾക്ക് ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുമെന്ന് ഉറപ്പാക്കാൻ ആവശ്യമായ ചേരുവകളും വൈദഗ്ധ്യവും ഞങ്ങളുടെ പക്കലുണ്ടെന്ന് വിശ്വസിക്കുന്നു - സിദ്ധാര്‍ഥ് വ്യക്തമാക്കി.

യൂഡ്‌ലീ ഫിലിംസിനൊപ്പമുളള സിനിമയില്‍ വര്‍ക്ക് ചെയ്യാനുളള ത്രില്ലിലാണ് താനെന്ന് ടൊവിനോ തോമസും പറഞ്ഞു. 'അന്വേഷിപ്പിന്‍ കണ്ടെത്തും' സിനിമയുടെ കരുത്ത് ധീരമായ കഥയാണെന്നും പ്രേക്ഷകരെ എഡ്‌ജ് ഓഫ് ദ സീറ്റില്‍ നിര്‍ത്തുന്നതായിരിക്കും അതെന്നും ടൊവിനോ പറയുന്നു. 'നീതി നടപ്പാക്കാനുള്ള ഓട്ടത്തിൽ സ്വയം തിരിച്ചറിവുകളുണ്ടാകുന്ന ഒരു പോലീസുകാരന്‍റെ വേഷം ചെയ്യാൻ ഞാൻ ആവേശത്തിലാണ് ' - താരം പറഞ്ഞു.

അതേസമയം മലയാളം സിനിമ ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധിക്കപ്പെടുന്നതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ ഡാര്‍വിന്‍ കുര്യാക്കോസും പറഞ്ഞു. 'മലയാള സിനിമ രാജ്യത്തുടനീളമുള്ള പ്രേക്ഷകരുടെ ഹൃദയം കവരുന്നതിന്‍റെ കുതിപ്പിലാണ്. ഈ ചിത്രം നിർമ്മിക്കാൻ യൂഡ്‌ലീ ഫിലിംസിന്‍റെ രൂപത്തിൽ ഒരു മികച്ച പ്രൊഡക്ഷൻ ഹൗസ് ഉണ്ടായിരിക്കുന്നത് മുമ്പെങ്ങുമില്ലാത്തവിധം നമ്മള്‍ പാന്‍ ഇന്ത്യന്‍ ലെവലില്‍ പോവുകയാണെന്ന എന്റെ വിശ്വാസത്തിന് അടിവരയിടുന്നു' - ഡാര്‍വിന്‍ കൂട്ടിച്ചേർത്തു

അന്വേഷിപ്പിന്‍ കണ്ടെത്തും സിനിമയ്ക്ക് നല്ലൊരു ടീമുണ്ടെന്ന് തിരക്കഥാകൃത്തും തിയേറ്റര്‍ ഓഫ് ഡ്രീംസിന്‍റെ സഹനിര്‍മാതാവുമായ ജിനു എബ്രഹാം പറയുന്നു. ഈ കഥയെ ജീവസുറ്റതാക്കുന്നതിന്റെ എല്ലാ വശങ്ങളും ഇതുവരെ രസകരവും ക്രിയാത്മകമായി സമ്പന്നവുമാണ്' - അദ്ദേഹം വ്യക്തമാക്കി. അന്വേഷിപ്പിന്‍ കണ്ടെത്തും ഈ മാസം ആരംഭിക്കുകയാണ് അണിയറക്കാര്‍. സിനിമ തിയേറ്ററുകളില്‍ തന്നെ എത്തുമെന്നും ഇവര്‍ സൂചിപ്പിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.