എറണാകുളം: സ്വപ്‌ന സുരേഷ് നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കെ.ടി ജലീലിന്‍റെ പരാതിയിന്മേൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസെടുത്ത ഗൂഢാലോചനക്കേസും പാലക്കാട് സിപിഎം നേതാവ് സി.പി പ്രമോദിന്‍റെ പരാതിയിന്മേലെടുത്ത കലാപശ്രമ കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കുക. സ്വപ്‌നയ്ക്കെതിരായ ഗൂഢാലോചനക്കേസുകൾ റദ്ദാക്കണമെന്ന ആവശ്യത്തിൽ വിശദമായ വാദം കേൾക്കണമെന്നാണ് കോടതിയുടെ നിലപാട്.
മുഖ്യമന്ത്രിക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളിലുള്ള പ്രതികാര നടപടിയാണ് കേസുകളെന്നാണ് ഹർജികളിൽ സ്വപ്‌നയുടെ വാദം. ഗൂഢാലോചനക്കേസിലെ ചോദ്യം ചെയ്യലിന്‍റെ പേരിൽ പൊലീസ് പീഡിപ്പിക്കുന്നെന്നാരോപിച്ച് സ്വപ്‌ന കഴിഞ്ഞ ദിവസം ഉപഹർജി സമർപ്പിച്ചിരുന്നു.
ഈ ഉപഹർജിയും കേസ് റദ്ദാക്കാനാവശ്യപ്പെട്ടുള്ള ഹർജികൾക്കൊപ്പം കോടതി പരിഗണിക്കും. പൊലീസ് ചോദ്യം ചെയ്യലിന്‍റെ പേരിൽ ഭീഷണിപ്പെടുത്തുന്നുവെന്നും, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായി ഇ.ഡിക്ക് നൽകിയ തെളിവുകളടക്കം ആവശ്യപ്പെട്ടാണ് പൊലീസിന്‍റെ ഭീഷണിയെന്നും സ്വപ്‌ന ആരോപിച്ചു. അതിനിടെ സ്വപ്‌ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത എസ് നായർ സമർപ്പിച്ച ഹർജിയും ഇന്ന് ഹൈക്കോടതി പരിഗണിക്കും. മറ്റൊരു ബഞ്ചാണ് സരിതയുടെ ഹർജി പരിഗണിക്കുന്നത്.
Also read: പൊലീസ് ഭീഷണിപ്പെടുത്തുന്നു; കോടതി ഇടപെടൽ ആവശ്യപ്പെട്ട് ഉപഹർജി സമർപ്പിച്ച് സ്വപ്‌ന സുരേഷ്