ETV Bharat / state

'ശ്രീ നമ്പി നാരായണനില്‍ നിന്ന് പ്രേരണ ഉള്‍ക്കൊള്ളുന്ന നിരവധി ചെറുപ്പക്കാര്‍ നമ്മുടെ നാട്ടിലുണ്ട്'; യുവം പരിപാടിയില്‍ മോദി

author img

By

Published : Apr 24, 2023, 8:25 PM IST

99 വയസുള്ള ആ യുവാവ് സുപ്രസിദ്ധനായ ഗാന്ധിയന്‍ ശ്രീ വി പി അപ്പുക്കുട്ടന്‍ പൊതുവാളായിരുന്നുവെന്നും കളരി പയറ്റ് ഗുരു എസ്‌ ആര്‍ ഡി പ്രസാദ്, ഐ ഐസക്ക്, ചെറുവയല്‍ രാമന്‍ തുടങ്ങിയവരില്‍ നിന്ന് കേരളത്തിലെ ഓരോ പ്രതിഭയും പഠിക്കണമെന്നും മോദി നിര്‍ദേശിച്ചു

modis speach  pm modi  yuvam  yuvam programme  kochi  cv muraleedharan  bjp  congress  nambi narayan  appukuttan pothuval  modi in kerala  യുവം പരിപാടിയില്‍ മോദി  വി പി അപ്പുക്കുട്ടന്‍ പൊതുവാള്‍  പ്രധാന മന്ത്രി നരേന്ദ്ര മോദി  ഡി ഐ ഐസക്ക്  അക്കാമ്മ ചെറിയാന്‍  കെ കേളപ്പന്‍  ബിജെപി  കോണ്‍ഗ്രസ്  ഐ ഐസക്ക്  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'ശ്രീ നമ്പി നാരായണനില്‍ നിന്ന് പ്രേരണ ഉള്‍ക്കൊള്ളുന്ന നിരവധി ചെറുപ്പക്കാര്‍ നമ്മുടെ നാട്ടിലുണ്ട്'; യുവം പരിപാടിയില്‍ മോദി

എറണാകുളം: ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്നുള്ള 99 വയസുള്ള ഒരു യുവാവിനെ കാണുവാനുള്ള അവസരം തനിക്ക് ഉണ്ടായി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 99 വയസുള്ള ആ യുവാവ് സുപ്രസിദ്ധനായ ഗാന്ധിയന്‍ ശ്രീ വി പി അപ്പുക്കുട്ടന്‍ പൊതുവാളായിരുന്നുവെന്നും കളരി പയറ്റ് ഗുരു എസ്‌ ആര്‍ ഡി പ്രസാദ്, ഐ ഐസക്ക്, ചെറുവയല്‍ രാമന്‍ തുടങ്ങിയവരില്‍ നിന്ന് കേരളത്തിലെ ഓരോ പ്രതിഭയും പഠിക്കണമെന്നും മോദി നിര്‍ദേശിച്ചു. സുപ്രസിദ്ധനായിട്ടുള്ള ശാസ്‌ത്രജ്ഞന്‍ ശ്രീ നമ്പി നാരായണനില്‍ നിന്ന് പ്രേരണ ഉള്‍കൊള്ളുന്ന നിരവധി ചെറുപ്പക്കാര്‍ നമ്മുടെ നാട്ടിലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസംഗം: പ്രിയ മലയാളി യുവ സുഹൃത്തുക്കളെ നമസ്‌കാരം എന്ന് അഭിസംബോധന ചെയ്‌തുകൊണ്ടായിരുന്നു പ്രധാനമന്ത്രി തന്‍റെ പ്രസംഗം ആരംഭിച്ചത്. 'കേരളത്തെ പരിവര്‍ത്തനം ചെയ്യാന്‍ വേണ്ടി മുന്നോട്ട് വന്നിട്ടുള്ള ചെറുപ്പക്കാര്‍ക്കും യുവതീ യുവാക്കന്മാര്‍ക്കും അഭിനന്ദനങ്ങള്‍. ഒരു ദൗത്യം ഊര്‍ജ്ജസ്വലമാകുന്നത് അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന യുവതി യുവാക്കന്മാരുടെ കരുത്ത് കൊണ്ടാണ്'.

'കേരളത്തിലെത്തുമ്പോള്‍ അത് കൂടുതല്‍ സുന്ദരമാകുന്നു. അത് കൊണ്ട് തന്നെ ഇവിടെ വരുമ്പോള്‍ എനിക്ക് കൂടുതല്‍ ഊര്‍ജം ലഭിക്കുന്നു. ഇന്ന് നമ്മുടെ നാട് സ്വാതന്ത്ര്യത്തിന്‍റെ 75 വര്‍ഷം ആഘോഷിക്കുകയാണ്. ഇവിടെ നമ്മള്‍ സമ്മേളിക്കുന്ന വിദ്യാലയവും 75 വര്‍ഷത്തിന്‍റെ വാര്‍ഷികം ആഘോഷിക്കുകയാണ്. ഇവിടെ വരുവാന്‍ സാധിച്ചത് ഭാഗ്യമായി കാണുന്നു'.

'യുവം' എന്ന പരിപാടിയെക്കുറിച്ച് മോദി: 'ഇന്ന് നമ്മുടെ നാട് അമൃതകാലത്തിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുകയാണ്. ഇതേതുടര്‍ന്ന് കേരളത്തിലെ യുവാക്കള്‍ 'യുവം' എന്ന പേരില്‍ ഒരുമിച്ച് വരാന്‍ തീരുമാനിച്ചിരിക്കുന്നത് എറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഈ അവസരത്തില്‍ ഇവിടെ ഒരുമിച്ച് കൂടിയ എല്ലാവര്‍ക്കും അഭിനന്ദങ്ങള്‍ അര്‍പ്പിക്കുകയാണ്'.

'സുഹൃത്തുക്കളെ, ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്നുള്ള 99 വയസുള്ള ഒരു യുവാവിനെ കാണുവാനുള്ള അവസരം എനിക്ക് ഉണ്ടായി. 99വയസുള്ള ആ യുവാവ് സുപ്രസിദ്ധനായ ഗാന്ധിയന്‍ ശ്രീ വി പി അപ്പുക്കുട്ടന്‍ പൊതുവാളായിരുന്നു. അദ്ദേഹത്തിന് ഭാരതീയ ജനത പാര്‍ട്ടിയുടെ സര്‍ക്കാര്‍, പത്‌മ അവാര്‍ഡ് നല്‍കി ആദരിച്ചു. അതേപോലെ തന്നെ ഇവിടെ സന്നിഹിതനായിട്ടുള്ള കളരി പയറ്റ് ഗുരു ശ്രീ എസ്‌ ആര്‍ ഡി പ്രസാദ് ആണെങ്കിലും ചരിത്രകാരനായിട്ടുള്ള ശ്രീ ഡി ഐ ഐസക്ക് ആണെങ്കിലും അതല്ല പരമ്പരാഗത കൃഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുവയല്‍ രാമനാണെങ്കിലും കേരളത്തിലെ ഓരോ പ്രതിഭയും അവരില്‍ നിന്ന് ധാരാളം പഠിക്കുവാനുണ്ട്'.

'സുപ്രസിദ്ധനായിട്ടുള്ള ശാസ്‌ത്രജ്ഞന്‍ ശ്രീ നമ്പി നാരായണനില്‍ നിന്ന് പ്രേരണ ഉള്‍കൊള്ളുന്ന നിരവധി ചെറുപ്പക്കാര്‍ നമ്മുടെ നാട്ടിലുണ്ട്. നമ്മള്‍ ഓര്‍മിക്കേണ്ടതുണ്ട് നമ്മുടെ രാജ്യത്ത് പരമ്പരാഗതമായിട്ടുള്ള അറിവിനെ പുരനുദ്ധാരണം ചെയ്യേണ്ട ആവശ്യം വന്നപ്പോള്‍ കേരളത്തില്‍ നിന്ന് ആദിശങ്കരാചാര്യന്‍ ഭൂജാതാനായി. നമ്മുടെ അനാചാരങ്ങള്‍ക്കെതിരായിട്ട് കാലഹരണപ്പെട്ട സിദ്ധാന്തങ്ങളെ മുറുക്കെപിടിക്കുന്നവര്‍ക്ക് എതിരായിട്ട് സമൂഹത്തില്‍ ഉണര്‍വുണ്ടാക്കുന്ന ഒരു സാമൂഹിക നവോദ്ധാനമുണ്ടാക്കേണ്ട ആവശ്യമുണ്ടായപ്പോള്‍ കേരളത്തില്‍ നിന്ന് ശ്രീനാരായണ ഗുരുവിനെപ്പോലെയുള്ള സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ ജന്മം കൊണ്ടു'.

സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് പ്രധാനമന്ത്രി: 'സ്വാതന്ത്ര സമരത്തിന്‍റെ കാലഘട്ടത്തില്‍ അക്കമ്മ ചെറിയാനും കെ കുമാറും കെ കേളപ്പനും എന്‍ കെ ദാമേദരന്‍ നായരും സ്വദേശി പത്‌മനാഭന്‍ അയ്യങ്കാര്‍ മുതലുള്ള നിരവധി പേരും അവരുടെ സര്‍വസ്വവും നാടിന് വേണ്ടി സമര്‍പ്പിച്ചു. ഇന്ന് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ് ആ പാരമ്പര്യത്തെ പിന്തുടര്‍ന്നുകൊണ്ട് കേരളത്തിലെ ചെറുപ്പക്കാര്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റാന്‍ മുന്നോട്ട് വന്നിരിക്കുന്നു എന്നത്'.

'ഇന്ന് 21ാം നൂറ്റാണ്ട് ഭാരതത്തിന്‍റെ നൂറ്റാണ്ടാണെന്നാണ് എല്ലാവരും പറയുന്നത്. നമ്മുടെ ഭാരതം യുവ ശക്തിയുടെ അനന്തഭണ്ഡാരമാണ്. ഒരു കാലത്ത് ആളുകള്‍ പറയുമായിരുന്നു ഈ നാടിന് ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. എന്നാല്‍, ഇന്ന് ലോകം മുഴുവന്‍ പറയുന്നു ഇന്ന് ലോകത്തെ മാറ്റിമറിക്കാന്‍ ശേഷിയുള്ള നാടായി ഇന്ത്യ വളര്‍ന്നുകഴിഞ്ഞു. സ്‌റ്റാര്‍ട്ടപ്പ് ഇന്ത്യ സ്‌റ്റാന്‍റപ്പ് ഇന്ത്യ പോലെയുള്ള കാര്യങ്ങള്‍ ഇന്ന് ലോകത്തിന്‍റെ ചര്‍ച്ചയാണ്'.

'ഇന്ന് ഭാരതം സ്വയംപര്യാപ്‌ത ഭാരതമായിട്ട്, ആത്മനിര്‍ഭര ഭാരതമായിട്ട്, ഡിജിറ്റല്‍ ഇന്ത്യയായിട്ട് വളര്‍ന്നുവരുന്നു. ആ ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് ഇന്ന് ലോകത്ത് ചര്‍ച്ച നടത്തുന്നു. ഒരു കാലത്ത് ഇന്ത്യയെ കണക്കാക്കിയിരുന്നത് ഏറ്റവും ദുര്‍ബലമായ സമ്പദ്‌വ്യവസ്ഥയായിട്ടാണ്'.

'എന്നാല്‍, ഇന്ത്യ ഇന്ന് ഏറ്റവും മുന്നോട്ട് കുതിക്കുന്ന സമ്പദ്‌വ്യവസ്ഥയായിട്ട് വളര്‍ന്നിരിക്കുകയാണ്. ഇത് സാധ്യമാക്കിയത് നിങ്ങളെല്ലാവരുമാണ്. അതിനാല്‍ തന്നെ എന്‍റെ വിശ്വാസം നിങ്ങളിലെല്ലാമാണ്. യുവാക്കളിലാണ് ഞാന്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്'.

'ഇന്ന് നാടിന്‍റെ വികസനത്തിന് വേണ്ടിയിട്ടുള്ള ദൃഢസങ്കല്‍പ്പമായി യുവാക്കള്‍ അടിവച്ച് മുന്നേറുകയാണ്. ഇന്ന് ഭാരതം ആ ആഗോളദൗത്യം നിറവേറ്റാനുള്ള പരിശ്രമത്തിലാണ്. ആ ദൗത്യം നിറവേറ്റാനുള്ള പരിശ്രമത്തില്‍ ഈ രാജ്യത്തെ യുവാക്കള്‍ ഈ വികസനത്തിന് വേണ്ടിയിട്ടുള്ള യാത്രയില്‍ സ്വയം നേതൃത്വം ഏറ്റെടുത്തുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണെന്നും അതിന് നന്ദിയര്‍പ്പിക്കുന്നുവെന്നും' പ്രധാനമന്ത്രി പറഞ്ഞു.

ബിജെപി യുവാക്കളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍: 'ഇന്ന് ജി20യില്‍ ഭാരതം അധ്യക്ഷ പദവി വഹിക്കുന്ന സന്ദര്‍ഭത്തില്‍ നിരവധി സമ്മേളനങ്ങളും യോഗങ്ങളും രാജ്യമാസകലം ഇന്ന് നടക്കുകയാണ്. കേരളത്തിലെ അത്തരത്തിലുള്ള സമ്മേളനത്തില്‍ നിങ്ങളുടെ പങ്കാളിത്തമുണ്ടായി എന്നത് വളരെ വലിയ കാര്യമാണ്. ഇത്തരം സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ കേരളത്തിലെ ആളുകളുടെ പ്രൊഫഷനലിസം വളരെ വ്യക്തമായി കാണിച്ചു'.

'കേരളത്തിലെ ജനങ്ങള്‍ പൊതുവേ അന്താരാഷ്‌ട്ര തലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ചായ്‌വ് പ്രകടിപ്പിക്കുന്നതായി കാണാം. കേരളത്തില്‍ വരാനിരിക്കുന്ന മറ്റ് ജി20 പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ പങ്കാളിത്തമുണ്ടാകുമെന്നത് ഉറപ്പാണ്. അതിനാല്‍ ഞാന്‍ നിങ്ങളോട് നന്ദി പറയുകയാണ്'.

'ഭാരതീയ ജനത പാര്‍ട്ടിയും യുവാക്കളും ഒരേ കാഴ്‌ചപ്പാട് പങ്കുവയ്‌ക്കുന്നവരാണ്. അതിനാല്‍ തന്നെ ഞങ്ങള്‍ പരിവര്‍ത്തനവും നിങ്ങള്‍ ഫലവും സൃഷ്‌ടിക്കുന്നു. ഈ സര്‍ക്കാര്‍ യുവാക്കളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുവെന്നും' മോദി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.