ETV Bharat / state

സിറോ മലബാര്‍ സഭയ്ക്ക്‌ പുതിയ നാഥന്‍ ; മേജര്‍ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റ് മാർ റാഫേൽ തട്ടിൽ

author img

By ETV Bharat Kerala Team

Published : Jan 11, 2024, 6:30 PM IST

Mar Raphael Thattil : സിറോ മലബാര്‍ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ ചുമതലയേറ്റു. കാക്കനാട് മൗണ്ട് സെന്‍റ് തോമസിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. ബിഷപ്പിന്‍റെ അധികാര ചിഹ്നമായ ദണ്ഡ് കൈമാറി.

സിറോ മലബാര്‍ സഭ  മാർ റാഫേൽ തട്ടിൽ  Major Archbishop  Syro Malabar Church  Mar Raphael Thattil
Mar Raphael Thattil New Major Archbishop Syro Malabar Church

എറണാകുളം : സിറോ മലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ ചുമതലയേറ്റു. കാക്കനാട് മൗണ്ട് സെന്‍റ് തോമസിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. സഭയുടെ അഡ്‌മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കുന്നതിനുള്ള കാനോനിക നിയമപ്രകാരമുള്ള ചടങ്ങുകൾക്ക് നേതൃത്വം നൽകി.

നിയുക്ത മേജർ ആർച്ച് ബിഷപ്പ് സിനഡ് മെത്രാന്മാർ ഉൾപ്പെടുന്ന തെരഞ്ഞെടുക്കപ്പെട്ട സദസിന് മുന്നിൽ വിശ്വാസ പ്രഖ്യാപനവും മേജർ ആർച്ച് ബിഷപ്പിന്‍റെ ഉത്തരവാദിത്വങ്ങൾ വിശ്വസ്‌തതയോടെ നിർവഹിക്കുമെന്നുള്ള പ്രതിജ്ഞയും നടത്തിയതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. സഭ അഡ്‌മിനിസ്ട്രേറ്റർ മേജർ ആർച്ച് ബിഷപ്പിന്‍റെ അധികാര ചിഹ്നമായ ദണ്ഡ് കൈമാറുകയും തലപ്പാവ് അണിയിക്കുകയും ചെയ്‌തു. തുടർന്ന് സിനഡ് മെത്രാന്മാരും സഹോദര സഭകളുടെ പ്രതിനിധികളും പുതിയ മേജർ ആർച്ച് ബിഷപ്പിനെ ആശിർവദിച്ചു.

മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ കുർബാനയ്ക്ക് നേതൃത്വം നൽകുകയും വിശ്വാസികളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയും ചെയ്‌തു. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് വിവാദത്തെയും കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെയും തുടർന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി രാജിവച്ചതോടെയാണ് പുതിയ മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തത്.

  • #WATCH | Ernakulam, Kerala | The installation ceremony of Mar Raphael Thattil, who was elected as the new Major Archbishop of the Syro-Malabar Church, was held at the Church Headquarters, Mount St. Thomas, Kakkanad. pic.twitter.com/bLpjpyCqQ5

    — ANI (@ANI) January 11, 2024 " class="align-text-top noRightClick twitterSection" data=" ">

പുതിയ മേജർ ആർച്ച് ബിഷപ്പിന്‍റെ തെരഞ്ഞെടുപ്പ് വാർത്ത വത്തിക്കാനിലും സിറോ മലബാർ സഭയുടെ കേന്ദ്ര കാര്യാലയത്തിലും ഒരേ സമയം ഇന്നലെ (ജനുവരി 10) വായിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്. ജനുവരി 8ന് ആരംഭിച്ച 32ാമത് മെത്രാൻ സിനഡിന്‍റെ ഒന്നാം സമ്മേളനത്തിന്‍റെ രണ്ടാമത്തെ ദിവസം നടത്തിയ വോട്ടെടുപ്പിലൂടെ പുതിയ മേജർ ആർച്ച് ബിഷപ്പായി റാഫേൽ തട്ടിലിനെ തെരഞ്ഞെടുക്കുകയായിരുന്നു.

കാനോനിക നടപടികൾ പൂർത്തിയാക്കി മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുത്ത വിവരം മാർപാപ്പയെ അറിയിച്ച സിനഡിൽ പങ്കെടുത്ത മെത്രാന്മാരെല്ലാം ഒപ്പുവച്ച കത്തും തന്‍റെ തെരഞ്ഞെടുപ്പിന് അംഗീകാരം നല്‍കണമെന്ന് അഭ്യർഥിച്ചുകൊണ്ട് സ്വന്തം കൈപ്പടയിൽ നിയുക്ത മേജർ ആർച്ച് ബിഷപ്പ് എഴുതിയ കത്തും അപ്പസ്തോലിക് നുൻഷ്യേച്ചർ വഴി മാർപാപ്പയ്ക്ക് സമർപ്പിച്ചിരുന്നു.

ജനുവരി 10ന് മേജർ ആർച്ച് ബിഷപ്പിന്‍റെ തെരഞ്ഞെടുപ്പിന് അംഗീകാരം നല്‍കി കൊണ്ടുള്ള കത്ത് ലഭിച്ചതിനെ തുടർന്ന് സിനഡിന്‍റെ തെരഞ്ഞെടുപ്പ് സമ്മേളനം സമാപിക്കുകയും മേജർ ആർച്ച് ബിഷപ്പിന്‍റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തുകയും ചെയ്‌തു. സ്ഥാനാരോഹണ ചടങ്ങിൽ സിനഡ് പിതാക്കന്മാരോടൊപ്പം രൂപതകളിൽ നിന്നുള്ള അല്‍മായ സമർപ്പിത വൈദിക പ്രതിനിധികളും സുപ്പീരിയർ ജനറൽമാരും പ്രത്യേകം ക്ഷണിക്കപ്പെട്ടവരുമാണ് പങ്കെടുത്തത്.

Also Read: മാർ റാഫേൽ തട്ടില്‍ സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പ്

സഭയിൽ നിലവിൽ കുർബാന തർക്കം പരിഹരിക്കുക എന്നതാവും പുതിയ മേജർ ആർച്ച് ബിഷപ്പിന്‍റെ മുന്നിലുള്ള പ്രധാന വെല്ലുവിളി. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വൈദികരും വിശ്വാസികളും കുർബാന ഏകീകരണത്തെ ശക്തമായി എതിർക്കുകയാണ്. 6 പതിറ്റാണ്ടായി തുടരുന്ന ആരാധനാ രീതി തുടരാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭയുടെ തലവനായതിനെ എറണാകുളം അതിരൂപതയിലെ വിശ്വാസികളുടെ കൂട്ടായ്‌മയായ അല്‍മായ മുന്നേറ്റം സ്വാഗതം ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.