ETV Bharat / state

പാര്‍ട്ടിയുടെ ചട്ടക്കൂട് മറികടന്നിട്ടില്ല, ശശി തരൂര്‍ എന്നും കോണ്‍ഗ്രസിന് മുതല്‍ക്കൂട്ട് : കെ സുധാകരന്‍

author img

By

Published : Dec 12, 2022, 9:17 AM IST

ശശി തരൂർ പാർട്ടി ചട്ടക്കൂടിനുള്ളിൽ നിന്നാണ് പ്രവർത്തിച്ചതെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ ആർക്കും കഴിയില്ലെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. തരൂരിന്‍റെ കഴിവാണ് പാർട്ടിയുടെ സമ്പത്തെന്നും തരൂരും സംഘടനയും ഒറ്റക്കെട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി

K Sudhakaran about Shashi Tharoor  KPCC president K Sudhakaran about Shashi Tharoor  KPCC president K Sudhakaran  Shashi Tharoor  കെ സുധാകരന്‍  ശശി തരൂർ  കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍  കോണ്‍ഗ്രസ് കോട്ടയം ജില്ല നേതൃത്വം  എഐസിസി  കോണ്‍ഗ്രസ്  AICC  KPCC  Congress  കെപിസിസി
കെ സുധാകരന്‍

എറണാകുളം : ശശി തരൂർ എപ്പോഴും കോൺഗ്രസിന് മുതൽക്കൂട്ടാണെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ ആർക്കും കഴിയില്ലെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ശശി തരൂർ സംസ്ഥാനത്തുടനീളം പരിപാടികളിൽ സജീവമായി പങ്കെടുക്കാനും മത-രാഷ്‌ട്രീയ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്താനും തുടങ്ങിയതിന് പിന്നാലെ കോൺഗ്രസ് സംസ്ഥാന ഘടകത്തിൽ ചേരിപ്പോരുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് കെപിസിസി പ്രസിഡന്‍റിന്‍റെ പ്രസ്‌താവന.

കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ തരൂര്‍ പങ്കെടുത്ത പരിപാടികളില്‍ നിന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കള്‍ വിട്ടുനിന്നിരുന്നു. എന്നാൽ ഡൽഹിയിൽ വച്ച് അദ്ദേഹം തന്നോട് സംസാരിച്ചിട്ടുണ്ടെന്നും തരൂരുമായി ബന്ധപ്പെട്ട് വിവാദങ്ങളൊന്നും ഇല്ലെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കി. ശശി തരൂർ പാർട്ടി ചട്ടക്കൂടിനുള്ളിൽ നിന്നാണ് പ്രവർത്തിച്ചത്. അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ ആർക്കും കഴിയില്ല. തരൂരിന്‍റെ കഴിവാണ് പാർട്ടിയുടെ സമ്പത്തെന്നും തരൂരും സംഘടനയും ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോട്ടയം ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ തരൂര്‍ പങ്കെടുത്തത് ഏറെ വിവാദമായിരുന്നു. പരിപാടിയെ കുറിച്ച് ഔദ്യോഗികമായി അറിയിച്ചില്ലെന്നും പാര്‍ട്ടിയുടെ ചട്ടക്കൂട് മറികടന്ന് ശശി തരൂര്‍ പ്രവര്‍ത്തിക്കുകയാണെന്നും കോണ്‍ഗ്രസ് കോട്ടയം ജില്ല നേതൃത്വം ആരോപിച്ചിരുന്നു.

അതേസമയം സംസ്ഥാനത്തെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെയും ഡിവൈഎഫ്‌ഐയെയും സുധാകരന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. 'സ്‌കൂൾ കുട്ടികൾ പോലും മയക്കുമരുന്നിന് അടിമകളാണ്. ലഹരി വിൽപനക്കാരെ കണ്ടെത്തി നടപടിയെടുക്കാൻ പൊലീസിന് കഴിയുന്നില്ല. സംസ്ഥാനത്തെ ലഹരി ഉപയോഗ വ്യാപനത്തിന് പിന്നിൽ ഡിവൈഎഫ്ഐ ആണ്. സിപിഎം തടവുകാരുള്ള ജയിലുകളിലും ലഹരി ഉപയോഗിക്കുന്നുണ്ട്. കോൺഗ്രസ് സംസ്ഥാനതല ലഹരിവിരുദ്ധ കാമ്പയിൻ നടത്തും' - കെ സുധാകരന്‍ പറഞ്ഞു.

കാർഷിക മേഖലയുടെ സംരക്ഷണത്തിന് കോൺഗ്രസ് പ്രക്ഷോഭം ആരംഭിക്കുമെന്നും വിളകളുടെ വില വർധിപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിയുടെ പുനഃസംഘടന എഐസിസി അംഗീകരിച്ചതായും മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. കൊച്ചിയിൽ കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.